അനധികൃത പാര്‍ക്കിങ്: ഏഴ് ദിവസത്തില്‍ ഈടാക്കിയത് 1.08 കോടിരൂപ പിഴ,32,385 വാഹനങ്ങളില്‍ നിന്നായാണ് പിഴ
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ പാതകളില്‍ അനധികൃതമായി വാഹനം പാര്‍ക്ക് ചെയ്തതിന് 1,08,43,600 രൂപ പിഴ ഈടാക്കി. 32,385 വാഹനങ്ങളില്‍ നിന്നായാണ് പിഴ. ഗതാഗതതടസ്സവും റോഡപകടങ്ങളും കുറയ്ക്കാന്‍ കേരള പോലീസിന്റെ ട്രാഫിക് ആന്‍ഡ് റോഡ് സേഫ്റ്റി മാനേജ്‌മെന്റ് വിഭാഗം ഏഴുദിവസം നടത്തിയ പരിശോധനയിലാണ് നിയമലംഘനങ്ങള്‍ കണ്ടെത്തിയത്.
സംസ്ഥാനപാതകളില്‍ 8,764, ദേശീയപാതകളില്‍ 8,441, മറ്റു പാതകളില്‍ 15,180 എന്നിങ്ങനെയാണ് നിയമലംഘനങ്ങളുടെ കണക്ക്. സംസ്ഥാനത്തെ ഹൈവേ പട്രോളിങ് വിഭാഗം വരുംദിവസങ്ങളിലും നിരന്തര പരിശോധനയ്ക്ക് ഹൈവേ പട്രോളിങ് സംഘത്തിനു നിര്‍ദേശം നല്‍കി.
ട്രാഫിക് ആന്‍ഡ് റോഡ് സേഫ്റ്റി മാനേജ്‌മെന്റ് ഐ.ജി.യുടെ നിര്‍ദേശപ്രകാരം ട്രാഫിക് നോര്‍ത്ത് സോണ്‍, സൗത്ത് സോണ്‍ എസ്.പി.മാരുടെ മേല്‍നോട്ടത്തില്‍ ജില്ലാ ട്രാഫിക് നോഡല്‍ ഓഫീസര്‍മാരുമായി സഹകരിച്ചായിരുന്നു പരിശോധനകള്‍. ഗതാഗത നിയമലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ 9747001099 എന്ന ശുഭയാത്ര വാട്‌സാപ്പ് നമ്പരില്‍ അറിയിക്കാം.