യൂറോപ്പിലെ വിവിധ രാജ്യങ്ങളിലായി ദിനം പ്രതി 240 കുട്ടികള്‍ വീതം ദാരിദ്ര്യത്തിന്റെ പിടിയിലമരുകയാണെന്ന് സേവ് ദി ചില്‍ഡ്രന്‍ അന്താരാഷ്ട്രസംഘടന

യൂറോപ്പ്: യൂറോപ്പിലെ വിവിധ രാജ്യങ്ങളിലായി ദിനം പ്രതി 240 കുട്ടികള്‍ വീതം ദാരിദ്ര്യത്തിന്റെ പിടിയിലമരുകയാണെന്ന് സേവ് ദി ചില്‍ഡ്രന്‍ അന്താരാഷ്ട്രസംഘടന.
ഒക്ടോബര്‍ 14 ചൊവ്വാഴ്ച പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലൂടെയാണ് യൂറോപ്പ് നേരിടുന്ന ഈ പ്രതിസന്ധിയെക്കുറിച്ച്, ലോകമെമ്പാടും കുട്ടികളുടെ അവകാശങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ഈ സംഘടന പ്രസ്താവന നടത്തിയത്.
ഇറ്റലിയിലെ സാമൂഹ്യസ്ഥിതിവിവരക്കണക്കുകള്‍ക്കായുള്ള പ്രസ്ഥാനം പുറത്തുവിട്ട വിവരമനുസരിച്ച് 2014-ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന ബാലദാരിദ്ര്യനിരക്കാണ് യൂറോപ്പില്‍ നിലനില്‍ക്കുന്നതെന്ന് സേവ് ദി ചില്‍ഡ്രന്‍ വ്യക്തമാക്കി. ഈയൊരു പ്രതികൂലാവസ്ഥയെ മറികടക്കാന്‍ തന്ത്രപരമായ ഇടപെടലുകള്‍ ആവശ്യമുണ്ടെന്ന് സംഘടന ഓര്‍മ്മിപ്പിച്ചു.
കഴിഞ്ഞ അഞ്ചുവര്‍ഷങ്ങളിലായി ഏതാണ്ട് നാലര ലക്ഷത്തോളം കുട്ടികളാണ് യൂറോപ്പില്‍ ദാരിദ്ര്യമനുഭവിക്കുന്നതെന്ന് സേവ് ദി ചില്‍ഡ്രന്‍ അറിയിച്ചു.
2030-നുള്ളില്‍, ദാരിദ്ര്യത്തിന്റെ പിടിയിലായ കുട്ടികളുടെ എണ്ണം 5 കോടിയെങ്കിലും കുറയ്ക്കുക എന്ന ലക്ഷ്യമാണ് യൂറോപ്പ് മുന്നോട്ട് വച്ചിരുന്നതെന്ന് സംഘടന ഓര്‍മ്മിപ്പിച്ചു.
യൂറോപ്പില്‍ ദാരിദ്ര്യമനുഭവിക്കുന്ന കുട്ടികളുടെ എണ്ണം 2019-ല്‍ ഒരുകോടി തൊണ്ണൂറ്റിയൊന്ന് ലക്ഷമായിരുന്നെങ്കില്‍, ഇന്ന് അത് ഒരുകോടി തൊണ്ണൂറ്റിയഞ്ച് ലക്ഷ്യമായി ഉയര്‍ന്നുവെന്ന്, തങ്ങള്‍ തയ്യാറാക്കിയ 'കുട്ടികള്‍ക്കിടയിലെ ദാരിദ്ര്യം: യൂറോപ്പിന് താങ്ങാനാകാത്ത വില' എന്ന റിപ്പോര്‍ട്ടിലൂടെ സേവ് ദി ചില്‍ഡ്രന്‍ വ്യക്തമാക്കി. ഇതനുസരിച്ച് യൂറോപ്പിലെ നാലിലൊന്ന് കുട്ടികള്‍ ദാരിദ്ര്യത്തിന്റെ ദുരിതഫലങ്ങള്‍ അനുഭവിക്കുന്നുണ്ട്.
ക്രമപ്രകാരം, ബള്‍ഗേറിയ (35.1%), സ്‌പെയിന്‍ (34.6%), റൊമാനിയ (33.8%), ഗ്രീസ് (27.9%), ഇറ്റലി (27.1%) എന്നിവിടങ്ങളിലാണ് കൂടുതല്‍ കുട്ടികള്‍ ദാരിദ്ര്യവും സാമൂഹ്യരംഗത്തുനിന്നുള്ള പിന്തള്ളലും അനുഭവിക്കുന്നത്. ദാരിദ്ര്യം, കുട്ടികളുടെ ശാരീരികാരോഗ്യത്തെ മാത്രമല്ല, സ്‌കൂള്‍ വിദ്യാഭ്യാസം, തൊഴില്‍മേഖല തുടങ്ങിയ വിവിധ മേഖലകളില്‍ പ്രതികൂലാവസ്ഥ സൃഷ്ടിക്കുമെന്ന് സംഘടന ഓര്‍മ്മിപ്പിച്ചു.