സഭാപ്രതിനിധികളുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ സര്‍ക്കാരിന് 13 ടണ്‍ ആയുധങ്ങള്‍ കൈമാറാന്‍ സമ്മതിച്ച് കൊളംബിയന്‍ സായുധ സംഘം

ബൊഗോത/കൊളംബിയ: സഭയുടെ പിന്തുണയോടെ നടത്തിയ ചര്‍ച്ചകളെ തുടര്‍ന്ന് സര്‍ക്കാരിന് 13 ടണ്‍ ആയുധങ്ങള്‍ കൈമാറാന്‍ സമ്മതമറിയിച്ച് കൊളംബിയയിലെ സായുധ സംഘമായ സഎന്‍ഇബി. 2016-ല്‍ കൊളംബിയന്‍ സര്‍ക്കാര്‍ വിപ്ലവകാരികളായ എഫ്എആര്‍സിയുമായി രൂപീകരിച്ച കരാര്‍ അംഗീകരിക്കാത്ത സായുധ വിഭാഗമാണ് സിഎന്‍ഇബി.
കത്തോലിക്കാ സഭയുടെ പിന്തുണയോടെ രൂപീകരിച്ച കരാറില്‍, കൊളംബിയന്‍ സര്‍ക്കാരിന് 13.5 ടണ്‍ ആയുധങ്ങള്‍ നശിപ്പിക്കുന്നതിനായി എത്തിക്കാമെന്നാണ് സിഎന്‍ഇബി( കോര്‍ഡിനഡോറ നാഷനല്‍ എജെര്‍സിറ്റോ ബൊളിവേറിയാനോ) വാക്ക് നല്‍കിയിരിക്കുന്നത്.
ടുമാകോ മുനിസിപ്പാലിറ്റിയില്‍ നടന്ന ചര്‍ച്ചയില്‍ ഗുസ്താവോ പെട്രോയുടെ ഗവണ്‍മെന്റിന്റെയും സിഎന്‍ഇബിയുടെയും പ്രതിനിധികള്‍ക്ക് പുറമെ, എപ്പിസ്‌കോപ്പല്‍ പ്രതിനിധി ബിഷപ് ഹെക്ടര്‍ ഫാബിയോ ഹെനാവോയും ഫാ. ജോസ് റിക്കാര്‍ഡോ ആംഗുലോയും പങ്കെടുത്തു.
സായുധസംഘങ്ങളും സര്‍ക്കാരും തമ്മിലുള്ള ചര്‍ച്ചകളില്‍ ഐക്യരാഷ്ട്രസഭയോടൊപ്പം സഭാപ്രതിനിധികളും സ്ഥിരം പങ്കാളികളാണെന്ന് ബിഷപ് ഹെക്ടര്‍ ഹെനാവോ വ്യക്തമാക്കി. അതത് പ്രദേശത്ത് നിന്നുള്ള സഭാപ്രതിനിധികളാണ് ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതെന്നും ചര്‍ച്ചകളില്‍ പങ്കെടുക്കുത്തവര്‍ സായുധ സംഘര്‍ഷത്തില്‍ ദുരിതമനുഭവിക്കുന്ന സമൂഹങ്ങളുടെ ആശങ്കകള്‍ പങ്കുവച്ചതായും ബിഷപ് കൂട്ടിച്ചേര്‍ത്തു.
പരസ്പര വിശ്വാസത്തിന്റെ പ്രകടനമെന്ന നിലയില്‍, 13 ടണ്‍ വെടിക്കോപ്പുകളും ആയുധങ്ങളും നശിപ്പിക്കുന്നതിനുള്ള ആദ്യപടി സ്വീകരിക്കാന്‍ സായുധ സംഘവും സര്‍ക്കാരും ധാരണയിലെത്തുകയായിരുന്നു.
ഇക്വഡോറുമായി അതിര്‍ത്തി പങ്കിടുന്ന നരിനോ പ്രദേശത്ത് 9 ടണ്‍ വെടിക്കോപ്പുകളും ഇക്വഡോറിന്റെയും പെറുവിന്റെയും അതിര്‍ത്തി പങ്കിടുന്ന പുട്ടുമായോ പ്രദേശത്ത് 4.5 ടണ്‍ ആയുധങ്ങളും കൈമാറുമെന്ന് കൊളംബിയയുടെ പ്രസിഡന്റിന്റെ ഓഫീസ് വ്യക്തമാക്കി.