''മോഷ്ടിച്ച സ്വര്‍ണം വില്‍ക്കാന്‍ ശ്രമിച്ചാല്‍ പിടികൂടും''. പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍
സ്വര്‍ണാഭരണങ്ങള്‍ വില്‍ക്കുമ്പോള്‍ ഹാള്‍മാര്‍ക്കിനൊപ്പം ഇനി 'സോള്‍ഡ്' എന്ന് രേഖപ്പെടുത്തേണ്ടിവരും. ആഭരണത്തിന്റെ തിരിച്ചറിയല്‍ കോഡ് മറ്റൊന്നിനായി ദുരുപയോഗം ചെയ്യാതിരിക്കുന്നതിനും മോഷ്ടിച്ച സ്വര്‍ണം വില്‍ക്കുന്നത് തടയാനുമാണ് ഈ നീക്കം.
ഹാള്‍മാര്‍ക്ക് യുണീക് ഐഡന്റിഫിക്കേഷന്‍ (എച്ച്.യു.ഐ.ഡി.) നമ്പറിനുനേരെയാകും 'സോള്‍ഡ്' രേഖപ്പെടുത്തുക. ഘട്ടംഘട്ടമായി പദ്ധതി നടപ്പാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. നഗരങ്ങളിലെ വന്‍കിട റീട്ടെയില്‍ വ്യാപാരികള്‍ വഴിയാകും ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പാക്കുക.
പുതിയ സംവിധാനം ഇങ്ങനെ
എച്ച്.യു.ഐ.ഡി. ടാഗിങ്: നിലവില്‍ സ്വര്‍ണാഭരണങ്ങള്‍ക്ക് ആറക്ക അക്ഷരസംഖ്യാ രൂപത്തിലുള്ള നമ്പര്‍ നല്‍കുന്നുണ്ട്. 'സോള്‍ഡ്' രേഖപ്പെടുത്തല്‍: ആഭരണം വില്‍ക്കുന്ന സമയത്ത് ജുവല്ലറികള്‍ അവരുടെ സിസ്റ്റത്തില്‍ ഹാള്‍മാര്‍ക്കിനുനേരെ 'സോള്‍ഡ്' എന്ന് രേഖപ്പെടുത്തും.
അനധികൃത ഉപയോഗം തടയല്‍: ഒരിക്കല്‍ വിറ്റതായി രേഖപ്പെടുത്തിയ എച്ച്.യു.ഐ.ഡി. നമ്പര്‍ വീണ്ടും മറ്റൊരു ആഭരണത്തിനായി ഉപയോഗിക്കാന്‍ ശ്രമിച്ചാല്‍ സിസ്റ്റം തിരിച്ചറിഞ്ഞ് മുന്നറിയിപ്പ് നല്‍കും.
പരിശോധന: പുനര്‍വില്പനയ്ക്കായി എത്തുന്ന പഴയ സ്വര്‍ണത്തിന്റെ എച്ച്.യു.ഐ.ഡി. പരിശോധിക്കുന്നതിലൂടെ മോഷ്ടിച്ചതാണോ യഥാര്‍ഥ ഉടമയുടേതാണോ എന്ന് വ്യാപാരികള്‍ക്ക് എളുപ്പത്തില്‍ കണ്ടെത്താം.
ഉപഭോക്താക്കള്‍ക്കുള്ള നേട്ടം
ആധികാരികത: ബി.ഐ.എസ്. കെയര്‍ ആപ്പ് വഴി വാങ്ങുന്ന ആഭരണത്തിന്റെ വിശ്വാസ്യത ഉപഭോക്താക്കള്‍ക്ക് പരിശോധിക്കാം.
സുതാര്യത: വില്‍ക്കുന്ന സമയത്ത് നല്‍കുന്ന ബില്ലില്‍ എച്ച്.യു.ഐ.ഡി. നമ്പറും തൂക്കവും രേഖപ്പെടുത്തുന്നതിനാല്‍ ഓരോ ആഭരണവും കൃത്യമായി ട്രാക്ക് ചെയ്യാന്‍ സാധിക്കും.
നടപ്പിലാക്കുന്നത് ഇപ്രകാരം
ആദ്യഘട്ടത്തില്‍ നഗരപ്രദേശങ്ങളിലെ വന്‍കിട റീട്ടെയില്‍ വ്യാപാരികള്‍ക്ക് ഇത് നിര്‍ബന്ധമാക്കും. രണ്ടാംഘട്ടത്തില്‍ ഗ്രാമീണ മേഖലകളിലേക്കും അസംഘടിത മേഖലയിലേക്കും വ്യാപിപ്പിക്കും. രാജ്യത്തെ 800 ജില്ലകളില്‍ പകുതിയോളമിടങ്ങളില്‍ ഹാള്‍മാര്‍ക്കിങ് നിലവില്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്.
പ്രതിമാസം ശരാശരി ഒരു കോടിയിലധികം ആഭരണങ്ങളാണ് നിലവില്‍ ഹാള്‍മാര്‍ക്ക് ചെയ്യുന്നത്. രാജ്യത്തെ സ്വര്‍ണാഭരണ ഡിമാന്‍ഡും വില്പനയും പരിഗണിച്ചാണ് പുതിയ വ്യവസ്ഥകള്‍ നടപ്പാക്കുന്നത്.