സർവ്വശക്തന്റെ മഹത്വത്തെ ചുരുക്കുകയും അവനെ ഒരു വസ്തുവാക്കി മാറ്റുകയും ചെയ്യുന്ന വിഗ്രഹ സംസ്കാരത്തിൽ നിന്നും മോചിപ്പിക്കപ്പെടണം : പാപ്പാ

 
papa

ലത്തീന്‍ ആരാധന ക്രമം നോമ്പുകാലം അഞ്ചാം ശനിയാഴ്ചയിലെ സുവിശേഷ ഭാഗമായ  യോഹന്നാന്റെ സുവിശേഷം പതിനൊന്നാം അധ്യായം 45 മുതല്‍ 57 വരെയുള്ള വചനങ്ങളെ അടിസ്ഥാനമാക്കിക്കൊണ്ടാണ് ലിയോ പതിനാലാമന്‍ പാപ്പാ മൊണാക്കോയിലെ വിശ്വാസികള്‍ക്ക് ദിവ്യബലി മദ്ധ്യേ വചന സന്ദേശം നല്‍കിയത്. 

യേശുവിനെ കൊല്ലുവാന്‍ വേണ്ടി യഹൂദര്‍ തീരുമാനിക്കുന്നത് എന്തുകൊണ്ടാണ്? എന്ന ചോദ്യം ആമുഖമായി പാപ്പാ സുവിശേഷ വെളിച്ചത്തില്‍ ചോദിക്കുന്നുണ്ട്. അതിനു  കാരണം ലാസറിനെ ഉയര്‍പ്പിച്ചുകൊണ്ട് ജീവനിലേക്കു കൂട്ടികൊണ്ടുവന്നതാണെന്നു പാപ്പാ വിശദീകരിക്കുന്നു. 


മരണശിക്ഷയില്‍ നിന്ന് മനുഷ്യകുലത്തെ  മോചിപ്പിക്കുവാന്‍  ലോകത്തിലേക്കു വന്ന യേശു തന്നെ മരണശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരിക്കുന്നു. എന്നാല്‍ ഇത് ഒരു വിധിയല്ല മറിച്ച് വളരെ കൃത്യവും തീരുമാനിച്ചുറപ്പിച്ചതുമായ ഒരു ഇച്ഛാശക്തിയാണെന്നും പാപ്പാ കൂട്ടിച്ചേര്‍ക്കുന്നു.

യഥാര്‍ത്ഥത്തില്‍ ഭയത്തെ അടിസ്ഥാനമാക്കിയുള്ള ഒരു രാഷ്ട്രീയ കണക്കുകൂട്ടലില്‍ നിന്നുമാണ് യേശുവിനെ വധിക്കുവാനുള്ള വിധി കയ്യാഫാസും പ്രമാണികളും ചേര്‍ന്നെടുക്കുന്നതെന്നും ദീര്‍ഘകാലമായി കാത്തിരുന്ന മിശിഹായെ അംഗീകരിക്കുന്നതിന് പകരം ഇക്കൂട്ടര്‍ ക്രിസ്തുവിനെ ഒരു ഭീഷണിയായി കണ്ടുവെന്നും പാപ്പാ പറഞ്ഞു.

   ഭയത്തിന് പിന്നില്‍ അധികാരത്തോടുള്ള ഒരു അടുപ്പമുള്ളതിനാല്‍ ഇക്കൂട്ടര്‍ നിരപരാധികളെ കൊള്ളുമ്പോഴും രക്ഷയുടെ വാഗ്ദാനം ദൈവം വിസ്മരിക്കുന്നില്ലെന്നും പാപ്പാ അടിവരയിട്ടു.

ഒരു വശത്ത് സര്‍വ്വശക്തനായ കര്‍ത്താവും രക്ഷകനുമായി തന്നെ വെളിപ്പെടുത്തുന്ന ദൈവവും മറുവശത്ത് യാതൊരു സംശയവുമില്ലാതെ വധിക്കുവാന്‍ തയ്യാറായി നില്‍ക്കുന്ന  അധികാരികളുടെ രഹസ്യ പ്രവര്‍ത്തനവും ഇങ്ങനെ രണ്ടു വൈരുദ്ധ്യാത്മകമായ സാക്ഷ്യങ്ങളാണ് ഇന്നത്തെ വചന ഭാഗം ഏവരുടെയും വിചിന്തനത്തിനായി നല്കിയിരിക്കുന്നതെന്നു പറഞ്ഞ പാപ്പാ ഉയിര്‍ത്തെഴുന്നേറ്റ ലാസറില്‍ യേശുവിന്റെ പെസഹാരഹസ്യങ്ങളുടെ പ്രവചനവും ഉള്‍ച്ചേര്‍ന്നിരിക്കുന്നുവെന്നു കൂട്ടിച്ചേര്‍ത്തു.

 കാലത്തിന്റെ ആരംഭത്തില്‍ ദൈവം ശൂന്യതയില്‍ നിന്ന് ജീവന്‍ നല്‍കിയതുപോലെ കാലത്തിന്റെ പൂര്‍ണ്ണതയില്‍ അവന്‍ സൃഷ്ടിയെ നശിപ്പിക്കുന്ന മരണത്തില്‍ നിന്ന് സകല ജീവനെയും വീണ്ടെടുക്കുന്നുവെന്നും പാപ്പാ സന്ദേശത്തില്‍ എടുത്തു പറഞ്ഞു.

