മനുഷ്യാന്തസ്സിനെ മാനിക്കുന്ന വിധത്തില്‍ അഭയാര്‍ത്ഥികളും കുടിയേറ്റക്കാരുമായ വ്യക്തികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുക: ലിയോ പതിനാലാമന്‍ പാപ്പാ

വത്തിക്കാന്‍:വിവിധ കാരണങ്ങളാല്‍ സ്വന്തം നാട്ടില്‍നിന്ന് അകന്നുമാറി കുടിയേറ്റക്കാരും അഭയാര്‍ത്ഥികളുമായി കഴിയാന്‍ വിധിക്കപ്പെട്ട മനുഷ്യരുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കാനും, നിസംഗതയുടെ ഭാവം വെടിയാനും, കുടിയേറ്റജനതകളിലെ അനേകര്‍ കാണിച്ചുതരുന്ന പ്രത്യാശയുടെ ഉദാഹരണം ഉയര്‍ത്തിക്കാട്ടാനും ആഹ്വാനം ചെയ്ത് ലിയോ പതിനാലാമന്‍ പാപ്പാ.
''നമ്മുടെ പൊതുഭവനത്തിലെ അഭയാര്‍ത്ഥികളും കുടിയേറ്റക്കാരും'' എന്ന പേരില്‍ നടന്ന അന്താരാഷ്ട്ര കോണ്‍ഫറന്‍സില്‍ സംബന്ധിച്ചവര്‍ക്ക് വത്തിക്കാനില്‍ അനുവദിച്ച കൂടിക്കാഴ്ചയില്‍ സംസാരിക്കവെ സമൂഹത്തില്‍ പലപ്പോഴും അവഗണിക്കപ്പെടുന്ന ഇത്തരം ജനങ്ങളെക്കുറിച്ച് ഒരു സമ്മേളനം തയ്യാറാക്കാന്‍ പരിശ്രമിച്ചവരെ പാപ്പാ അഭിനന്ദിച്ചു.
അദ്ധ്യയനം, അന്വേഷണം, സേവനം, പിന്തുണ എന്നീ അടിസ്ഥാനശിലകളില്‍ കേന്ദ്രീകരിച്ച ത്രിവര്‍ഷപദ്ധതിക്ക് തുടക്കം കുറിക്കാനും, അതുവഴി, ഫ്രാന്‍സിസ് പാപ്പാ ആഹ്വാനം ചെയ്തിരുന്നതുപോലെ, തങ്ങളുടേതായ ഇടങ്ങളില്‍ ചെയ്യാവുന്ന സേവനങ്ങള്‍ വഴി, ലോകത്ത് അഭയാര്‍ത്ഥികളും കുടിയേറ്റക്കാരുമായി കഴിയുന്നവരുടെ ആവശ്യങ്ങളില്‍ സഹായിക്കാനാകാനുമുള്ള തീരുമാനത്തിലേക്ക് ഈ കോണ്‍ഫറന്‍സ് നിങ്ങളെ നയിച്ചുവെന്ന് പാപ്പാ ഓര്‍മ്മിപ്പിച്ചു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി അഭയാര്‍ത്ഥികളും കുടിയേറ്റക്കാരുമെന്ന നിലയില്‍ കഴിയുന്ന പത്ത് കോടിയിലധികം ജനങ്ങളുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കാന്‍ ഈയൊരു സംരംഭം നിങ്ങളെ സഹായിക്കട്ടെയെന്ന് പാപ്പാ ആശംസിച്ചു.
നിസംഗതയോടെ മറ്റുള്ളവരുടെ ബുദ്ധിമുട്ടുകളെയും വേദനകളെയും നോക്കിക്കാണുന്ന മനോഭാവം നമുക്കിടയില്‍ നിലനില്‍ക്കുന്നുണ്ടെന്ന് ഓര്‍മ്മിപ്പിച്ച ലിയോ പതിനാലാമന്‍ പാപ്പാ, 'നിസംഗതയുടെ ആഗോളവത്കരണം' എന്ന് ഫ്രാന്‍സിസ് പാപ്പാ വിശേഷിപ്പിച്ച ഈ തിന്മയെ, അനുരഞ്ജനത്തിന്റെ ഒരു സംസ്‌കാരം കൊണ്ട് നേരിടാന്‍ സാധിക്കണമെന്ന് ഓര്‍മ്മിപ്പിച്ചു.
നമ്മുടെ കണ്ടുമുട്ടലുകള്‍ മുറിവുണക്കലിന്റെയും അവനവനോടും മറ്റുള്ളവരോടും ക്ഷമിക്കുന്നതിന്റെയും അവസരങ്ങളാക്കി മാറ്റണമെന്ന് ഫ്രാന്‍സിസ് പാപ്പായെ പരാമര്‍ശിച്ചുകൊണ്ട് പരിശുദ്ധപിതാവ് കൂട്ടിച്ചേര്‍ത്തു.
നിരവധി ബുദ്ധിമുട്ടുകളിലൂടെ കടന്നുവന്ന പല അഭയാര്‍ത്ഥികളും കുടിയേറ്റക്കാരും ചെറുത്തുനില്‍പ്പിലൂടെയും ദൈവവിശ്വാസത്തിലൂടെയും പ്രത്യാശയുടെ സാക്ഷികളായാണ് നില്‍ക്കുന്നതെന്ന്, തന്റെ മുന്‍ഗാമിയുടെ വാക്കുകള്‍ പരാമര്‍ശിച്ചുകൊണ്ട് പാപ്പാ ഓര്‍മ്മിപ്പിച്ചു.
മിഷനറി ലോകത്തിന്റെയും കുടിയേറ്റക്കാരുടെയും ജൂബിലി ആഘോഷങ്ങള്‍ ഒക്ടോബര്‍ 4, 5 തീയതികളില്‍ ആചരിക്കപ്പെടുന്നത് പരാമര്‍ശിച്ച പാപ്പാ, കുടിയേറ്റക്കാരുടേതും അഭയാര്‍ത്ഥികളുടേതും പോലെയുള്ള പ്രത്യാശയുടെ ഉദാഹരണങ്ങള്‍ ഉയര്‍ത്തിക്കാട്ടാന്‍ ആഹ്വാനം ചെയ്തു.
തങ്ങളുടെ ജീവിതത്തിലെ വെല്ലുവിളികളെ നേരിടാന്‍ മറ്റുള്ളവര്‍ക്ക് അനേകര്‍ക്ക് ഇവരുടെ ജീവിതമാതൃക സഹായകരമാകുമെന്ന് പാപ്പാ കൂട്ടിച്ചേര്‍ത്തു.
പരസ്പരമുള്ള കണ്ടുമുട്ടലിന്റെയും അനുരഞ്ജനത്തിന്റെയും സാഹോദര്യ ഐക്യദാര്‍ഢ്യത്തിന്റെയും സംസ്‌കാരം വളര്‍ത്താന്‍ നമ്മുടെ പൊതുഭവനത്തിലെ അഭയാര്‍ത്ഥികളും കുടിയേറ്റക്കാരും എന്ന പേരില്‍ നടക്കുന്ന കോണ്‍ഫറന്‍സിന് സാധിക്കട്ടെയെന്ന് പാപ്പാ ആശംസിച്ചു.