വിവേകശൂന്യതയും ക്രൂരതയും ആധിപത്യത്തിന്റെ ലക്ഷണങ്ങള്‍: നിക്കരാഗ്വന്‍ ഏകാധിപത്യത്തിനെതിരെ പ്രവാസി ബിഷപ്പ്
നിക്കരാഗ്വ: നിക്കരാഗ്വയിലെ കത്തോലിക്കാ സഭയ്ക്കും ജനങ്ങള്‍ക്കും നേരെ സര്‍ക്കാര്‍ നടത്തുന്ന കടുത്ത പീഡനങ്ങളെയും അടിച്ചമര്‍ത്തലുകളെയും രൂക്ഷമായി വിമര്‍ശിച്ച് മനാഗ്വ അതിരൂപതയുടെ സഹായ മെത്രാന്‍ ബിഷപ്പ് സില്‍വിയോ ബായെസ്.
നിക്കരാഗ്വയിലെ ഡാനിയേല്‍ ഒര്‍ട്ടേഗ സര്‍ക്കാരിന്റെ ഏകാധിപത്യ ഭരണകൂടത്തിന്റെ ഏറ്റവും ദാരുണമായ രണ്ട് ലക്ഷണങ്ങള്‍ 'വിവേകശൂന്യതയും ക്രൂരതയുമാണെന്ന്' നിലവില്‍ മിയാമിയില്‍ പ്രവാസ ജീവിതം നയിക്കുന്ന ബിഷപ്പ് വ്യക്തമാക്കി.
സ്‌പെയിനിലെ മാഡ്രിഡില്‍ വെച്ച് നിക്കരാഗ്വന്‍ പത്രമായ 'കോണ്‍ഫിഡന്‍ഷ്യലിന്' നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഭരണകൂടത്തിനെതിരെ ശക്തമായി പ്രതികരിച്ചത്.
പ്രസിഡന്റ് ഡാനിയേല്‍ ഒര്‍ട്ടേഗയ്ക്കും ഭാര്യയും വൈസ് പ്രസിഡന്റുമായ റൊസാരിയോ മുറില്ലോയ്ക്കുമെതിരെ 2018-ല്‍ നടന്ന ജനകീയ പ്രക്ഷോഭങ്ങളെ പിന്തുണച്ചതിനെത്തുടര്‍ന്നാണ് ബിഷപ്പ് സില്‍വിയോ ബായെസിന് രാജ്യം വിടേണ്ടി വന്നത്.
അന്ന് മുന്നൂറ്റമ്പതിലധികം ആളുകളാണ് സര്‍ക്കാര്‍ അടിച്ചമര്‍ത്തലില്‍ കൊല്ലപ്പെട്ടത്. ജീവന് ഭീഷണിയുണ്ടായതിനെ തുടര്‍ന്ന് 2019 ഏപ്രിലില്‍ മാര്‍പാപ്പയുടെ നിര്‍ദ്ദേശപ്രകാരമാണ് അദ്ദേഹം നിക്കരാഗ്വ വിട്ടത്.
ഭരണകൂടത്തിന്റെ ക്രൂരമായ നടപടികള്‍ കണ്ട് നിശ്ശബ്ദനായിരിക്കാന്‍ കഴിയില്ലെന്ന് ബിഷപ്പ് ഓര്‍മ്മിപ്പിച്ചു.
എട്ട് വര്‍ഷം മുമ്പ് താന്‍ ഒര്‍ട്ടേഗയോട് പറഞ്ഞ അതേ കാര്യം ഇന്നും ആവര്‍ത്തിക്കുന്നുവെന്നും, നിക്കരാഗ്വയുടെ നന്മയെക്കരുതി അക്രമങ്ങള്‍ അവസാനിപ്പിച്ച് വിവേകത്തോടെ പെരുമാറാന്‍ ഭരണാധികാരികള്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രാജ്യത്ത് ചിന്തിയ ചോരയും അനുഭവിച്ച വേദനകളും ഒരിക്കലും വെറുതെയാകില്ലെന്നും നിക്കരാഗ്വയുടെ ചരിത്രത്തില്‍ ഒരു പുതിയ അധ്യായം കുറിക്കാന്‍ അത് കാരണമാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.