വീട്ടില്‍ നിന്ന് അനധികൃത മദ്യം കണ്ടെത്തിയ കേസ്: ആന്റോ അഗസ്റ്റിനെ എക്‌സൈസ് കസ്റ്റഡിയില്‍ വിട്ടു

 
anto

വയനാട്: വീട്ടില്‍ നിന്ന് അനധികൃത മദ്യം കണ്ടെത്തിയ കേസില്‍ റിപ്പോര്‍ട്ടര്‍ ടിവി മാനേജിങ്ങ് എഡിറ്റര്‍ ആന്റോ അഗസ്റ്റിനെ 24 മണിക്കൂര്‍ എക്‌സൈസ് കസ്റ്റഡിയില്‍ വിട്ടു. സുല്‍ത്താന്‍ ബത്തേരി മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. മദ്യത്തിന്റെ ഉറവിടം കണ്ടെത്തണമെന്നും വിശദമായ അന്വേഷണം നടത്തണമെന്നുമുള്ള എക്‌സൈസ് ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. ആല്‍ക്കഹോള്‍ അടങ്ങിയ പാനീയം എവിടെ നിര്‍മിച്ചു എന്ന് അറിയേണ്ടതുണ്ട്. മദ്യം എവിടെനിന്ന് കൊണ്ടുവന്നു, ഏത് മാര്‍ഗം കൊണ്ടുവന്നു എന്നെല്ലാം അന്വേഷിക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.


43.85 ലിറ്റര്‍ മദ്യം കൊണ്ടുവന്നാല്‍ 5000 രൂപയും തടവും മാത്രമാണ് വരുന്നതെന്നും എന്തിനാണ് പ്രതിയെ മാധ്യമങ്ങളില്‍ മുന്നില്‍ വലിച്ചിഴക്കുന്നതെന്നും പ്രതിഭാഗം വാദിച്ചു. എന്നാല്‍ പ്രോസിക്യൂഷന്‍ വാദം അം?ഗീകരിച്ച് പ്രതിയെ കസ്റ്റഡിയില്‍ വിടുകയായിരുന്നു. മജിസ്‌ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ ആന്റോ അഗസ്റ്റിന്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഇടക്കാല ജാമ്യം ലഭിച്ചില്ല. ഹൈക്കോടതി ഹര്‍ജി ചൊവ്വാഴ്ച പരിഗണിക്കും.


തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്നും, വീടിന്റെ ഉടമസ്ഥാവകാശത്തെച്ചൊല്ലി തര്‍ക്കങ്ങളുണ്ടെന്നും ആന്റോ അഗസ്റ്റിന്‍ ജാമ്യാപേക്ഷയില്‍ ഉന്നയിച്ചിരുന്നു. ആന്റോയുടെ വീട്ടില്‍ എക്‌സൈസ് നടത്തിയ റെയ്ഡില്‍, 138 കുപ്പികളിലായി അനധികൃതമായി സൂക്ഷിച്ച 67 ലിറ്റര്‍ മദ്യമാണ് പിടിച്ചെടുത്തത്. പിടികൂടിയ മദ്യത്തില്‍ 12.75 ലിറ്റര്‍ വ്യാജമദ്യമാണെന്നും എക്‌സൈസ് കോടതിയെ അറിയിച്ചിരുന്നു.

Tags

Share this story

From Around the Web