അനധികൃത മദ്യശേഖരം: മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ്; ലില്ലി ജോസിനായി അന്വേഷണം ഊര്‍ജിതം, 67 ലിറ്റര്‍ മദ്യമാണ് എക്‌സൈസ് സംഘം പിടിച്ചെടുത്തത്
വയനാട്: ആന്റോ അഗസ്റ്റിന്റെ വീട്ടില്‍ നിന്ന് അനധികൃതമായി സൂക്ഷിച്ച മദ്യശേഖരം കണ്ടെത്തിയ കേസില്‍ അദ്ദേഹത്തിന്റെ ഭാര്യാമാതാവ് ലില്ലി ജോസ് കല്‍പ്പറ്റ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. കേസില്‍ ചോദ്യം ചെയ്യലിനിടെ അറസ്റ്റുചെയ്യാനുള്ള സാധ്യത മുന്‍നിര്‍ത്തിയാണ് ലില്ലി ജോസ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്. കോടതി ഈ ജാമ്യാപേക്ഷ ഒക്ടോബര്‍ ഏഴിന് പരിഗണിക്കും.
കഴിഞ്ഞദിവസം ആന്റോ അഗസ്റ്റിന്റെ വീട്ടില്‍ നിന്ന് 67 ലിറ്റര്‍ മദ്യമാണ് എക്‌സൈസ് സംഘം പിടിച്ചെടുത്തത്. എന്നാല്‍ സുല്‍ത്താന്‍ ബത്തേരി മജിസ്‌ട്രേറ്റ് കോടതിയിലും ഹൈക്കോടതിയിലും ഈ വീട് തന്റേതല്ലെന്ന് ആന്റോ അഗസ്റ്റിന്‍ വാദിച്ചിരുന്നു.
2022ല്‍ ജപ്തി ചെയ്ത ഈ വീട് തന്റെ ഭാര്യാമാതാവായ ലില്ലി ജോസ് വാങ്ങിയതാണെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ലില്ലി ജോസിലേക്ക് എക്‌സൈസ് അന്വേഷണം വ്യാപിപ്പിച്ചത്.
നോട്ടീസ് നല്‍കുന്നതിനായി എക്‌സൈസ് ഉദ്യോഗസ്ഥര്‍ ലില്ലിയുടെ ബത്തേരി കോളിയാടുള്ള വീട്ടിലെത്തിയെങ്കിലും വീട് പൂട്ടിയിട്ട നിലയിലായിരുന്നു. തുടര്‍ന്നാണ് ലില്ലിക്കാകയുള്ള അന്വേഷണം ഊര്‍ജിതമാക്കിയത്.