കൗമാരക്കാരോട് ദേഷ്യപ്പെട്ടും വിലക്കുകള്‍ ഏര്‍പ്പെടുത്തിയും മടുത്തെങ്കില്‍ ഈ അഞ്ച് കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി

 
ANGRY FACE


കൗമാരക്കാരായ മക്കളെ ശാസിച്ചോ ശിക്ഷിച്ചോ നേര്‍വഴിക്ക് നടത്താമെന്ന് കരുതുന്ന മാതാപിതാക്കളാണോ നിങ്ങള്‍? ടിവി കാണുന്നത് വിലക്കിയും, പുറത്തുപോകുന്നത് തടഞ്ഞും, വഴക്കുപറഞ്ഞും കുട്ടികളെ നിയന്ത്രിക്കുന്നത് പല വീടുകളിലും ഒരു സ്ഥിരം കാഴ്ചയാണ്. 

എന്നാല്‍ മുമ്പൊക്കെ ഇത് ഫലപ്രദമായിരുന്നെങ്കിലും, ഇന്നത്തെ കുട്ടികളില്‍ ഇത്തരം ശിക്ഷാരീതികള്‍ പലപ്പോഴും വിപരീത ഫലമാണ് ഉണ്ടാക്കുന്നത്. 


ഇത് വെറുമൊരു കൗമാരക്കാരുടെ പിടിവാശിയല്ല; മറിച്ച് ശിക്ഷകള്‍ കൗമാരക്കാരില്‍ ഫലിക്കാത്തതിന് പിന്നില്‍ തലച്ചോറിന്റെ വളര്‍ച്ചയും മനഃശാസ്ത്രവുമായി ബന്ധപ്പെട്ട ചില കാരണങ്ങളുണ്ടെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

തലച്ചോറിന്റെ വളര്‍ച്ചയിലെ പ്രത്യേകതകള്‍: കൗമാരപ്രായത്തില്‍ കുട്ടികളുടെ തലച്ചോറിലെ വികാരങ്ങളെയും 'റിവാര്‍ഡുകളെയും' നിയന്ത്രിക്കുന്ന ഭാഗങ്ങള്‍ അതിവേഗം വളരും. എന്നാല്‍ ദീര്‍ഘകാല പ്രത്യാഘാതങ്ങളെക്കുറിച്ച് ചിന്തിക്കാന്‍ സഹായിക്കുന്ന 'പ്രീഫ്രണ്ടല്‍ കോര്‍ട്ടെക്‌സ്' (ജൃലളൃീിമേഹ രീൃലേഃ) സാവധാനത്തിലാണ് വികസിക്കുന്നത്. അതിനാല്‍ തന്നെ മാതാപിതാക്കളുടെ ശിക്ഷകളെക്കാള്‍ അവര്‍ക്ക് വലുത് ആ നിമിഷത്തില്‍ കൂട്ടുകാരില്‍ നിന്ന് ലഭിക്കുന്ന അംഗീകാരവും സന്തോഷവുമാണ്.
•    വിപരീത ഫലം നല്‍കുന്ന ശിക്ഷകള്‍: കടുത്ത ശിക്ഷകള്‍ കുട്ടികളില്‍ ഭയം ഉണ്ടാക്കുമെങ്കിലും അത് താല്‍ക്കാലികം മാത്രമാണ്. സ്ഥിരമായി ശിക്ഷിക്കുന്നത് കുട്ടികളില്‍ ഉത്കണ്ഠ, അമിതമായ ദേഷ്യം എന്നിവ കൂട്ടാനും മാതാപിതാക്കളുമായുള്ള ബന്ധം വഷളാക്കാനും കാരണമാകുന്നു. വഴക്കുപറയുന്നത് പതിവാകുമ്പോള്‍ കുട്ടികള്‍ അത് കേള്‍ക്കാതിരിക്കാനും കാര്യങ്ങള്‍ ഒളിച്ചുവെക്കാനും പഠിക്കുന്നു
•    കൂട്ടുകാരുടെ സ്വാധീനവും നീതിബോധവും: കൗമാരക്കാര്‍ കൂട്ടുകാരുടെ അഭിപ്രായങ്ങള്‍ക്ക് വലിയ വില നല്‍കുന്നവരാണ്. കൂടാതെ മാതാപിതാക്കള്‍ വെക്കുന്ന നിയമങ്ങള്‍ ന്യായമാണോ എന്ന് അവര്‍ ചിന്തിക്കാറുണ്ട്. അകാരണമായ നിയന്ത്രണങ്ങള്‍ കുട്ടികളില്‍ വാശി കൂട്ടാനും, മാതാപിതാക്കള്‍ പറയുന്നതിന് നേരെ വിപരീതമായി പ്രവര്‍ത്തിക്കാനും മാത്രമേ ഉപകരിക്കൂ


