വടക്കന്‍ ആഫ്രിക്കയിലും മധ്യപൂര്‍വ്വദേശങ്ങളിലും കുട്ടികള്‍ കടുത്ത ദുരിതങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്ന്  യൂണിസെഫ് 

 
UNICEF

വത്തിക്കാന്‍സിറ്റി: വടക്കന്‍ ആഫ്രിക്കയിലും മധ്യപൂര്‍വ്വദേശങ്ങളിലും കുട്ടികള്‍ കടുത്ത ദുരിതങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ്. 

ഈ പ്രദേശങ്ങളില്‍ ഓരോ അഞ്ചു സെക്കന്റിലും ഓരോ കുടിവീതം സ്വഭവനം വിട്ടിറങ്ങാന്‍ നിര്‍ബന്ധിതനാകുന്നുണ്ടെന്നും, ഓരോ പതിനഞ്ചു മിനിട്ടിലും സംഘര്‍ഷഭരിതമേഖലകളില്‍ ഓരോ കുട്ടി വീതം കൊല്ലപ്പെടുകയോ അംഗഭംഗത്തിന് വിധേയനാവുകയോ ചെയ്യുന്നുണ്ടെന്നും ജൂലൈ 1 ചൊവ്വാഴ്ച പുറത്തുവിട്ട പത്രക്കുറിപ്പിലൂടെ യൂണിസെഫ് അറിയിച്ചു.

പശ്ചിമേഷ്യയിലും വടക്കന്‍ ആഫ്രിക്കയിലും സംഘര്‍ഷങ്ങള്‍ ഉള്ള മേഖലകളിലാണ് രണ്ടിലൊന്ന് കുട്ടികളും ജീവിക്കുന്നതെന്നും, ഏതാണ്ട് പതിനൊന്ന് കോടിയോളം കുട്ടികളാണ് ഇത്തരം ദുരിതമേഖലകളില്‍ കഴിയാന്‍ നിര്‍ബന്ധിതരാകുന്നതെന്നും യൂണിസെഫ് അറിയിച്ചു. ഈ പ്രദേശങ്ങളില്‍ ഏതാണ്ട് ഒന്നേകാല്‍ കോടിയോളം കുട്ടികള്‍ ഭവനരഹിതരായി ക്യാമ്പുകളില്‍ കഴിയുന്നുണ്ടെന്ന് ശിശുക്ഷേമനിധി വിശദീകരിച്ചു.

സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുന്ന വടക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലും മധ്യപൂര്‍വ്വദേശങ്ങളിലുമായി കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ ഏതാണ്ട് നാല്പതിനായിരത്തോളം കുട്ടികള്‍ അംഗഭംഗത്തിനിരയായെന്നും ഇരുപതിനായിരത്തോളം കുട്ടികള്‍ കൊല്ലപെട്ടുവെന്നും യൂണിസെഫ് തങ്ങളുടെ പത്രക്കുറിപ്പില്‍ എഴുതി. 

2025-ല്‍ മാത്രം ഈ പ്രദേശങ്ങളില്‍ ഏതാണ്ട് നാലരക്കോടിയോളം കുട്ടികള്‍ക്ക് മാനവികസഹായം ആവശ്യമായി വരുമെന്ന് അറിയിച്ച ശിശുക്ഷേമനിധി, കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളില്‍ ഈ മേഖലയില്‍ നാല്‍പത്തിയൊന്ന് ശതമാനം വളര്‍ച്ചയാണുണ്ടായിരിക്കുന്നതെന്ന് വ്യക്തമാക്കി.

സംഘര്‍ഷഭരിതമേഖലകളിലെ കുട്ടികളുടെ അവസ്ഥ കൂടുതല്‍ ഗുരുതരമായി വരുന്ന ഇക്കാലത്ത് സാമ്പത്തികരംഗത്ത് വലിയ പ്രതിസന്ധിയാണ് യൂണിസെഫ് നേരിടുന്നതെന്ന് സമിതി വ്യക്തമാക്കി. 

വടക്കന്‍ ആഫ്രിക്കന്‍ മേഖലയിലും മധ്യപൂര്‍വ്വദേശങ്ങളിലും സംഘര്‍ഷങ്ങള്‍ അവസാനിക്കട്ടെയെന്നും, ഇതിനായുള്ള ശ്രമങ്ങള്‍ തുടരട്ടെയെന്നും ആശംസിച്ച യൂണിസെഫ്, ദുര്‍ബലരായ കുട്ടികള്‍ക്കായുള്ള പിന്തുണ വര്‍ദ്ധിപ്പിക്കേണ്ടതുണ്ടെന്ന് ഓര്‍മ്മിപ്പിച്ചു.

Tags

Share this story

From Around the Web