ഇല്ലിനോയിയിലെ വധശിക്ഷാ നിരോധനത്തിന്റെ 15-ാം വാര്‍ഷികത്തോടനുബന്ധിച്ച് അയച്ച സന്ദേശത്തില്‍ വധശിക്ഷ അംഗീകരിക്കാനാവില്ലെന്ന് ലിയോ 14-ാമന്‍ മാര്‍പാപ്പ
Apr 27, 2026, 12:22 IST
ഇല്ലിനോയിയിലെ വധശിക്ഷാ നിരോധനത്തിന്റെ 15-ാം വാർഷികത്തോടനുബന്ധിച്ച് അയച്ച സന്ദേശത്തിൽ വധശിക്ഷ അംഗീകരിക്കാനാവില്ലെന്ന് ലിയോ 14-ാമൻ മാർപാപ്പ ആവർത്തിച്ചു. കുറ്റവാളികളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ സഹായിക്കുന്ന തടങ്കൽ സംവിധാനങ്ങൾ വധശിക്ഷയ്ക്ക് പകരമായി അദ്ദേഹം ചൂണ്ടിക്കാട്ടി. വധശിക്ഷ മനുഷ്യ അന്തസ്സിന് മേലുള്ള കടന്നുകയറ്റമാണെന്നും ഗുരുതരമായ കുറ്റം ചെയ്തവർക്കും മനുഷ്യനെന്ന നിലയിലുള്ള അന്തസ്സ് നഷ്ടമാകുന്നില്ലെന്നും പാപ്പ ഓർമ്മിപ്പിച്ചു. ഗർഭധാരണം മുതൽ സ്വാഭാവിക മരണം വരെ എല്ലാ മനുഷ്യജീവനും പവിത്രമാണെന്നും അത് സംരക്ഷിക്കപ്പെടണമെന്നുമാണ് സഭയുടെ നിലപാടെന്ന് അദ്ദേഹം വ്യക്തമാക്കി. ജീവിക്കാനുള്ള അവകാശമാണ് മറ്റെല്ലാ മനുഷ്യാവകാശങ്ങളുടെയും അടിസ്ഥാനമെന്നും അത് കാത്തുസൂക്ഷിക്കുന്ന സമൂഹമേ അഭിവൃദ്ധി പ്രാപിക്കൂ എന്നും പാപ്പ പറഞ്ഞു. 2018-ൽ ഫ്രാൻസിസ് മാർപാപ്പ വരുത്തിയ ഭേദഗതിയോടെ ഒരു സാഹചര്യത്തിലും വധശിക്ഷ സ്വീകാര്യമല്ലെന്ന കടുത്ത നിലപാടിലാണ് കത്തോലിക്കാ സഭ.