ജന്മനാട്ടില്‍ ഫാ. സ്റ്റാന്‍ സ്വമിയുടെ സ്മാരകം അനാച്ഛാദനം ചെയ്തു

ട്രിച്ചി (തമിഴ്നാട്): ജാര്‍ഖണ്ഡിലെ ശബ്ദമില്ലാത്തവരുടെ ശബ്ദമായിരുന്ന ഫാ. സ്റ്റാന്‍ സ്വാമിക്ക് ജന്മനാട്ടില്‍ സ്മാരകം ഒരുങ്ങി. തമിഴ്നാട്ടിലെ ട്രിച്ചി ജില്ലയിലെ ലാല്‍ഗുഡിക്കടുത്തുള്ള വിരുഗലൂരില്‍ ഫാ. സ്റ്റാന്‍ സ്വാമിയുടെ പ്രതിമ കനിമൊഴി എംപി അനാച്ഛാദനം ചെയ്തു.
സ്റ്റാന്‍ സ്വാമി പീപ്പിള്‍സ് ഫെഡറേഷന്‍ സംഘടിപ്പിച്ച ചടങ്ങില്‍ രാഷ്ട്രീയ നേതാക്കളും മനുഷ്യാവകാശപ്രവര്‍ത്തകരും സാധാരണക്കാരായ നൂറുകണക്കിന് ഗ്രാമീണരും പങ്കെടുത്തു. ഗ്രാമത്തിന്റെ ശാന്തമായ അന്തരീക്ഷത്തില്‍ അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ നിറഞ്ഞുനിന്ന സമ്മേളനം ഏറെ വികാരഭരിതമായിരുന്നു. നാടോടി ഗാനങ്ങള്‍ കൊണ്ട് അന്തരീക്ഷം മുഖരിതമായി.
നീതി, സ്വാതന്ത്ര്യം തുടങ്ങി ഫാ. സ്റ്റാന്‍ ഉയര്‍ത്തിപ്പിടിച്ച ലക്ഷ്യങ്ങള്‍ക്കുള്ള പിന്തുണ നല്‍കണമെന്ന് ആഹ്വാനം ചെയ്യുന്ന നിരവധി പ്രമേയങ്ങള്‍ സമ്മേളനത്തില്‍ അംഗീകരിച്ചു.
ആദിവാസികള്‍ക്കുവേണ്ടി ഫാ. സ്റ്റാന്‍ സ്വാമി നടത്തിയ ഇടപെടലുകള്‍ സമൂഹത്തിന്റെ ശ്രദ്ധയിലേക്കുകൊണ്ടുവന്ന സാംസ്‌കാരിക പരിപാടിയോടെയാണ് സമ്മേളനം സമാപിച്ചത്. അനേകര്‍ കണ്ണീര്‍ തുടച്ചുകൊണ്ടാണ് സമ്മേളന സ്ഥലത്തുനിന്നും മടങ്ങിയത്.