ഇംതിയാസിന്റെ തിരോധാനം, നാഗ്പൂരിൽ നിന്ന് സ്വിഗി വഴി ഭക്ഷണം ഓർഡർ ചെയ്തതായി കണ്ടെത്തൽ, അന്വേഷണം മഹാരാഷ്ട്രയിലേക്ക് വ്യാപിപ്പിച്ച് പൊലീസ്

 
444

മലപ്പുറം: താനൂർ സ്വദേശിയായ ഇംതിയാസിനെ കാണാതായ സംഭവത്തിൽ മഹാരാഷ്ട്ര കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കാൻ പൊലീസ്. മഹാരാഷ്ട്രയിലെ നാഗ്പൂരിലെത്തി ഇംതിയാസ് സ്വിഗി വഴി ഭക്ഷണം ഓർഡർ ചെയ്തതായി പൊലീസിന് നിർണായക വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണസംഘം ഇന്ന് പുലർച്ചെ രണ്ടു മണിയോടെ നാഗ്പൂരിൽ എത്തി പ്രാഥമിക പരിശോധനകൾ നടത്തി. കെ.എം.സി.സി പ്രവർത്തകരുടെ സഹായത്തോടെ പൊലീസിന്റെ നേതൃത്വത്തിൽ ഇന്നും നാഗ്പൂരിൽ തിരച്ചിൽ തുടരും.

നഴ്സിങ് പഠനം പൂർത്തിയാക്കി സർട്ടിഫിക്കറ്റ് വാങ്ങാനാണ് ഇംതിയാസ് ഈ മാസം ഏഴിന് ബാംഗ്ലൂരിലേക്ക് പോയത്. ബാംഗ്ലൂരിൽ എത്തിയ ഉടൻ അദ്ദേഹം വീട്ടുകാരെ ഫോണിൽ ബന്ധപ്പെട്ടിരുന്നുവെങ്കിലും പിന്നീട് യാതൊരു വിവരവും ലഭിച്ചിരുന്നില്ല. തുടർന്ന് കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ താനൂർ പൊലീസാണ് അന്വേഷണം നടത്തുന്നത്.

നേരത്തെ ബാംഗ്ലൂർ സാറ്റലൈറ്റ് ബസ് സ്റ്റാൻഡിൽ ഇംതിയാസ് എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ബാംഗ്ലൂരിലെ വിവിധ പാർക്കുകളിലും ബസ് സ്റ്റാൻഡ് പരിസരങ്ങളിലും വ്യാപകമായ തിരച്ചിൽ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നാഗ്പൂരിലെത്തി ഓൺലൈൻ വഴി ഭക്ഷണം ഓർഡർ ചെയ്തെന്ന പുതിയ വിവരം പുറത്തുവരുന്നത്.

Tags

Share this story

From Around the Web