മുട്ട തൊട്ടാല്‍ പൊള്ളും. സാധാരണ കോഴിമുട്ടയ്ക്ക് പോലും 12 രൂപ വരെ
സംസ്ഥാനത്ത് കോഴിമുട്ടയുടെ വില കുത്തനെ ഉയരുന്നു. മുന്‍പ് 5.50 രൂപയ്ക്ക് ലഭിച്ചിരുന്ന സാധാരണ കോഴിമുട്ടയ്ക്ക് ഇപ്പോള്‍ ചില്ലറ വിപണിയില്‍ 8 മുതല്‍ 10 രൂപ വരെയാണ് ഈടാക്കുന്നത്.
എറണാകുളം ജില്ലയിലെ ഹോള്‍സെയില്‍ വിപണിയില്‍ 7 രൂപ മുതല്‍ 7.50 രൂപ വരെയാണ് നിലവിലെ വില. ഏറെ ആവശ്യക്കാരുള്ള നാടന്‍ കോഴിമുട്ടയുടെ വില 9 രൂപയില്‍ നിന്ന് ഉയര്‍ന്ന് 12 രൂപയായി.
തിരുവനന്തപുരത്ത് വെള്ള മുട്ടയ്ക്ക് 7.40 രൂപയും നാടന്‍ മുട്ടയ്ക്ക് 7.80 രൂപയുമാണ് വില. ഒരു മാസം മുന്‍പ് ഇവ യഥാക്രമം 6, 7 രൂപയായിരുന്നു. കോഴിക്കോട് 'ബിവി 380' കോഴിയുടെ മുട്ട ചില്ലറ വില്‍പനയില്‍ 10 മുതല്‍ 12 രൂപ വരെയായി.
വീടുകളില്‍ വളര്‍ത്തുന്ന തനി നാടന്‍ കോഴികളുടെ മുട്ടയുടെ വില 10-12 രൂപയില്‍ നിന്ന് 14 രൂപയിലേക്കും വര്‍ധിച്ചു. കണ്ണൂരില്‍ രണ്ടാഴ്ച മുന്‍പ് 6.75 രൂപയായിരുന്ന കോഴിമുട്ടയ്ക്ക് ഇപ്പോള്‍ 8 രൂപയാണ് വില.
വിലക്കയറ്റത്തിന് പ്രധാനമായും രണ്ട് കാരണങ്ങളാണുള്ളത്. ഒന്ന്, തമിഴ്‌നാട് സര്‍ക്കാരിന്റെ ഉച്ചഭക്ഷണ പദ്ധതിയില്‍ മുട്ട ഉള്‍പ്പെടുത്തിയതോടെ കേരളത്തിലേക്കുള്ള വരവ് കുറഞ്ഞു. രണ്ട്, 50 കിലോ കോഴിത്തീറ്റയുടെ വില 2300 രൂപയായി ഉയര്‍ന്നത് ഉല്‍പാദനത്തെയും പ്രതികൂലമായി ബാധിച്ചു.
വ്യാപാരികളുടെ കണക്കനുസരിച്ച്, നാമക്കലില്‍ നിന്ന് പ്രതിദിനം കോടിക്കണക്കിന് മുട്ടകളാണ് കേരളത്തിലേക്ക് എത്തുന്നത്. 2026 ഏപ്രില്‍ മുതല്‍ നാമക്കലിലെ മൊത്തവിലയിലും വര്‍ധനയുണ്ടായിട്ടുണ്ട്.
അതിനിടെ, മുട്ട വിലക്കയറ്റത്തെ അതിജീവിക്കാന്‍ കോഴി കര്‍ഷകര്‍ക്കിടയില്‍ 'ബിവി 380' ഇനം കോഴികള്‍ക്ക് പ്രചാരമേറുകയാണ്. വര്‍ഷത്തില്‍ 280 മുതല്‍ 300 വരെ മുട്ടകളിടുന്ന ഈ ഇനത്തിന് പരിപാലനച്ചെലവ് കുറവാണെന്നതും അധിക വരുമാനം ലഭിക്കുമെന്നതുമാണ് കര്‍ഷകരെ ആകര്‍ഷിക്കുന്നത്.