പ്രിയദര്‍ശിനിയ്ക്ക് നേരെ കൈവെച്ചാല്‍ പണി പാളും; വനിതാ സൗജന്യ ബസുകള്‍ തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കെഎസ്ആര്‍ടിസി
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി.യുടെ വനിതാ സൗജന്യ യാത്രാ ബസ് സര്‍വീസായ 'പ്രിയദര്‍ശിനി'ക്ക് നേരെ നടക്കുന്ന ആക്രമണങ്ങളിലും സര്‍വീസ് തടസ്സപ്പെടുത്തലുകളിലും യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് കെ.എസ്.ആര്‍.ടി.സി. മാനേജ്മെന്റ്.
ജീവനക്കാരെ ആക്രമിക്കുന്നവര്‍ക്കും പൊതുമുതല്‍ നശിപ്പിക്കുന്നവര്‍ക്കും എതിരെ പി ഡി പി പി ആക്ട് ഉള്‍പ്പെടെയുള്ള കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്ന് കെഎസ്ആര്‍ടിസി ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ അറിയിച്ചു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രിയദര്‍ശിനി ബസുകള്‍ക്ക് നേരെ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തിലാണ് ഈ മുന്നറിയിപ്പ്. കഴിഞ്ഞ ദിവസം വൈക്കത്തിന് സമീപം പ്രിയദര്‍ശിനി ബസ് തടഞ്ഞുനിര്‍ത്തി സ്വകാര്യ ബസ് ജീവനക്കാര്‍ അസഭ്യം പറയുകയും കൈയേറ്റത്തിന് ശ്രമിക്കുകയും ബസിന്റെ ക്വാര്‍ട്ടര്‍ ഗ്ലാസ് തകര്‍ക്കുകയും ചെയ്തു.
സംഭവത്തില്‍ വൈക്കം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ജൂലൈ 24ന് കൊല്ലം പത്തനംതിട്ട സര്‍വീസിനിടെ ബൈക്കിലെത്തിയ രണ്ട് യുവാക്കള്‍ യാതൊരു പ്രകോപനവുമില്ലാതെ കെഎസ്ആര്‍ടിസി ഡ്രൈവര്‍ എസ്. രാജീവിനെ മര്‍ദ്ദിച്ചു.
പരിക്കേറ്റ ഡ്രൈവര്‍ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. പൊതുഗതാഗത സേവനങ്ങള്‍ തടസ്സപ്പെടുത്തുന്നവര്‍ക്കെതിരെ പൊലീസുമായി ഏകോപിച്ച് ശക്തമായ നിയമനടപടികള്‍ സ്വീകരിക്കും.
യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതില്‍ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും, ഇത്തരം അക്രമങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ അധികൃതരെ വിവരമറിയിക്കണമെന്നും കെഎസ്ആര്‍ടിസി അഭ്യര്‍ത്ഥിച്ചു.