വാഹനങ്ങളിലെ അനധികൃത രൂപമാറ്റങ്ങള്‍ ഇ - ഡീറ്റൈല്‍ഡ് ആക്‌സിഡന്റ് പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യണം; ഹൈക്കോടതി ഉത്തരവ്

 
HIGH COURT


കൊച്ചി: അപകടത്തില്‍പ്പെടുന്ന വാഹനങ്ങളില്‍ വരുത്തിയിട്ടുള്ള അനധികൃത രൂപമാറ്റങ്ങളെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങളും ചിത്രങ്ങളും വീഡിയോകളും 'ഇ-ഡീറ്റൈല്‍ഡ് ആക്‌സിഡന്റ് റിപ്പോര്‍ട്ട്' പോര്‍ട്ടലില്‍ നിര്‍ബന്ധമായും അപ്ലോഡ് ചെയ്യണമെന്ന് കേരള ഹൈക്കോടതി. 

സുരക്ഷാ മാനദണ്ഡങ്ങളുടെ ലംഘനം, അപകടത്തില്‍ പരിക്കുകളുടെ തീവ്രത വര്‍ധിപ്പിക്കുന്ന തരത്തിലുള്ള ബോഡി വര്‍ക്ക് മാറ്റങ്ങള്‍, എന്‍ജിന്‍ ശേഷി കൂട്ടല്‍, ബ്രേക്കിങ് സംവിധാനത്തിലെ മാറ്റങ്ങള്‍ തുടങ്ങിയവ പോര്‍ട്ടലില്‍ രേഖപ്പെടുത്തണമെന്ന് ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്‍, ജസ്റ്റിസ് എസ്. മുരളീകൃഷ്ണ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു.

ഇത്തരം വിവരങ്ങള്‍ പോര്‍ട്ടലില്‍ കൃത്യമായി രേഖപ്പെടുത്തുന്നുണ്ടെന്ന് സംസ്ഥാന ഗതാഗത കമ്മീഷണര്‍ ഉറപ്പുവരുത്തണം. പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യുന്ന ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ ലഭ്യമാണെങ്കിലും പ്രിന്റൗട്ട് എടുക്കുന്നതില്‍ സാങ്കേതിക തടസ്സമുണ്ടെന്ന് ഗതാഗത കമ്മീഷണര്‍ കോടതിയെ അറിയിച്ചു. 

വിഷയം നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കിയതിനെ തുടര്‍ന്ന്, എന്‍ഐസിയെ കോടതി കേസില്‍ സ്വമേധയാ കക്ഷിചേര്‍ത്തു. വാഹനങ്ങളിലെ അനധികൃത രൂപമാറ്റങ്ങളുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയാ എടുത്ത ഹര്‍ജി പരിഗണിക്കവെയാണ് ഈ ഉത്തരവ്.

Tags

Share this story

From Around the Web