2024-ല്‍ വത്തിക്കാന്റെ പീറ്റേഴ്‌സ് പെന്‍സ് ശേഖരണത്തില്‍ ഏറ്റവും കൂടുതല്‍ സംഭാവന നല്‍കിയത് യുഎസ്

 
vatican


വത്തക്കാന്‍ സിറ്റി: 2024-ല്‍ വത്തിക്കാന്റെ പീറ്റേഴ്‌സ് പെന്‍സ് ശേഖരണത്തില്‍ ഏറ്റവും കൂടുതല്‍ സംഭാവന നല്‍കിയത് യുഎസ്. അതേസമയം കൂടുതല്‍ സംഭാവന നല്‍കിയ മുന്‍നിര ദാതാക്കളില്‍ ശരാശരി ഓരോ കത്തോലിക്ക വിശ്വാസിയും  കൂടുതല്‍ സംഭാവന നല്‍കിയത് അയര്‍ലണ്ടില്‍ നിന്നാണ്. 


എല്ലാ രൂപതകളുടെയും സ്വകാര്യ സംഭാവനകളുടെയും 25.2 ശതമാനം വരുന്ന 13.7 മില്യണ്‍ യൂറോയാണ് യുഎസ് സംഭാവന ചെയ്തതെന്ന് വത്തിക്കാന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു.

8 മില്യണ്‍ യൂറോയുമായി(15 ശതമാനം) ഫ്രാന്‍സാണ് തൊട്ടുപിന്നില്‍, ഇറ്റലി (2.8 മില്യണ്‍ യൂറോ), ബ്രസീല്‍ (1.7 മില്യണ്‍ യൂറോ), ജര്‍മ്മനി (1.5 മില്യണ്‍ യൂറോ), ദക്ഷിണ കൊറിയ (1.4 മില്യണ്‍ യൂറോ) എന്നിവയാണ് യഥാക്രമം കൂടുതല്‍ സംഭാവന നല്‍കിയ മറ്റ് രാജ്യങ്ങള്‍. 

മെക്സിക്കോ, അയര്‍ലന്‍ഡ്, സ്പെയിന്‍, കൊളംബിയ എന്നിവയും ആദ്യ പത്തില്‍ ഉള്‍പ്പെടുന്നു. ആദ്യ പത്ത് രാജ്യങ്ങള്‍ ആഗോള സംഭാവനയുടെ 75 ശതമാനവും സംഭാവന ചെയ്തു.

ആ പത്ത് രാജ്യങ്ങളില്‍, അയര്‍ലണ്ടാണ്  വിശ്വാസികള്‍ നല്‍കിയ ശരാശരി സംഭാവനയില്‍ മുന്നിലുള്ളത്.  3.7 മില്യണ്‍ കത്തോലിക്കരുള്ള അയര്‍ലണ്ട് 0.9 മില്യണ്‍ യൂറോയാണ്  സംഭാവന നല്‍കിയത്. അതായത് ശരാശരി ഒരു വിശ്വാസിഏകദേശം 0.24 യൂറോ എന്ന തോതില്‍. ദക്ഷിണ കൊറിയ, ഫ്രാന്‍സ്, യുഎസ് എന്നിങ്ങനെയാണ് ശരാശരി സംഭാവനയില്‍ തൊട്ടുപിന്നില്‍.

മാര്‍പാപ്പയുടെ ജീവകാരുണ്യ, മിഷനറി പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നതിനായി വിശ്വാസികള്‍ നേരിട്ട്  പാപ്പക്ക് നല്‍കുന്ന സംഭാവനയാണ് പീറ്റേഴ്സ് പെന്‍സ്. പരമ്പരാഗതമായി വിശുദ്ധ പത്രോസ്-പൗലോസ് ശ്ലീഹന്‍മാരുടെ തിരുനാള്‍ദിനത്തത്തോടനുബന്ധിച്ചാണ് ഈ സംഭാവനാശേഖരണം നടത്തുന്നത്.


2024-ല്‍ പീറ്റേഴ്‌സ് പെന്‍സിന് ആകെ 54.3 മില്യണ്‍ യൂറോ ലഭിച്ചു.  പരിശുദ്ധ സിംഹാസനത്തിന്റെ മിഷനെ പിന്തുണയ്ക്കുന്നതിനായി 61.2 മില്യണ്‍ യൂറോയും ജീവകാരുണ്യ സഹായത്തിനായി 13.3 മില്യണ്‍ യൂറോയും ഈ കാലയളവില്‍ ചെലവഴിച്ചു.   

66 രാജ്യങ്ങളിലായി നടത്തിയ 239 ജീവകാരുണ്യ പദ്ധതികള്‍ ഇതില്‍ ഉള്‍പ്പെടുന്നു.

Tags

Share this story

From Around the Web