ബോംബെ ഐ.ഐ.ടിയിലെ വിദ്യാര്‍ഥിയുടെ ആത്മഹത്യ: ജാതി അധിക്ഷേപവും പീഡനവുമെന്ന് പിതാവ്; അന്വേഷണം ക്രൈംബ്രാഞ്ചിന്
മുംബൈ: ബോംബെ ഐ.ഐ.ടിയില്‍ സാഹില്‍ വാക്കോഡെ എന്ന വിദ്യാര്‍ഥി ആത്മഹത്യ ചെയ്തതിന് പിന്നില്‍ ജാതി അധിക്ഷേപവും പീഡനവുമാണെന്ന് പിതാവ് രവീന്ദ്ര വാക്കോഡെ ആരോപിച്ചു. തന്റെ മകനെ ക്രൂരമായ പീഡനങ്ങള്‍ക്കും ജാതി അധിക്ഷേപങ്ങള്‍ക്കും ഇരയാക്കി ആത്മഹത്യയിലേക്ക് തള്ളിവിട്ടവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് അദ്ദേഹം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഉത്തരവാദികളായവരെ ജോലിയില്‍ നിന്ന് പിരിച്ചുവിടണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
മകന്റെ മരണത്തിന് കാരണക്കാരായവരെ അറസ്റ്റ് ചെയ്യുന്നതുവരെ മൃതദേഹം ഏറ്റെടുക്കില്ലെന്നും അന്ത്യകര്‍മ്മങ്ങള്‍ നടത്തുകയില്ലെന്നും സാഹിലിന്റെ പിതാവും മാതാവ് സൊണാലിയും നിലപാടെടുത്തിരുന്നു. രാജാവാടി ആശുപത്രിയിലെ പോസ്റ്റ്മോര്‍ട്ടം സെന്ററില്‍ നിന്നും ഇവര്‍ മൃതദേഹം ഏറ്റെടുക്കാന്‍ വിസമ്മതിച്ചു. കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിലേക്ക് മാറ്റിയതായി പോലീസ് ഉറപ്പുനല്‍കിയതിനെ തുടര്‍ന്നാണ് കുടുംബം പിന്നീട് മൃതദേഹം ഏറ്റെടുത്തത്. എസിപി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് അന്വേഷണം നടത്തുന്നത്.
സാഹിലിന്റെ മരണം ഐ.ഐ.ടി ബോംബെ കാമ്പസില്‍ ശക്തമായ പ്രതിഷേധങ്ങള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി വിദ്യാര്‍ഥികള്‍ കാമ്പസിനുള്ളില്‍ പ്രതിഷേധിച്ചു. വിദ്യാര്‍ഥികളുടെ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ ശനിയാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന മിഡ്-സെമസ്റ്റര്‍ പരീക്ഷകള്‍ ഐ.ഐ.ടി ബോംബെ മാറ്റിവെച്ചു.
ഐഐടി ബോംബെയിലെ മുതിര്‍ന്ന പ്രൊഫസറായ സൂര്യനാരായണ ദൂളയ്‌ക്കെതിരെയാണ് ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുള്ളത്. പരീക്ഷയ്ക്കിടയില്‍ എനര്‍ജി സയന്‍സ് വിഭാഗം രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായ സാഹില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതായി ആരോപിച്ച് ഇന്‍വിജിലേറ്ററായിരുന്ന ദൂള വിദ്യാര്‍ഥിയെ പുറത്താക്കിയിരുന്നു. പിന്നാലെ വെള്ളിയാഴ്ച ഹോസ്റ്റല്‍ മുറിയില്‍ സാഹിലിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉത്തരങ്ങള്‍ കണ്ടെത്തുന്നതിനായി പരീക്ഷാ ചോദ്യപ്പേപ്പര്‍ സാഹില്‍ ഒരു എഐ പ്ലാറ്റ്ഫോമില്‍ അപ്ലോഡ് ചെയ്‌തെന്നായിരുന്നു ആരോപണം.
സാഹിലിനെ പരീക്ഷാ ഹാളില്‍ നിന്ന് പുറത്തിറക്കി സസ്‌പെന്‍ഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായി സാഹിലിന്റെ മാതാപിതാക്കളും ചില വിദ്യാര്‍ഥികളും ആരോപിച്ചു. രണ്ടാം വര്‍ഷത്തിലേക്ക് പ്രവേശിച്ചതിന് ശേഷം, പ്രൊഫസര്‍ ദൂളയില്‍ നിന്ന് മൂന്ന് മാസമായി തനിക്ക് പീഡനം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് സാഹില്‍ തന്നോട് പറഞ്ഞിരുന്നതായി പിതാവ് പോലീസിന് നല്‍കിയ മൊഴിയില്‍ ആരോപിക്കുന്നു.
സാഹിലിനെതിരെ അച്ചടക്ക നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്നും കൗണ്‍സിലിങ് നല്‍കുകയും ഈ സംഭവം അക്കാദമിക് കരിയറിനെ ബാധിക്കില്ലെന്ന് ഉറപ്പ് നല്‍കിയിരുന്നുവെന്നുമാണ് ബോംബെ ഐഐടിയുടെ വിശദീകരണം. സ്ഥാപനത്തില്‍ ജാതി അടിസ്ഥാനത്തിലുള്ള വിവേചനം നടന്നിട്ടില്ലെന്ന് ഐഐടി-ബോംബെ ഡയറക്ടര്‍ ശിരീഷ് കേദാരെ പറഞ്ഞു. വിദ്യാര്‍ഥികളുടെ ജാതി സംബന്ധമായ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുന്നതാണെന്നും ഫാക്കല്‍റ്റികള്‍ക്കോ അഡ്മിനിസ്‌ട്രേറ്റര്‍മാര്‍ക്കോ അത് ലഭ്യമാകില്ലെന്നും അദ്ദേഹം പറഞ്ഞു. ജാതിവിവേചനം ആരോപിച്ച് സാഹിലിന്റെ ഭാഗത്തുനിന്ന് യാതൊരു പരാതിയും ലഭിച്ചിട്ടില്ലെന്ന് സ്ഥാപനത്തിന്റെ എസ്സി/എസ്ടി സെല്‍ അറിയിച്ചു.