സർക്കാർ ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങളെയും നിരീക്ഷണങ്ങളെയും അവഗണിച്ച് നിക്കരാഗ്വയിൽ വിശുദ്ധവാര ചടങ്ങുകളിൽ പങ്കുചേർന്ന് ജനലക്ഷങ്ങൾ
സർക്കാർ ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങളെയും നിരീക്ഷണങ്ങളെയും അവഗണിച്ച് നിക്കരാഗ്വയിൽ വിശുദ്ധവാര ചടങ്ങുകളിൽ പങ്കുചേർന്ന് ജനലക്ഷങ്ങൾ.
മതപരമായ ഘോഷയാത്രകൾക്കും പൊതുസമ്മേളനങ്ങൾക്കും ഡാനിയൽ ഒർട്ടേഗയുടെ നേതൃത്വത്തിലുള്ള ഭരണകൂടം വിലക്കേർപ്പെടുത്തിയിരുന്നെങ്കിലും, പള്ളികൾക്കുള്ളിൽ നടന്ന പ്രാർഥനകളിൽ വിശ്വാസികളുടെ വൻ പങ്കാളിത്തമാണ് ദൃശ്യമായതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
സുരക്ഷാകാരണങ്ങൾ ചൂണ്ടിക്കാട്ടി തെരുവുകളിലെ പരമ്പരാഗത ഈസ്റ്റർ ഘോഷയാത്രകൾക്ക് സർക്കാർ അനുമതി നിഷേധിച്ചിരുന്നു.
എന്നാൽ, വിശ്വാസികൾ പള്ളികൾക്കുള്ളിലും മുറ്റത്തുമായി നിന്ന് ചടങ്ങുകൾ ഭക്തിപൂർവം പൂർത്തിയാക്കി.
രാജ്യത്തെ പ്രധാന ദൈവാലയങ്ങൾക്കു മുന്നിൽ പൊലീസിനെ വൻതോതിൽ വിന്യസിച്ചിരുന്നു. പ്രാർഥനയ്ക്ക് എത്തുന്നവരെ നിരീക്ഷിക്കാനും ഭയപ്പെടുത്താനുമുള്ള നീക്കമാണിതെന്ന് മനുഷ്യാവകാശ സംഘടനകൾ ആരോപിച്ചു. അതേസമയം, പള്ളികളിലെത്തുന്നവരുടെ ദൃശ്യങ്ങൾ പൊലീസ് പകർത്തിയതായും റിപ്പോർട്ടുകളുണ്ട്.
നിയന്ത്രണങ്ങൾ കടുക്കുമ്പോഴും തങ്ങളുടെ വിശ്വാസം പ്രകടിപ്പിക്കാൻ ലഭിക്കുന്ന അവസരമായിട്ടാണ് ജനങ്ങൾ ഇതിനെ കാണുന്നത്.
“ഞങ്ങൾ ഭയപ്പെടുന്നില്ല. ക്രിസ്തുവിനോടൊപ്പം പ്രാർഥിക്കാനാണ് ഞങ്ങൾ ഇവിടെ എത്തിയത്” എന്ന് ഒരു വിശ്വാസി പ്രതികരിച്ചു.
നിക്കരാഗ്വയിൽ കത്തോലിക്കാ സഭയും ഒർട്ടേഗ സർക്കാരും തമ്മിലുള്ള ബന്ധം ഏറെ നാളായി വഷളായിക്കൊണ്ടിരിക്കുകയാണ്. സഭാനേതാക്കളെ ജയിലിലടയ്ക്കുന്നതും നാടുകടത്തുന്നതും തുടർച്ചയായ സംഭവങ്ങളായി മാറിയിരിക്കുന്നു.