മലപ്പുറത്തും വിദ്യാർഥിനികളുടെ ചിത്രം വ്യാപകമായി മോർഫ് ചെയ്ത് പ്രചരിപ്പിക്കുന്നതായി പരാതി. ഇതിനോടകം 12 കോളേജുകളിൽ നിന്നാണ് പരാതി ഉയർന്നിരിക്കുന്നത്
മലപ്പുറം: കൊച്ചിക്കും കോട്ടയത്തിനും പിന്നാലെ മലപ്പുറത്തും വിദ്യാർഥിനികളുടെ ചിത്രം വ്യാപകമായി മോർഫ് ചെയ്ത് പ്രചരിപ്പിക്കുന്നതായി പരാതി. ഇതിനോടകം 12 കോളേജുകളിൽ നിന്നാണ് പരാതി ഉയർന്നിരിക്കുന്നത്.
പൊലീസിൽ പരാതി നൽകിയെങ്കിലും ഇതുവരെയും ആരെയും പിടികൂടിയിട്ടില്ല. അന്വേഷണത്തിനായി മലപ്പുറം ഡിവൈഎസ്പിയെ ചുമതലപ്പെടുത്തി.
മലപ്പുറത്തെ കോളേജുകളിലെ വിദ്യാർഥിനികളുടെ ചിത്രം വ്യാപകമായി മോർഫ് ചെയ്ത് പ്രചരിപ്പിക്കുകയാണ്.
നിരവധി പരാതികളാണ് സ്റ്റേഷനുകളിൽ ലഭിച്ചിട്ടുള്ളത്. എന്നാൽ ഒന്നിനും ഇതുവരെ പരിഹാരമായില്ല.
ഓണ പരിപാടിയുമായി ബന്ധപ്പെട്ടുള്ള റീൽ പങ്കുവെച്ചതിന് താഴെ തങ്ങളുടെ മോർഫ് ചെയ്ത ചിത്രങ്ങൾ പങ്കുവെയ്ക്കുകയും ബ്ലോക്ക് ചെയ്ത് കമന്റ് നീക്കം ചെയ്തിട്ടും മറ്റ് ഐഡികളിലൂടെ കമന്റ് ചെയ്യുന്നത് ആവർത്തിച്ചുവെന്ന് വിദ്യാർഥിനി വെളിപ്പെടുത്തി.
കൂടാതെ കോളേജ് ഗ്രൂപ്പുകളിലും മറ്റും വ്യാപകമായി ചിത്രം പങ്കുവെയ്ക്കുകയാണുണ്ടായതെന്നും വിദ്യാർഥിനി കൂട്ടിച്ചേർത്തു.
നിരവധി വിദ്യാർഥിനികൾ ഇത്തരത്തിൽ തങ്ങളുടെ മോശം അനുഭവം പങ്കുവെയ്ക്കുകയും ചെയ്തു.
ഓണാഘോഷവുമായി ബന്ധപ്പെട്ട് എടുത്ത ചിത്രങ്ങളാണ് വ്യാപകമായി ഇത്തരത്തിൽ ദുരുപയോഗം ചെയ്തിരിക്കുന്നത്.
ലക്ഷ്മി അച്ചു എന്ന ഫേക്ക് ഐഡിയിലൂടെയാണ് മോർഫ് ചെയ്ത ചിത്രം ആദ്യം പ്രത്യക്ഷപ്പെട്ടത്. ഉടൻ സൈബർ സെല്ലിൽ പരാതി നൽകി.
ഇതിനെ തുടർന്ന് അക്കൗണ്ടും ചിത്രങ്ങളും നീക്കം ചെയ്തുവെങ്കിലും ഉടനെ തന്നെ അടുത്ത ഫേക്ക് ഐഡി പ്രത്യക്ഷപ്പെടുകയും ചിത്രങ്ങൾ പ്രചരിക്കുകയും ചെയ്തു.
അരീക്കോട്, പൊന്നാനി മേഖലകളിൽ നിന്നാണ് പരാതികൾ ഉയർന്നതെങ്കിലും വൈകാതെ ജില്ലകളിൽ ഒന്നാകെ വ്യാപിച്ചതോടെ അന്വേഷണം മലപ്പുറം ഡിവൈഎസ്പിക്ക് കൈമാറുകയായിരുന്നു.
സാമ്പത്തിക ഇടപാടാണ് ഇത്തരത്തിൽ മോർഫ് ചെയ്ത് പ്രചരിക്കുന്നതിന് പിന്നിലെന്നാണ് വിവരം.