മഹാരാഷ്ട്രയില്‍ കുഞ്ഞിനെ സ്വന്തം മാതാപിതാക്കള്‍ 1.20 ലക്ഷം രൂപയ്ക്ക് വിറ്റതായി ആരോപണം.ദമ്പതികള്‍ രണ്ട് വിലകൂടിയ മൊബൈല്‍ ഫോണുകളും ഒരു സ്വര്‍ണമാലയും വാങ്ങി
മുംബൈ: മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറില്‍ ഒരുമാസം പ്രായമുള്ള കുഞ്ഞിനെ സ്വന്തം മാതാപിതാക്കള്‍ 1.20 ലക്ഷം രൂപയ്ക്ക് വിറ്റതായി ആരോപണം. ലഭിച്ച പണം ഉപയോഗിച്ച് ദമ്പതികള്‍ രണ്ട് വിലകൂടിയ മൊബൈല്‍ ഫോണുകളും ഒരു സ്വര്‍ണമാലയും വാങ്ങിയതായി പോലീസ് വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് ഏഴുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മുകുന്ദ്വാഡി പ്രദേശത്താണ് സംഭവം.
പോലീസ് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നതനുസരിച്ച്, കുഞ്ഞ് പലരിലൂടെയും കൈമാറ്റം ചെയ്യപ്പെട്ടാണ് ഒടുവില്‍ ഹൈദരാബാദില്‍ എത്തിയത്. കുഞ്ഞ് നാല് തവണയെങ്കിലും വില്‍ക്കപ്പെട്ടതായി പോലീസ് പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തില്‍ സംസ്ഥാനത്തിനകത്തും പുറത്തും പ്രവര്‍ത്തിക്കുന്ന ശിശുക്കടത്ത് സംഘത്തെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി പോലീസ് അറിയിച്ചു.
മാതാപിതാക്കള്‍ കുഞ്ഞിനെ സീമ രേഷ്വാള്‍ എന്ന സ്ത്രീക്ക് 1.20 ലക്ഷം രൂപയ്ക്കാണ് വിറ്റത്. ഈ പണം ഉപയോഗിച്ച് ദമ്പതികള്‍ വാങ്ങിയ രണ്ട് ഫോണുകളും സ്വര്‍ണമാലയും അന്വേഷണത്തിന്റെ ഭാഗമായി പോലീസ് പിടിച്ചെടുത്തു. തുടര്‍ന്ന്, സീമ കുഞ്ഞിനെ പഡേഗാവ് സ്വദേശിയായ സംഗീത അവ്ഹാഡിന് 2.70 ലക്ഷം രൂപയ്ക്ക് വിറ്റു. സംഗീത കുഞ്ഞിനെ നന്ദേഡിലെത്തിച്ച് വ്യാജ ഡോക്ടറായ സുരേഷ് ഗുന്തുക്കയ്ക്ക് കൈമാറി. ഗുന്തുക്ക കുഞ്ഞിനെ 3.50 ലക്ഷം രൂപയ്ക്കാണ് വാങ്ങിയത്. നാലാം ഘട്ടത്തിലാണ്, കുഞ്ഞിനെ ഹൈദരാബാദില്‍ താമസിക്കുന്ന തന്റെ ബന്ധുവായ ഉമ ഖട്ഗമിന് 3.50 ലക്ഷം രൂപയ്ക്ക് കൈമാറിയത്.
കേസുമായി ബന്ധപ്പെട്ട്, കുഞ്ഞിന്റെ മാതാപിതാക്കള്‍ ഉള്‍പ്പെടെ ഈ നിയമവിരുദ്ധ ഇടപാടുകളില്‍ പങ്കാളികളായ ഏഴ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. സീമ രേഷ്വാള്‍, സംഗീത അവ്ഹാഡ്, സുരേഷ് ഗുന്തുക്ക എന്നിവരും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു. ഈ സംഭവത്തിന് പിന്നിലെ പൂര്‍ണമായ ശൃംഖല കണ്ടെത്താനും ഓരോരുത്തരുടെയും പങ്ക് വ്യക്തമാക്കാനും പോലീസ് പ്രതികളെ ചോദ്യംചെയ്തുവരികയാണ്.
പ്രതികള്‍ മുന്‍പും സമാനമായ രീതിയില്‍ കുഞ്ഞുങ്ങളെ നിയമവിരുദ്ധമായി വില്‍ക്കുന്നതില്‍ പങ്കാളികളായിട്ടുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്. ഹൈദരാബാദില്‍നിന്ന് കുഞ്ഞിനെ സുരക്ഷിതമായി കണ്ടെത്താനുള്ള ശ്രമങ്ങള്‍ പോലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്.