വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷന്‍. പരിശോധന കര്‍ശനമാക്കി എംവിഡി; ഹൈക്കോടതി ഉത്തരവിന് പിന്നാലെ കടുത്ത നടപടിയിലേക്ക്?

 
MVD


തിരുവനന്തപുരം: സംസ്ഥാനത്ത് വാഹനങ്ങളിലെ അനധികൃത രൂപമാറ്റങ്ങള്‍ക്കെതിരെ (മോഡിഫിക്കേഷന്‍) പരിശോധനകള്‍ ശക്തമാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് (എംവിഡി) ഒരുങ്ങുന്നു. 


ഹൈക്കോടതിയുടെ കര്‍ശന നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് ഗതാഗത കമ്മീഷണറേറ്റ് പുതിയ നടപടികളുമായി മുന്നോട്ട് വന്നിരിക്കുന്നത്. 

നിയമവിരുദ്ധമായി മോഡിഫിക്കേഷന്‍ വരുത്തുന്ന വാഹനങ്ങളിലെ ഓരോ ലംഘനത്തിനും പ്രത്യേകം പിഴ ചുമത്താനാണ് തീരുമാനം. 


പിഴയൊടുക്കുന്നതിനൊപ്പം വാഹനങ്ങളുടെ രൂപമാറ്റം പൂര്‍വസ്ഥിതിയിലാക്കി വീണ്ടും പരിശോധനയ്ക്കായി ഹാജരാക്കേണ്ടതുമാണ്. 


കഴിഞ്ഞ മൂന്ന് മാസക്കാലയളവില്‍ ഇത്തരം വാഹനങ്ങള്‍ക്കെതിരെ സ്വീകരിച്ച നടപടികളുടെ വിശദാംശം സമര്‍പ്പിക്കാന്‍ എല്ലാ ആര്‍ടിഓമാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.


 സെപ്റ്റംബര്‍ 3-നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഉത്തരവില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സോഷ്യല്‍ മീഡിയ റീലുകള്‍ക്കായി നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ കണ്ടെത്തി നടപടിയെടുക്കാനും പ്രത്യേക നിര്‍ദ്ദേശമുണ്ട്.

അനുവദനീയമല്ലാത്ത രീതിയിലുള്ള ലൈറ്റുകളും പുകക്കുഴലുകളും ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനാണ് ഹൈക്കോടതിയുടെ ഉത്തരവ്. 

ഒന്നില്‍ കൂടുതല്‍ നിയമലംഘനങ്ങള്‍ കണ്ടെത്തിയാല്‍ ഓരോന്നിനും അയ്യായിരം രൂപ വരെ പിഴ ഈടാക്കും. കൂടുതല്‍ ലൈറ്റുകളോ അതിതീവ്ര വെളിച്ചമുള്ള എല്‍ഇഡി ലൈറ്റുകളോ കളര്‍ ലൈറ്റുകളോ ഘടിപ്പിക്കാന്‍ പാടില്ല. 

ഇത്തരം പ്രകാശസംവിധാനങ്ങള്‍ എതിര്‍ദിശയില്‍ വരുന്ന വാഹനയാത്രക്കാര്‍ക്കും കാല്‍നടക്കാര്‍ക്കും വലിയ തോതില്‍ കാഴ്ചാപ്രശ്‌നങ്ങളും അപകടങ്ങളും സൃഷ്ടിക്കുന്നതായി കോടതി വിലയിരുത്തി. 

കൂടാതെ, അമിത ശബ്ദവും തീയും പുറന്തള്ളുന്ന സൈലന്‍സറുകള്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്കെതിരെയും പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.

Tags

Share this story

From Around the Web