സീറോ മലബാര്‍ സഭയിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ശ്രദ്ധിക്കേണ്ട സുപ്രധാന കാര്യങ്ങള്‍

 
Studenrs
പുതിയ അധ്യയന വർഷത്തെ സ്കൂൾ പ്രവേശന നടപടികൾ ആരംഭിച്ച പശ്ചാത്തലത്തിൽ, കുട്ടികളുടെ അഡ്മിഷൻ രേഖകളിൽ കൃത്യമായ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനായി 'ഐഡർ ഫൗണ്ടേഷൻ' പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി. സംസ്ഥാന സർക്കാരിന്റെ ഉത്തരവ് പ്രകാരം സീറോ മലബാർ സഭയിലെ ജനറൽ കാറ്റഗറിയിൽപെട്ട അംഗങ്ങളുടെ ഔദ്യോഗിക സമുദായ നാമം ഇനിമുതൽ "സീറോ മലബാർ സിറിയൻ കാത്തലിക്"എന്ന് രേഖപ്പെടുത്തേണ്ടതാണ്. അഡ്മിഷൻ രജിസ്റ്ററിൽ മതം എന്ന കോളത്തിൽ "ക്രിസ്ത്യൻ" (Christian) എന്നും, ജാതി/സമുദായം എന്ന കോളത്തിൽ "സീറോ മലബാർ സിറിയൻ കാത്തലിക്" (Syro Malabar Syrian Catholic) എന്നും കൃത്യമായി എഴുതേണ്ടതാണ്. മുമ്പ് ഉപയോഗിച്ചിരുന്ന RC, RCSC, RCS, SC തുടങ്ങിയ ചുരുക്കെഴുത്തുകൾ ഇനി മുതൽ ഔദ്യോഗിക രേഖകളിൽ ഉപയോഗിക്കാൻ പാടുള്ളതല്ല. OBC/OEC സംവരണം ലഭിക്കുന്ന സീറോ മലബാർ സഭാംഗങ്ങൾ അവർക്ക് നിലവിലുള്ള ഔദ്യോഗിക സമുദായ നാമങ്ങൾ തന്നെ തുടർന്നും രേഖപ്പെടുത്തണം. സർക്കാർ തലത്തിലുള്ള എല്ലാ ഔദ്യോഗിക ആവശ്യങ്ങൾക്കും ഈ പേര് കൃത്യമായി ഉപയോഗിക്കുന്നത് വഴി കുട്ടികൾക്ക് EWS സംവരണവും, മുന്നാക്ക ക്ഷേമ പദ്ധതികളും മറ്റ് സർക്കാർ ആനുകൂല്യങ്ങളും എളുപ്പത്തിൽ ലഭ്യമാക്കാൻ സഹായിക്കുമെന്ന് ഐഡർ ഫൗണ്ടേഷൻ വ്യക്തമാക്കുന്നു. സഭയിലെ കനാനായ കാത്തലിക്, ദളിത് കാത്തലിക്, നാടാർ കാത്തലിക് എന്നീ മൂന്ന് വിഭാഗങ്ങൾക്ക് സർക്കാർ രേഖകളിൽ വ്യക്തമായ സമുദായ നാമങ്ങളുണ്ട്. ഈ മൂന്ന് വിഭാഗങ്ങളിലും പെടാത്ത ജനറൽ കാറ്റഗറിയിലുള്ള സഭാംഗങ്ങളെ പ്രത്യേകം അടയാളപ്പെടുത്താനാണ് ഈ പേര് നിശ്ചയിച്ചിരിക്കുന്നത്. ആത്മീയവും സഭാപരവുമായ കാര്യങ്ങളിൽ "സീറോ മലബാർ സഭ" എന്ന പേര് ഉപയോഗിക്കാമെങ്കിലും, സർക്കാർ തലത്തിലുള്ള എല്ലാ ഔദ്യോഗിക ആവശ്യങ്ങൾക്കും "സീറോ മലബാർ സിറിയൻ കാത്തലിക്" എന്ന് തന്നെ ഉപയോഗിക്കാൻ രക്ഷിതാക്കൾ ശ്രദ്ധിക്കണമെന്ന് ഐഡർ ഫൗണ്ടേഷൻ ഡയറക്ടർ ഫാ. സബിൻ തൂമുള്ളിൽ അറിയിച്ചു.

Tags

Share this story

From Around the Web