യേശുക്രിസ്തുവിന്റെ ബാല്യകാലം ചെലവഴിച്ച നസ്രേത്തില്‍ മംഗളവാര്‍ത്താ തിരുനാളിനിടെ വ്യോമാക്രമണ സൈറണ്‍ മുഴങ്ങി
യേശുക്രിസ്തുവിന്റെ ബാല്യകാലം ചെലവഴിച്ച നസ്രേത്തില്‍ മംഗളവാര്‍ത്താ തിരുനാളിനിടെ വ്യോമാക്രമണ സൈറണ്‍ മുഴങ്ങി.
നസ്രേത്തിലെ ബസിലിക്ക ഓഫ് ദി അനൗണ്‍സിയേഷനില്‍ കര്‍ദിനാള്‍ പിയര്‍ബാറ്റിസ്റ്റ പിസബല്ലയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബാന നടക്കുമ്പോഴാണ് അപായ സൈറണുകള്‍ മുഴങ്ങിയത്.
തിരുക്കര്‍മ്മങ്ങളുടെ ഭാഗമായി കര്‍ദിനാള്‍ വചനസന്ദേശം നല്‍കിക്കൊണ്ടിരുന്ന സമയത്താണ് സൈറണ്‍ മുഴങ്ങിയത്. ഇസ്രായേലും ഇറാനും തമ്മിലുള്ള പ്രാദേശിക സംഘര്‍ഷങ്ങളെത്തുടര്‍ന്ന് മേഖലയില്‍ അതീവ ജാഗ്രത നിലനില്‍ക്കുന്ന സാഹചര്യത്തിലായിരുന്നു ഈ സംഭവം.
സൈറണ്‍ മുഴങ്ങിയതോടെ കര്‍ദിനാള്‍ തന്റെ പ്രസംഗം അല്പനേരത്തേക്ക് നിര്‍ത്തിവെച്ചു. എന്നാല്‍ കര്‍ദിനാളോ പള്ളിയിലുണ്ടായിരുന്ന വിശ്വാസികളോ പരിഭ്രാന്തരായി പുറത്തേക്ക്ഓടിയില്ല. സൈറണ്‍ മുഴങ്ങിക്കൊണ്ടിരുന്ന സമയത്ത് തന്നെ കര്‍ദിനാളിന്റെ പ്രസംഗത്തിന്റെ അറബിക് പരിഭാഷ വായിച്ചു തീര്‍ത്തു.
സൈറണ്‍ നിലച്ചതോടെ കര്‍ദിനാള്‍ പിസബല്ല യാതൊരു തടസ്സവുമില്ലാതെ തന്റെ വചനസന്ദേശം തുടരുകയും ചെയ്തു. തിരുക്കര്‍മ്മങ്ങള്‍ സുരക്ഷിതമായി പൂര്‍ത്തിയാക്കിയതായും പള്ളിക്ക് നാശനഷ്ടങ്ങളോ ആര്‍ക്കെങ്കിലും പരിക്കോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും സഭാ അധികൃതര്‍ അറിയിച്ചു.
അതേസമയം മംഗളവാര്‍ത്ത നടന്ന സ്ഥലമെന്ന് വിശ്വസിക്കപ്പെടുന്ന നസ്രേത്തിലെ പുണ്യഭൂമിയില്‍ വെച്ചുതന്നെ ഇത്തരമൊരു സംഭവം നടന്നത് വിശ്വാസികള്‍ക്കിടയില്‍ വലിയ ഭീതി ഉണര്‍ത്തിയിട്ടുണ്ട്. മേഖലയിലെ സമാധാനത്തിനായി കര്‍ദിനാള്‍ ആഹ്വാനം ചെയ്തു.
സമീപ ആഴ്ചകളില്‍ വടക്കന്‍ ഇസ്രായേലില്‍ ഇത്തരത്തിലുള്ള നിരവധി സുരക്ഷാ മുന്നറിയിപ്പുകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും, വിശ്വാസ തീക്ഷ്ണതയോടെ തിരുനാള്‍ ആഘോഷങ്ങള്‍ തുടരുകയാണ്.