ഇന്നും ഇപ്രകാരം നിരപരാധികളായ ജീവനുകളെ നശിപ്പിക്കുന്ന പ്രവണത ലോകത്ത് ഉണ്ടെന്നും എന്നാല്‍ തിന്മയുടെ ഈ ശക്തിക്ക് മുന്‍പില്‍ ദൈവത്തിന്റെ നിത്യമായ നീതി എന്നും നിലനില്കുന്നുവെന്നും പാപ്പാ ചൂണ്ടിക്കാണിച്ചു.

 കല്ലറകളില്‍ നിന്ന് നമ്മെ മോചിപ്പിച്ച് കര്‍ത്താവ് നമുക്ക് നവമായ ജീവന്‍ പ്രദാനം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അതിനാല്‍ കരുണയുടെ ഒരു സംസ്‌കാരം വളര്‍ത്തിയെടുക്കുവാനും വലിച്ചെറിയുന്ന സംസ്‌കാരത്തെ കരുണയുടെ സംസ്‌കാരത്താല്‍ തോല്‍പ്പിക്കുവാനും ഫ്രാന്‍സിസ് പാപ്പായുടെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് പാപ്പാ പറഞ്ഞു.

സര്‍വ്വശക്തന്റെ മഹത്വത്തെ ചുരുക്കുകയും അവനെ ഒരു വസ്തുവാക്കി മാറ്റുകയും ചെയ്യുന്ന വിഗ്രഹ സംസ്‌കാരത്തില്‍ നിന്നുമുള്ള മോചനം പ്രാപിക്കുന്നതിന് പാപ്പാ ഏവരെയും ആഹ്വാനം ചെയ്തു.

 'വിഗ്രഹം എന്ന വാക്കിന്റെ അര്‍ത്ഥം 'ചെറിയ ആശയം' എന്നാണ് അതിനാല്‍ വിഗ്രഹാരാധകര്‍ ഹ്രസ്വദൃഷ്ടിയുള്ള ആളുകളാണ്: അവരുടെ കണ്ണുകളെ ആകര്‍ഷിക്കുന്നതും മയക്കുന്നതും മാത്രമാണ് അവര്‍ കാണുകയുള്ളൂ. ഇത് അയല്‍ക്കാരെ ദുരിതത്തിലും ദുഃഖത്തിലും ഉപേക്ഷിക്കുവാനുള്ള പ്രവണത രൂപപ്പെടുത്തുന്നുവെന്നും പാപ്പാ പറഞ്ഞു.

 'തന്നെ ഉയര്‍ത്താന്‍ വിനയത്തിന്റെ ഒരു മാതൃക നല്‍കിയവനെ വിശ്വസിക്കുമ്പോള്‍ മനുഷ്യന്‍ അവരുടെ ആധിപത്യത്തില്‍ നിന്ന് മോചിതനാകുന്നു' എന്ന വിശുദ്ധ അഗസ്റ്റിന്റെ വാക്കുകള്‍ ഉദ്ധരിച്ച പാപ്പാ തിന്മകളുടെ പ്രലോഭനങ്ങളില്‍ ദൈവം  നമ്മെ ഉപേക്ഷിക്കുന്നില്ല എന്ന് എടുത്തുപറഞ്ഞു.

'ഞാന്‍ അവരുടെ വിലാപം ആഹ്ലാദമാക്കി മാറ്റും; അവരെ ദുഃഖമകറ്റി സന്തോഷിപ്പിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്യും.' എന്ന ജെറമിയ പ്രവാചകന്റെ വചനങ്ങള്‍ യുദ്ധത്താല്‍ മുറിവേല്‍ക്കപ്പെട്ട ജനതയ്ക്ക് ആശ്വാസം നല്‍കുമെന്നും പാപ്പാ പറഞ്ഞു.

 അപരനില്‍ സഹോദരനെ ദര്‍ശിക്കുവാനും അവനെ സംരക്ഷിക്കുവാനുമുള്ള കടമയും പാപ്പാ ഓര്‍മ്മപ്പെടുത്തി.

രക്തരൂക്ഷിതമായ യുദ്ധങ്ങള്‍ അധികാരത്തിന്റെയും പണത്തിന്റെയും വിഗ്രഹാരാധനയുടെ ഫലമാണെന്നും അത് ക്രിസ്തുവിന്റെ ശരീരത്തില്‍ ഏല്‍ക്കുന്ന മുറിവുകളാണെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു.

 അതിനാല്‍ ദൈവത്തിന്റെ സമാധാനത്തിലും അനുഗ്രഹത്തിലും ജീവിച്ചുകൊണ്ട് സാക്ഷ്യം വഹിക്കാന്‍ മൊണാക്കോയിലെ സഭ വിളിക്കപ്പെട്ടിരിക്കുന്നുവെന്നും വിശ്വാസത്തില്‍ ഏവര്‍ക്കും സന്തോഷം പ്രദാനം ചെയ്യുവാനും കാരുണ്യ പ്രവൃത്തികളിലൂടെ അത് പ്രകടമാക്കുവാനും ഏവര്‍ക്കും സാധിക്കട്ടെയെന്നും പാപ്പാ ആശംസിച്ചു.

Tags

Share this story

From Around the Web