കഴിഞ്ഞ ജൂണ്‍ മാസത്തില്‍ വിയറ്റ്‌നാമില്‍ പുതുതായി തിരുപ്പട്ടം സ്വീകരിച്ചത് നാല്‍പ്പതോളം നവവൈദികര്‍

ഹോ ചി മിന്‍ സിറ്റി: യേശുവിന്റെ തിരുഹൃദയത്തിന് പ്രത്യേകം പ്രതിഷ്ഠിക്കപ്പെട്ടിരിന്ന കഴിഞ്ഞ ജൂണ്‍ മാസത്തില്‍ വിയറ്റ്‌നാമില്‍ പുതുതായി തിരുപ്പട്ടം സ്വീകരിച്ചത് നാല്‍പ്പതോളം നവവൈദികര്‍. വിവിധ രൂപതകളിലായാണ് ഇത്രയും തിരുപ്പട്ട സ്വീകരണം നടന്നത്.
യേശുവിന്റെ തിരുഹൃദയ തിരുനാളും വൈദികരുടെ വിശുദ്ധീകരണ ദിനവുമായി ആചരിച്ച ജൂണ്‍ 27ന്, ഹോ ചി മിന്‍ സിറ്റി അതിരൂപതയ്ക്കു വേണ്ടി മാത്രം 21 നവവൈദികരാണ് തിരുപ്പട്ടം സ്വീകരിച്ചത്.
നാങ് രൂപതയില്‍ ആറ് ഡീക്കന്മാരാണ് തിരുപ്പട്ടം സ്വീകരിച്ചത്. ജൂണ്‍ 24ന് കത്തീഡ്രല്‍ ദേവാലയത്തിലെ നിരവധി വിശ്വാസികളുടെ സാന്നിധ്യത്തില്‍ നടത്തിയ സ്ഥാനാരോഹണ ദിവ്യബലിയില്‍ ഹുയേയിലെ ആര്‍ച്ച് ബിഷപ്പും ഡാ നാങ്ങിലെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററുമായ ആര്‍ച്ച് ബിഷപ്പ് ജോസഫ് ഡാങ് ഡക് എന്‍ഗാന്‍ മുഖ്യകാര്‍മ്മികനായി.
തങ്ങള്‍ക്കുവേണ്ടി ജീവിക്കാനല്ല, മറ്റൊരു ക്രിസ്തുവാകാനാണ് നവവൈദികര്‍ വിളിക്കപ്പെട്ടിരിക്കുന്നതെന്നും എല്ലാവര്‍ക്കും എല്ലാമാകാനാണ് നിയോഗിക്കപ്പെട്ടിരിക്കുന്നതെന്നും പറഞ്ഞു.
ജൂണ്‍ 25ന് കാന്‍ തോ രൂപതയിലെ സോക് ട്രാങ് കത്തീഡ്രലില്‍വെച്ച് ബിഷപ്പ് പീറ്റര്‍ ലെ ടാന്‍ ലോയ് 13 പുതിയ ഡീക്കന്മാര്‍ക്ക് തിരുപ്പട്ടം നല്‍കിയിരിന്നു. ബാ റിയ രൂപതയിലെ ഔവര്‍ ലേഡി ഓഫ് ബായ് ഡൗ ദേവാലയത്തില്‍, ബിഷപ്പ് ഇമ്മാനുവല്‍ ന്യൂയെന്‍ ഹോങ് സണ്‍ ജൂണ്‍ 27ന് ആറ് ഡീക്കന്മാര്‍ക്ക് തിരുപ്പട്ടം നല്‍കി. വിയറ്റ്‌നാമില്‍ ഏകദേശം 93 ദശലക്ഷം ജനങ്ങളാണുള്ളത്. ഇതില്‍ ഏകദേശം 6.8 ദശലക്ഷം, അതായത് ജനസംഖ്യയുടെ 7.4% കത്തോലിക്ക വിശ്വാസികളാണ്.