മെക്‌സിക്കോയില്‍ സമാധാനത്തിനായും അക്രമത്തിനിരയായവരുടെ ഓര്‍മ്മയ്ക്കായും പള്ളിമണികള്‍ മുഴങ്ങും
മെക്‌സിക്കോയില്‍ വര്‍ധിച്ചുവരുന്ന അക്രമങ്ങളില്‍ ഇരയായവരെ അനുസ്മരിക്കുന്നതിനും രാജ്യത്ത് സമാധാനം സ്ഥാപിക്കുന്നതിനുമായി ജൂണ്‍ 20-ന് കത്തോലിക്കാ ദൈവാലയങ്ങളില്‍ പള്ളിമണികള്‍ മുഴങ്ങും.
നാല് വര്‍ഷം മുമ്പ് കൊല്ലപ്പെട്ട ജെസ്യൂട്ട് പുരോഹിതന്മാരായ ഫാ. ജാവിയര്‍ കാമ്പോസ് മൊറാലസ്, ഫാ. ജോക്വിന്‍ സീസര്‍ മോറ സലാസര്‍ എന്നിവരുടെ ഓര്‍മ്മ പുതുക്കുന്നതിന്റെ ഭാഗമായാണ് ഈ ആചരണം നടത്തുന്നത്.
2022 ജൂണ്‍ 20-നായിരുന്നു മെക്‌സിക്കന്‍ സംസ്ഥാനമായ ചിഹുവാഹുവയിലെ സെറോകഹുയി ഗ്രാമത്തിലെ പള്ളിക്കുള്ളില്‍ വച്ച് ഇരു വൈദികരും കൊല്ലപ്പെട്ടത്.
ഒരു ക്രിമിനല്‍ പിന്തുടര്‍ന്ന് വധിക്കാന്‍ ശ്രമിച്ച വ്യക്തിക്ക് സംരക്ഷണം നല്‍കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു പുരോഹിതന്മാര്‍ക്ക് നേരെ ആക്രമണമുണ്ടായത്. ആക്രമണത്തില്‍ ആ വ്യക്തിയും കൊല്ലപ്പെട്ടിരുന്നു.
ജൂണ്‍ 14-ന് പുറത്തിറക്കിയ പ്രസ്താവനയില്‍, 'നാഷണല്‍ ഡയലോഗ് ഫോര്‍ പീസ്' (സമാധാനത്തിനായുള്ള ദേശീയ കൂട്ടായ്മ) ജൂണ്‍ 20-ന് വീടുകള്‍, സ്‌കൂളുകള്‍, തൊഴിലിടങ്ങള്‍ എന്നിവയുടെ വാതിലുകളില്‍ വെള്ള റിബണോ പതാകയോ സ്ഥാപിക്കാന്‍ ജനങ്ങളോട് ആവശ്യപ്പെട്ടു.
സമാധാനം, ചര്‍ച്ച, അനുരഞ്ജനം, പ്രത്യാശ എന്നിവയോടുള്ള പ്രതിബദ്ധത പരസ്യമായി പ്രകടിപ്പിക്കുന്നതിനാണ് ഇത്.
''സമൂഹത്തിന്റെ എല്ലാ മേഖലകളിലും സമാധാനം കെട്ടിപ്പടുക്കുന്നതിനും, ഇന്നത്തെ മെക്‌സിക്കോയ്ക്ക് ആവശ്യമായ ഒരു മികച്ച സമൂഹ രൂപീകരണത്തിനായി നമ്മുടെ പ്രതിബദ്ധത പുതുക്കുന്നതിനുമുള്ള ആഹ്വാനമെന്നോണം ജൂണ്‍ 20-ന് ഉച്ചയ്ക്ക് 3:00 മണിക്ക് പള്ളിമണികള്‍ മുഴക്കണം,'' എന്നും കൂട്ടായ്മ അഭ്യര്‍ഥിച്ചു.
ജെസ്യൂട്ട് പുരോഹിതന്മാരുടെ കൊലപാതകത്തെ തുടര്‍ന്നാണ് മെക്‌സിക്കോയിലെ കത്തോലിക്കാ സഭയുടെ മുന്‍കൈയില്‍ 'നാഷണല്‍ ഡയലോഗ് ഫോര്‍ പീസ്' രൂപീകരിച്ചത്.
മെക്‌സിക്കന്‍ എപ്പിസ്‌കോപ്പല്‍ കോണ്‍ഫറന്‍സ് (ഇഋങ), എപ്പിസ്‌കോപ്പല്‍ ഡൈമന്‍ഷന്‍ ഫോര്‍ ദി ലെയ്റ്റി, കോണ്‍ഫറന്‍സ് ഓഫ് മേജര്‍ സുപ്പീരിയേഴ്‌സ് ഓഫ് റിലീജിയസ് ഓഫ് മെക്‌സിക്കോ (ഇകഞങ), സൊസൈറ്റി ഓഫ് ജീസസ് (ജെസ്യൂട്ട്‌സ്) എന്നിവര്‍ ചേര്‍ന്നാണ് ഇതിന് നേതൃത്വം നല്‍കുന്നത്.