മക്കളെ ഭയപ്പെടുത്തി വളര്‍ത്തുന്നതിന് പകരം അവരില്‍ മാറ്റങ്ങള്‍ വരുത്താന്‍ സഹായിക്കുന്ന ചില ശാസ്ത്രീയ മാര്‍ഗങ്ങള്‍ ഇതാ:

•    കാരണങ്ങള്‍ പറഞ്ഞുകൊടുക്കുക: നിയമങ്ങള്‍ വെക്കുമ്പോള്‍ അത് എന്തിനാണെന്ന് കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കുക. ഉദാഹരണത്തിന്, രാത്രി വൈകി പുറത്തിറങ്ങരുത് എന്ന് പറയുന്നതിനൊപ്പം അതിലെ സുരക്ഷാ പ്രശ്‌നങ്ങള്‍ കൂടി അവരെ ബോധ്യപ്പെടുത്തുക. കുട്ടികളുടെ അഭിപ്രായങ്ങള്‍ കൂടി കേള്‍ക്കാന്‍ തയ്യാറാകുന്നത് അവര്‍ക്ക് നിങ്ങളോടുള്ള ബഹുമാനം വര്‍ധിപ്പിക്കും


•    പ്രായോഗികമായ തിരുത്തലുകള്‍: അകാരണമായി ശിക്ഷിക്കുന്നതിന് പകരം, അവര്‍ ചെയ്ത തെറ്റിന് ആനുപാതികമായ തിരുത്തല്‍ നടപടികള്‍ സ്വീകരിക്കുക. രാത്രി വൈകി വീട്ടില്‍ വന്നാല്‍ പിറ്റേന്ന് രാവിലെ നേരത്തെ എഴുന്നേല്‍പ്പിക്കുക പോലുള്ള രീതികള്‍ പരീക്ഷിക്കാം. ഇതിലൂടെ തങ്ങള്‍ ചെയ്യുന്ന പ്രവൃത്തികളുടെ അനന്തരഫലങ്ങള്‍ എന്താണെന്ന് അവര്‍ക്ക് മനസിലാകും


•    നല്ല കാര്യങ്ങളെ പ്രശംസിക്കുക: കുട്ടികള്‍ ചെയ്യുന്ന നല്ല കാര്യങ്ങളെയും മാറ്റങ്ങളെയും അഭിനന്ദിക്കാന്‍ മടികാണിക്കരുത്. നല്ല സ്വഭാവങ്ങളെ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് തെറ്റായ ശീലങ്ങള്‍ ഒഴിവാക്കാന്‍ അവരെ പ്രേരിപ്പിക്കും


•    ഒരുമിച്ചിരുന്ന് പരിഹാരം കാണുക: ഭയപ്പെടുത്തുന്നതിന് പകരം അവരുമായി തുറന്ന് സംസാരിച്ച് പ്രശ്‌നപരിഹാരം കണ്ടെത്തുക. 'എനിക്ക് നിന്നെയോര്‍ത്ത് ഈ കാര്യങ്ങളില്‍ പേടിയുണ്ട്, ഇതെക്കുറിച്ച് നമുക്കൊന്ന് സംസാരിച്ചാലോ?' എന്ന് ചോദിച്ച് തുടങ്ങുന്നത് അവരില്‍ മാറ്റമുണ്ടാക്കാന്‍ സഹായിക്കും


•    തെറ്റുകള്‍ തിരുത്താന്‍ അവസരം നല്‍കുക: ഒരു തെറ്റ് സംഭവിച്ചാല്‍ അതിന് ശിക്ഷ നല്‍കുന്നതിന് പകരം, ആ തെറ്റ് എങ്ങനെ പരിഹരിക്കാമെന്നും ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ എന്ത് ചെയ്യാമെന്നും അവരെക്കൊണ്ട് തന്നെ ചിന്തിപ്പിക്കുക


അമിതമായ നിയന്ത്രണങ്ങള്‍ക്ക് പകരം സ്‌നേഹവും കൃത്യമായ മാര്‍ഗനിര്‍ദേശങ്ങളും നല്‍കി വളര്‍ത്തുന്നത് മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കും. ഇത് അവരുടെ വൈകാരിക വളര്‍ച്ചയ്ക്കും ഭാവി ജീവിതത്തിനും വലിയ രീതിയില്‍ ഗുണം ചെയ്യും.

Tags

Share this story

From Around the Web