മാപ്പെഴുതി നല്‍കിയാല്‍ ലൈബ്രറിയില്‍ പ്രവേശിക്കാം; സസ്‌പെന്‍ഡ് ചെയ്ത വിദ്യാര്‍ഥികളോട് കാസര്‍കോട് കേന്ദ്ര സര്‍വകലാശാല, ഒരു കാരണവശാലും മാപ്പെഴുതി നല്‍കില്ലെന്ന ഉറച്ച നിലപാടിലാണ് എസ്എഫ്‌ഐ
കാസര്‍കോട്: കാലടി യൂണിവേഴ്‌സിറ്റിക്ക് പിന്നാലെ വിദ്യാര്‍ഥികളോട് മാപ്പെഴുതാന്‍ ആവശ്യപ്പെട്ട് കാസര്‍കോട് പെരിയ കേന്ദ്ര സര്‍വകലാശാലയും.
പെരിയ കേന്ദ്ര സര്‍വകലാശാലാ ക്യാമ്പസ് ലൈബ്രറിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ആറ് വിദ്യാര്‍ഥികളോടാണ് മാപ്പെഴുതി നല്‍കാന്‍ സര്‍വകലാശാലാ അധികൃതര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
മാപ്പെഴുതി നല്‍കിയാല്‍ ലൈബ്രറിയില്‍ പ്രവേശിക്കാന്‍ അനുവദിക്കാമെന്ന് നിര്‍ദേശിച്ചുകൊണ്ടാണ് സര്‍വകലാശാല വിദ്യാര്‍ഥികള്‍ക്ക് ഇ-മെയില്‍ സന്ദേശം അയച്ചിരിക്കുന്നത്. എന്നാല്‍, ഒരു കാരണവശാലും മാപ്പെഴുതി നല്‍കില്ലെന്ന ഉറച്ച നിലപാടിലാണ് എസ്എഫ്‌ഐ.
പരീക്ഷാക്കാലത്ത് വിദ്യാര്‍ഥികളെ അനാവശ്യമായി ബുദ്ധിമുട്ടിച്ച സര്‍വകലാശാലാ അധികൃതരാണ് മാപ്പ് പറയേണ്ടതെന്ന് എസ്എഫ്‌ഐ നേതൃത്വം വ്യക്തമാക്കി. നടപടിയില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച മുതല്‍ ക്യാമ്പസില്‍ പ്രതിഷേധ പരിപാടികള്‍ ശക്തമാക്കാനും എസ്എഫ്‌ഐ തീരുമാനിച്ചിട്ടുണ്ട്.
എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി ഉള്‍പ്പെടെ അഞ്ച് വിദ്യാര്‍ഥികളെയാണ് സര്‍വകലാശാല ലൈബ്രറിയില്‍ പ്രവേശിക്കരുതെന്ന് കാണിച്ച് പ്രോക്ടര്‍ ഉത്തരവിറക്കിയത്. അനുവാദമില്ലാത്ത സമയത്ത് റീഡിങ് റൂമില്‍ പ്രവേശിച്ചു എന്നാരോപിച്ചായിരുന്നു വിദ്യാര്‍ഥികള്‍ക്കെതിരെ നടപടിയെടുത്തിരുന്നത്.
പരീക്ഷകള്‍ ആരംഭിക്കാനിരിക്കെയായിരുന്നു ലൈബ്രറിയില്‍ കയറുന്നതിന് വിലക്കേര്‍പ്പെടുത്തിയത്. ഇതിന് പുറമെ, ഹോസ്റ്റലില്‍ നിന്ന് ഒഴിഞ്ഞുപോകണമെന്ന് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിക്ക് അധികൃതര്‍ നിര്‍ദേശവും നല്‍കിയിരുന്നു.