ബെല്‍ജിയത്തില്‍ കത്തോലിക്ക വിശ്വാസം സ്വീകരിക്കുവാന്‍ ഒരുങ്ങുന്ന മുതിര്‍ന്നവരുടെ എണ്ണത്തില്‍ 30% വര്‍ദ്ധനവ്
ബ്രസ്സല്‍സ്: യൂറോപ്യന്‍ രാജ്യമായ ബെല്‍ജിയത്തില്‍ കത്തോലിക്ക വിശ്വാസം സ്വീകരിക്കുന്ന മുതിര്‍ന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവ്. ഫെബ്രുവരി 18ന് ബെല്‍ജിയത്തിലെ കത്തോലിക്ക മാധ്യമങ്ങളാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
ഈ വര്‍ഷം മാമോദീസയ്ക്കായി ഒരുങ്ങുന്ന മുതിര്‍ന്നവരുടെ എണ്ണം 689 ആയി ഉയര്‍ന്നതായി സഭാനേതൃത്വം അറിയിച്ചു. 2025 ല്‍ 534 മുതിര്‍ന്നവരാണ് കത്തോലിക്ക വിശ്വാസം സ്വീകരിച്ചത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 30% വര്‍ദ്ധനവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്.
യൂറോപ്പിലെ ഏറ്റവും മതേതര രാജ്യങ്ങളിലൊന്നായി ദീര്‍ഘകാലമായി കണക്കാക്കപ്പെടുന്ന ബെല്‍ജിയത്തില്‍ മുതിര്‍ന്ന ആളുകള്‍ കത്തോലിക്ക വിശ്വാസത്തിലേക്ക് മടങ്ങുന്നുവെന്ന സൂചനയാണ് കണക്കുകള്‍ നല്‍കുന്നത്.
കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ പ്രായപൂര്‍ത്തിയായവരുടെ ജ്ഞാനസ്‌നാന സ്വീകരണത്തില്‍ കുതിച്ചുചാട്ടമുണ്ടായിട്ടുണ്ടെന്ന് പുതിയ കണക്കുകള്‍ സ്ഥിരീകരിക്കുന്നു. 2016 ല്‍ 229 മുതിര്‍ന്നവരാണ് ജ്ഞാനസ്‌നാനം സ്വീകരിച്ചത്. എന്നാല്‍ പത്തു വര്‍ഷങ്ങള്‍ക്ക് ശേഷം മൂന്ന് മടങ്ങ് വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഫ്രാന്‍സ്, നെതര്‍ലാന്‍ഡ്, ജര്‍മ്മനി, ലക്‌സംബര്‍ഗ് എന്നിവയുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യമാണ് ബെല്‍ജിയം. ഏകദേശം 12 ദശലക്ഷം ജനസംഖ്യയുള്ള രാജ്യത്തു പകുതിയോളം പേരും മാമ്മോദീസ സ്വീകരിച്ച കത്തോലിക്ക വിശ്വാസികളാണ്.
2026-ല്‍ ഏറ്റവും കൂടുതല്‍ മുതിര്‍ന്നവരുടെ മാമോദീസ നടക്കുന്നത് ബ്രസ്സല്‍സ് രൂപതയിലാണ്. 152 മുതിര്‍ന്നവരാണ് കത്തോലിക്ക വിശ്വാസം സ്വീകരിക്കാന്‍ ഇവിടെ തയാറെടുക്കുന്നത്.
ജനന നിരക്ക് കുറവുള്ള രാജ്യങ്ങളുടെ നിരയിലാണെങ്കിലും മുതിര്‍ന്നവരുടെ ജ്ഞാനസ്‌നാനത്തിലെ വര്‍ദ്ധനവ് ബെല്‍ജിയത്തിലെ സഭയ്ക്കു പുത്തന്‍ ഉണര്‍വ് പകരുകയാണ്.