ഗാസയില്‍, ഭക്ഷണം കാത്തുനിന്ന ആയിരത്തിലധികം പേരെ 2 മാസത്തിനുള്ളില്‍ ഇസ്രയേല്‍ കൊലപ്പെടുത്തിയെന്ന് അന്താരാഷ്ട്ര സംഘടനകള്‍
 

 
GAZA

ഗാസ: ഗാസയില്‍ കൂട്ട പട്ടിണിയാണെന്ന് വീണ്ടും മുന്നറിയിപ്പ് നല്‍കി മനുഷ്യാവകാശ സംഘടനകള്‍. നൂറിലധികം മനുഷ്യാവകാശ സംഘടനകളും സഹായ സംഘടനകളുമാണ് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്.

വിഷയത്തില്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരുകളോട് സംഘടനകള്‍ ആഹ്വാനം ചെയ്തു. സഹായങ്ങള്‍ പാഴായിപ്പോകുന്നുവെന്ന് മെഡിക്കല്‍ ഹ്യുമാനിറ്റേറിയന്‍ ഓര്‍ഗനൈസേഷന്‍  സേവ് ദ ചില്‍ഡ്രന്‍ ആന്‍ഡ് ഓക്‌സ്ഫാം തുടങ്ങിയ സംഘടനകള്‍ സംയുക്തമായി ഒപ്പുവെച്ച പ്രസ്താവനയില്‍ പറയുന്നു.

കഴിഞ്ഞ 24 മണിക്കൂറായി പോഷകാഹാരക്കുറവ് മൂലം 10 പലസ്തീനികള്‍ മരിച്ചെന്ന റിപ്പോര്‍ട്ടിന് പിന്നാലെയാണ് സംഘടനകള്‍ മുന്നറിയിപ്പുമായി രംഗത്തെത്തിയത്. പലസ്തീന്‍ ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക് പ്രകാരം ഞായറാഴ്ച മുതല്‍ 43 പേരാണ് പോഷകാഹാരക്കുറവ് മൂലം മാത്രം മരിച്ചത്. 'കുട്ടികളിലും പ്രായമായവരിലും വലിയ പോഷകാഹാരക്കുറവുണ്ടെന്ന് ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

രൂക്ഷമായ വയറിളക്കം പോലുള്ള രോഗങ്ങള്‍ പടരുന്നു. തെരുവുകളില്‍ മാലിന്യം കൂടുന്നു. വിശപ്പും നിര്‍ജലീകരണവും കാരണം മുതിര്‍ന്നവര്‍ തെരുവുകളില്‍ വീഴുന്നു', സംഘടനകള്‍ പറയുന്നു.

അമേരിക്കയുടെയും ഇസ്രയേലിന്റെയും സഹായമുള്ള ഗാസ ഹ്യുമാനിറ്റേറ്യന്‍ ഫൗണ്ടേഷന്‍  മെയ് 27 മുതല്‍ സഹായ വിതരണം ആരംഭിച്ചതിന് ശേഷം ഭക്ഷണത്തിന് കാത്തുനിന്ന 1050ലധികം പേരെയാണ് ഇസ്രയേല്‍ കൊലപ്പെടുത്തിയതെന്ന് യുഎന്നിനെ ഉദ്ധരിച്ച് സംഘടനകള്‍ പറയുന്നു.

ജിഎച്ച്എഫിന്റെ സഹായ വിതരണ കേന്ദ്രത്തിന് സമീപത്ത് നിന്നും 766 പേരും മറ്റ് സംഘടനകളുടെ വിതരണ കേന്ദ്രത്തിന് സമീപത്ത് നിന്ന് 288 പേരുമാണ് കൊല്ലപ്പെട്ടത്.

Tags

Share this story

From Around the Web