'ഭയമുണ്ട്, എങ്കിലും ബൈക്ക് റൈഡിങ് ഉപേക്ഷിക്കില്ല': ഗുരുഗ്രാമില്‍ ആക്രമണത്തിന് ഇരയായ വനിതാ ബൈക്ക് റൈഡര്‍

 
gurugram



ഗുരുഗ്രാം: ഗുരുഗ്രാമിലെ റോഡില്‍ കാറിടിച്ച് വീഴ്ത്തിയ സംഭവം വലിയ മാനസികാഘാതവും ഭയവുമുണ്ടായെങ്കിലും ബൈക്ക് റൈഡിങ് ഉപേക്ഷിക്കില്ലെന്ന് അക്രമത്തിന് ഇരയായ ശിവാനി ചൗഹാന്‍ (സിയ) വീണ്ടും ബൈക്ക് ഓടിക്കാന്‍ സാധിക്കുമെങ്കിലും ഉള്ളില്‍ ഭയമുണ്ട്.

 ഗുരുഗ്രാമിലെയും ഡല്‍ഹിയിലെയും റോഡുകളില്‍ തനിച്ചോ മറ്റുള്ളവര്‍ക്കൊപ്പമോ യാത്രചെയ്യാന്‍ പേടിയുണ്ടെന്നും ആജ് തക് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അവര്‍ വ്യക്തമാക്കി.

ഗുരുഗ്രാമില്‍ ക്രമസമാധാനം തകര്‍ന്നിരിക്കുകയാണെന്നും പോലീസിന് ഗുരുതരമായ വീഴ്ച സംഭവിച്ചെന്നും മുന്‍പ് മാധ്യമങ്ങളോട് സംസാരിക്കവെ സിയ കുറ്റപ്പെടുത്തിയിരുന്നു. 

ഇരുചക്ര വാഹനയാത്രികര്‍ക്കെതിരെ പെട്ടെന്ന് നടപടിയെടുക്കുന്ന ട്രാഫിക് പോലീസ്, നാലുചക്ര വാഹന ഉടമകളോട് ഇളവ് കാണിക്കുന്നതായി അവര്‍ ആരോപിച്ചു. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലൂടെ, സംഭവം യാദൃച്ഛികമായി സംഭവിച്ചതാണെന്ന പ്രതിയുടെ വാദത്തെ സിയ തള്ളിക്കളയുകയും ചെയ്തു.


സംഭവത്തിലെ മുഖ്യപ്രതി കല്യാണ്‍ ബൈന്‍സ്ലയെ പോലീസ് രാജസ്ഥാനില്‍നിന്ന് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ക്കെതിരെ ബി.എന്‍.എസ് 125, 281 (അശ്രദ്ധമായ ഡ്രൈവിങ്) എന്നീ വകുപ്പുകള്‍ പ്രകാരമാണ് തിങ്കളാഴ്ച എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. എന്നാല്‍, സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ പ്രചരിക്കുകയും പ്രതിഷേധം ഉയരുകയും ചെയ്തതോടെ ഗുരുഗ്രാം പോലീസ് കേസില്‍ വധശ്രമത്തിനുള്ള ബി.എന്‍.എസ് 109-ാം വകുപ്പ് കൂടി കൂട്ടിച്ചേര്‍ക്കുകയായിരുന്നു.

ഹരിയാണ ഗുരുഗ്രാമിലെ ഗോള്‍ഫ് കോഴ്‌സ് റോഡില്‍ യുവതി സഞ്ചരിച്ചിരുന്ന സ്‌പോര്‍ട്‌സ് ബൈക്കില്‍ കാറിടിപ്പിക്കുകയായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ സിയ തന്റെ സ്‌പോര്‍ട്‌സ് ബൈക്കില്‍ മറ്റ് റൈഡര്‍മാര്‍ക്കൊപ്പം യാത്ര ചെയ്യുമ്പോഴായിരുന്നു സംഭവം. പ്രതി സഞ്ചരിച്ചിരുന്ന കാര്‍ ഗോള്‍ഫ് കോഴ്‌സ് റോഡില്‍വെച്ച് തങ്ങളെ പിന്തുടരുകയും അപകടകരമായ രീതിയില്‍ അടുപ്പിച്ച് ഓടിച്ച് വാഹനം നിര്‍ത്താന്‍ ആംഗ്യം കാണിക്കുകയും ചെയ്തതായി സിയ ആരോപിക്കുന്നു. കാറിലുണ്ടായിരുന്നവര്‍ മദ്യപിച്ചിരുന്നുവെന്നും തങ്ങള്‍ പരമാവധി ദൂരം പാലിക്കാന്‍ ശ്രമിച്ചെങ്കിലും അവര്‍ മനഃപൂര്‍വ്വം കാര്‍ ബൈക്കിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നുവെന്നും സിയ ആരോപിച്ചു.

ബൈക്കിലേക്ക് പ്രതിയുടെ കാര്‍ ഇടിച്ചുകയറ്റുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഈ അപകടത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് ഗുരുഗ്രാം പോലീസ് സ്വമേധയാ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചത്. കൃത്യമായ വീഡിയോ തെളിവുകള്‍ ഉണ്ടായിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാനോ എഫ്.ഐ.ആറില്‍ കൊലപാതകശ്രമത്തിന് കേസെടുക്കാനോ പോലീസ് തയ്യാറായില്ലെന്ന് സിയയുടെ കുടുംബം ആരോപിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ഗുരുഗ്രാം പോലീസ് കേസില്‍ കൊലപാതകശ്രമം കൂടി ഉള്‍പ്പെടുത്തി.

Tags

Share this story

From Around the Web