ഞാൻ ഗാന്ധിജിയല്ല, വേണ്ടി വന്നാൽ ഇനിയും കൊല്ലും, ചെന്താമരയുടെ ഭീഷണി, ശിക്ഷാവിധി മറ്റന്നാൾ

 
chenthamara

പാലക്കാട്: നെന്മാറ പോത്തുണ്ടിയിൽ സുധാകരനെയും അമ്മ ലക്ഷ്മിയെയും വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി ചെന്താമര കുറ്റക്കാരനാണെന്ന് പാലക്കാട് അഡീഷണൽ സെഷൻസ് കോടതി കണ്ടെത്തി. കുറ്റകൃത്യത്തിന് ശേഷവും യാതൊരു കൂസലുമില്ലാതെ കോടതിയിൽ വെല്ലുവിളി തുടരുകയാണ് പ്രതി.

ശിക്ഷാവിധിക്ക് മുന്നോടിയായി എന്തെങ്കിലും പറയാനുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന്, തന്നെ തൂക്കിക്കൊല്ലാൻ വിധിച്ചോളൂ എന്നായിരുന്നു പ്രതിയുടെ മറുപടി. "ഒരു ചെകിടത്ത് അടിച്ചാൽ മറ്റേ ചെകിട് കാണിച്ചുകൊടുക്കാൻ ഞാൻ ഗാന്ധിജിയല്ല, വേണ്ടി വന്നാൽ ഇനിയും ആളുകളെ കൊല്ലും" എന്ന് കോടതിയിൽ വെച്ച് ചെന്താമര അട്ടഹസിച്ചു. ജഡ്ജിയോട് 'എഴുതാനുള്ളത് എഴുതിക്കോ' എന്ന് പറഞ്ഞ പ്രതി, തടസ്സം നിൽക്കുന്നവരോട് ഇതായിരിക്കും പെരുമാറ്റമെന്നും ഭീഷണി മുഴക്കി.

2025 ജനുവരി 27-നാണ് അയൽവാസികളായ സുധാകരനെയും അമ്മ ലക്ഷ്മിയെയും ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. രണ്ട് ദിവസത്തെ തിരച്ചിലിനൊടുവിൽ പോത്തുണ്ടി മാട്ടായി വനമേഖലയിൽ നിന്നാണ് ഇയാളെ പിടികൂടിയത്.

2019-ൽ സജിത എന്ന സ്ത്രീയെ കൊലപ്പെടുത്തിയ കേസിലും പ്രതിയാണ് ഇയാൾ. ജാമ്യത്തിലിരിക്കെയാണ് ഈ ഇരട്ടക്കൊലപാതകം നടത്തിയത്. 132 സാക്ഷികളെ വിസ്തരിച്ച കേസിൽ ഫോറൻസിക് ഫലങ്ങളും ശാസ്ത്രീയ തെളിവുകളും ഉൾപ്പെടെ ശക്തമായ കുറ്റപത്രമാണ് പോലീസ് സമർപ്പിച്ചത്. 480 പേജുള്ള കുറ്റപത്രത്തിൽ മുപ്പതിലധികം നിർണ്ണായക രേഖകളുണ്ട്.

ഇതൊരു അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസാണെന്നും പരമാവധി ശിക്ഷയായ വധശിക്ഷ തന്നെ നൽകണമെന്നും പ്രോസിക്യൂഷൻ കോടതിയിൽ അഭ്യർത്ഥിച്ചു. ബിഎൻഎസ് (BNS) 103 (1), 126(2) വകുപ്പുകൾ പ്രകാരം ജീവപര്യന്തമോ വധശിക്ഷയോ ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതിക്കെതിരെ തെളിഞ്ഞത്. സംഭവത്തിൽ മറ്റന്നാൾ കോടതി ശിക്ഷാവിധി പ്രഖ്യാപിക്കും.

Tags

Share this story

From Around the Web