കുടിയേറ്റം യൂറോപ്പിനെ കൊല്ലുന്നു.മുന്നറിയിപ്പുമായി ട്രംപ്

യൂറോപ്പിലേക്കുള്ള അഞ്ച് ദിവസത്തെ സന്ദർശനത്തിനിടെ കുടിയേറ്റത്തെക്കുറിച്ചുള്ള തന്റെ നിലപാടുകൾ കടുപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
കുടിയേറ്റം യൂറോപ്പിനെ “കൊല്ലുകയാണെന്ന്” പ്രസ്താവിച്ച ട്രംപ്, യൂറോപ്യൻ നേതാക്കളോട് അടിയന്തര നടപടി സ്വീകരിക്കാനും അല്ലെങ്കിൽ നിയന്ത്രണം നഷ്ടപ്പെടുമെന്നും മുന്നറിയിപ്പ് നൽകി. സ്കോട്ട്ലൻഡിലെ തന്റെ ഗോൾഫ് റിസോർട്ടിൽ വെച്ച് മാധ്യമങ്ങളോട് സംസാരിക്കവെയാണ് ട്രംപിന്റെ ഈ പരാമർശം.
ഒരു ദശാബ്ദത്തിലേറെയായി യൂറോപ്പ് കുടിയേറ്റ പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തിലാണ് ഈ മുന്നറിയിപ്പ്. മിഡിൽ ഈസ്റ്റിലെയും ആഫ്രിക്കയിലെയും സംഘർഷങ്ങളും പിന്നീട് യുക്രെയ്ൻ യുദ്ധവും കാരണം 2015 മുതൽ ധാരാളം കുടിയേറ്റക്കാർ യൂറോപ്യൻ യൂണിയനിലേക്ക് പ്രവേശിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ.
അമേരിക്കയിലെ കുടിയേറ്റത്തിനെതിരായ തന്റെ ഭരണകൂടത്തിന്റെ കർശന നിലപാടും ട്രംപ് എടുത്തുപറഞ്ഞു.
ജനുവരിയിൽ ഓവൽ ഓഫീസിൽ അധികാരത്തിൽ എത്തിയ ശേഷം, ട്രംപ് കർശനമായ കുടിയേറ്റ നിയന്ത്രണങ്ങൾ പുനഃസ്ഥാപിച്ചിരുന്നു.
ഇതിൽ കൂട്ട നാടുകടത്തലും വിപുലമായ തടങ്കൽ ശ്രമങ്ങളും ഉൾപ്പെടുന്നു.