ഒരു കോടിയിട്ടാൽ രണ്ടുകോടി ലാഭം’; കണ്ണൂരിൽ ഓൺലൈനിലൂടെ ഡോക്ടർക്ക് നഷ്ടമായത് 4 കോടി രൂപ

കണ്ണൂർ: വ്യാജ ഷെയർ ട്രേഡിങ് ആപ്പിലൂടെ ഡോക്ടർക്ക് നഷ്ടമായത് 4.4 കോടി രൂപ. തട്ടിപ്പ് സംഘത്തിലെ മുഖ്യ പ്രതിക്ക് സ്വന്തമായി മൊബൈൽ നമ്പറോ, സിം കാർഡോ, എടിഎം കാർഡോ ഇല്ല. കേസിൽ തട്ടിപ്പ് സംഘത്തിലെ മുഖ്യ പ്രതി എറണാകുളം അറക്കപ്പടി സ്വദേശി സൈനുൽ ആബിദിനെ(41) കഴിഞ്ഞ ദിവസമാണ് അറസ്റ്റ് ചെയ്തത്. മറ്റുള്ളവരുടെ പേരിലെടുത്ത സിം കാർഡുകളും എടിഎം കാർഡുകളുമാണ് ഇയാൾ തട്ടിപ്പിനുപയോഗിച്ചിരുന്നത്.
തട്ടിപ്പിനിരയായ ഡോക്ടർ ജൂൺ 25നാണ് പോലീസിൽ പരാതി നൽകിയത്. ഓൺലൈൻ ഷെയർ ട്രേഡിങ് നടത്തുന്നതിനായി പ്രതികൾ ഉൾപ്പെടുന്ന വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ ഡോക്ടറെക്കൊണ്ട് അപ്സ്റ്റോക് എന്ന കമ്പനിയുടെ വെൽത്ത് പ്രോഫിറ്റ് പ്ലാൻ സ്കീമിൽ വൻ ലാഭം കിട്ടുമെന്നു വിശ്വസിപ്പിച്ചാണ് പലതവണയായി 4,43,20,000 രൂപ നിക്ഷേപിപ്പിച്ചത്. ആദ്യം ചെറിയ തുകകളായിരുന്നു നിക്ഷേപിച്ചത്. പിന്നീട് ലാഭം പെരുപ്പിച്ചുകാട്ടി കൂടുതൽ തുക നിക്ഷേപിക്കാൻ പ്രതികൾ ഡോക്ടറെ പ്രേരിപ്പിക്കുകയായിരുന്നു. പലതവണയായി 18 അക്കൗണ്ടുകളിലേക്ക് പ്രതികൾ ഡോക്ടറിന്റെ കയ്യിൽ നിന്ന് പണം നിക്ഷേപിപ്പിച്ചു. ഇതെല്ലാം തട്ടിപ്പുസംഘം മറ്റ് അക്കൗണ്ടുകളിലേക്കു മാറ്റുകയായിരുന്നു. ലാഭവിഹിതം കൂടുന്നത് കണ്ട ഡോക്ടർ സുഹൃത്തുക്കളിൽനിന്നു പണം വാങ്ങി കൂടുതൽ നിക്ഷേപം നടത്തി. നിക്ഷേപം നാല് കോടി കവിഞ്ഞപ്പോൾ ലാഭം ഇരട്ടിയായെന്നു തെറ്റിദ്ധരിപ്പിച്ചു. പിന്നീട് ഡോക്ടർ തുക പിൻവലിക്കണമെന്നാവശ്യപ്പെട്ടപ്പോൾ തട്ടിപ്പുസംഘം മുങ്ങുകയായിരുന്നു.
കേസിൽ പെരുമ്പാവൂർ സ്വദേശി റിജാസ് (41), ചെന്നൈ മങ്ങാട് സ്വദേശി മഹബൂബാഷ ഫാറൂഖ് (39) എന്നിവരെ ഓഗസ്റ്റ് 10ന് ചെന്നൈയിൽ നിന്ന് അറസ്റ്റ് ചെയ്തിരുന്നു.
ഡോക്ടറുടെ പണം കൈമാറിയ 18 അക്കൗണ്ടുകളിൽ ഒന്ന് ചെന്നൈ സ്വദേശിയായ സെന്തിൽകുമാർ എന്നയാളുടേതായിരുന്നു.
ഈ അക്കൗണ്ടിൽ വന്ന 44 ലക്ഷം രൂപ എടിഎം വഴിയും ഓൺലൈൻ ഇടപാടുവഴിയും കൈക്കലാക്കിയത് റിജാസും മഹബൂബാഷയുമായിരുന്നു. ഡോക്ടർ പണം നിക്ഷേപിച്ച സെന്തിലിന്റെ അക്കൗണ്ട് വിവരം തേടിയപ്പോഴാണ് റിജാസിനെക്കുറിച്ചും മഹബൂബാഷയെക്കുറിച്ചും പൊലീസിന് വിവരം ലഭിക്കുന്നത്.
റിജാസും ബാഷയുമാണ് തന്നെക്കൊണ്ട് അക്കൗണ്ട് എടുപ്പിച്ചതെന്നും പാസ്ബുക്കും എടിഎം കാർഡും അവർ കൈക്കലാക്കിയെന്നും സെന്തിൽ പൊലീസിനോടു പറഞ്ഞിരുന്നു.