15 ഗ്രാമെന്ന് പാക്കറ്റില്‍, കിട്ടിയത് 4 ഗ്രാം മാത്രം; 5 രൂപയുടെ ലേയ്സിന് 8000 രൂപ നഷ്ടപരിഹാരം, 2020 നവംബര്‍ 10നാണ് കേസിനാസ്പദമായ സംഭവം നടന്നത്
ജയ്പൂര്‍:15 ഗ്രാം ചിപ്സ് എന്ന് രേഖപ്പെടുത്തിയ ലേയ്സ് പാക്കറ്റില്‍ വെറും 4 ഗ്രാം മാത്രമാണ് ഉണ്ടായിരുന്നതെന്ന പരാതിയില്‍ നിര്‍മ്മാതാക്കളായ പെപ്സികോ ഇന്ത്യ ഹോള്‍ഡിങ്സ് പ്രൈവറ്റ് ലിമിറ്റഡിന് നഷ്ടപരിഹാരം നല്‍കാന്‍ ജയ്പൂര്‍ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ ഉത്തരവിട്ടു. പാക്കറ്റിന്റെ വിലയായ 5 രൂപ പലിശ സഹിതം തിരികെ നല്‍കുന്നതിനൊപ്പം, മാനസിക വിഷമത്തിന് 5000 രൂപയും നിയമനടപടികളുടെ ചെലവിനായി 3000 രൂപയും പരാതിക്കാരന് നല്‍കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു.
2020 നവംബര്‍ 10നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ജയ്പൂരിലെ വ്യാപാരിയായ ചന്ദ്രമന്‍ ജലാനാണ് പരാതിക്കാരന്‍. വീട്ടിലെത്തിയ അതിഥികള്‍ക്ക് നല്‍കുന്നതിനായി മെട്രോ ക്യാഷ് ആന്‍ഡ് കാരിയില്‍ നിന്ന് വിവിധ ഭക്ഷ്യവസ്തുക്കള്‍ വാങ്ങിയിരുന്നു. ഇവയില്‍ പെപ്സികോ നിര്‍മിച്ച ലേയ്സ് ചിപ്സിന്റെ ഒരു പാക്കറ്റും ഉള്‍പ്പെട്ടിരുന്നു.
അതിഥികള്‍ക്ക് ചിപ്സ് വിളമ്പുന്നതിനിടെ പാക്കറ്റിന് ഭാരം കുറവാണെന്ന് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് സംശയം തോന്നിയത്.തുടര്‍ന്ന് പാക്കറ്റിലെ ചിപ്സ് തൂക്കിനോക്കിയപ്പോള്‍ 15 ഗ്രാമിന് പകരം വെറും 4 ഗ്രാം മാത്രമാണ് ഉണ്ടായിരുന്നതെന്നാണ് പരാതിക്കാരന്റെ ആരോപണം.
വിഷയം മെട്രോ ക്യാഷ് ആന്‍ഡ് കാരിയുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും തൃപ്തികരമായ പരിഹാരം ലഭിച്ചില്ലെന്ന് പരാതിക്കാരന്‍ ആരോപിച്ചു. തുടര്‍ന്ന് സേവനത്തിലെ വീഴ്ച ചൂണ്ടിക്കാട്ടി 2022 ഏപ്രില്‍ 6ന് ഉപഭോക്തൃ കമ്മീഷനെ സമീപിക്കുകയായിരുന്നു. പരാതിക്കാരന്‍ ഹാജരാക്കിയ വാങ്ങല്‍ ബില്ലടക്കമുള്ള തെളിവുകള്‍ പരിശോധിച്ച കമ്മീഷന്‍, മെട്രോ ക്യാഷ് ആന്‍ഡ് കാരിക്കെതിരായ പരാതി തള്ളുകയും പെപ്സികോയ്ക്കെതിരായ പരാതി അനുവദിക്കുകയും ചെയ്തു.
ചിപ്സ് പാക്കറ്റിന്റെ വിലയായ 5 രൂപ 2022 ഏപ്രില്‍ 6 മുതല്‍ തുക നല്‍കുന്നതുവരെ പ്രതിവര്‍ഷം 6 ശതമാനം പലിശ സഹിതം തിരികെ നല്‍കാനാണ് നിര്‍ദേശം. ഇതിന് പുറമെ, മാനസിക വിഷമത്തിനുള്ള നഷ്ടപരിഹാരമായി 5000 രൂപയും നിയമനടപടികള്‍ക്കുള്ള ചെലവായി 3000 രൂപയും ഉള്‍പ്പെടെ ആകെ 8000 രൂപ ഉത്തരവിന്റെ തീയതി മുതല്‍ ഒരു മാസത്തിനകം നല്‍കണം. നിശ്ചിത സമയത്തിനകം ഈ തുക നല്‍കാത്തപക്ഷം 8000 രൂപയ്ക്ക് ഉത്തരവിന്റെ തീയതി മുതല്‍ പണം നല്‍കുന്നതുവരെ പ്രതിവര്‍ഷം 6 ശതമാനം പലിശയും നല്‍കേണ്ടിവരും.