ചുമ മരുന്നുകൾ വാങ്ങണമെങ്കിൽ ഡോക്ടറുടെ കുറിപ്പടി നിർബന്ധം; നിർണ്ണായകമായ വിജ്ഞാപനവുമായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം

 
COUGH

ന്യൂഡൽഹി: രാജ്യത്തെ മെഡിക്കൽ സ്റ്റോറുകളിൽ നിന്ന് ചുമ മരുന്നുകൾ (കഫ് സിറപ്പുകൾ) വാങ്ങുന്നതിന് ഇനി ഡോക്ടറുടെ കുറിപ്പടി നിർബന്ധമാക്കിക്കൊണ്ട് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു. വ്യാജ കഫ് സിറപ്പുകൾ മൂലമുണ്ടാകുന്ന മരണങ്ങൾ വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് ഇത്തരമൊരു കർശന നടപടി സർക്കാർ സ്വീകരിച്ചിരിക്കുന്നത്.

ഇന്ത്യയിലെ ഡ്രഗ്സ് റൂൾസ് ചട്ടങ്ങളിൽ അതിനിർണ്ണായകമായ മാറ്റം വരുത്തിക്കൊണ്ടാണ് വിജ്ഞാപനം ഇറക്കിയത്. കഴിഞ്ഞ ഡിസംബറിൽ പുറപ്പെടുവിച്ച കരട് നിർദ്ദേശങ്ങൾ പൊതുജനങ്ങളുടെ അഭിപ്രായങ്ങൾ കൂടി പരിഗണിച്ച ശേഷമാണ് അന്തിമമാക്കിയത്. ഡ്രഗ്സ് ചട്ടങ്ങളിലെ ഷെഡ്യൂൾ കെ (സീരിയൽ നമ്പർ 13, ഐറ്റം നമ്പർ 7) പ്രകാരം ചുമ മരുന്നുകൾക്ക് ലഭിച്ചിരുന്ന പ്രത്യേക ഇളവ് സർക്കാർ നീക്കം ചെയ്തു. 

നേരത്തെ ഷെഡ്യൂൾ കെ വിഭാഗത്തിൽ ഉൾപ്പെട്ടിരുന്ന മരുന്നുകൾക്ക് ഡോക്ടറുടെ കുറിപ്പടിയില്ലാതെ തന്നെ സാധാരണക്കാർക്ക് എളുപ്പത്തിൽ ലഭ്യതയുണ്ടായിരുന്നു. പാരസെറ്റമോൾ, ഗർഭനിരോധന ഗുളികകൾ, ആന്റിസെപ്റ്റിക് ലായനികൾ എന്നിവ ഇന്നും ഈ വിഭാഗത്തിൽ തുടരുന്നുണ്ടെങ്കിലും കഫ് സിറപ്പുകളെ ഇതിൽ നിന്ന് ഒഴിവാക്കുകയായിരുന്നു.

തുടർച്ചയായി റിപ്പോർട്ട് ചെയ്യപ്പെട്ട മരണങ്ങളും സുരക്ഷാപ്രശ്നങ്ങളും മുൻനിർത്തിയാണ് സർക്കാർ ഇത്തരമൊരു സുപ്രധാന തീരുമാനത്തിലേക്ക് എത്തിയത്. ഇതോടെ രാജ്യത്തെ എല്ലാ ഫാർമസികളിലും ഡോക്ടറുടെ കുറിപ്പടി ഇല്ലാത്ത ചുമ മരുന്നുകളുടെ വിൽപന പൂർണ്ണമായി തടയപ്പെടും.

Tags

Share this story

From Around the Web