അത്ര സ്‌നേഹമാണെങ്കില്‍ താന്‍ തന്നെ തിന്നുതീര്‍ക്കെടോ; കാലാവധി കഴിഞ്ഞ സാധനങ്ങള്‍ വില്‍ക്കുന്നയാളെ രക്ഷിക്കാനെത്തിയ ഉദ്യോഗസ്ഥനെ വളഞ്ഞ് ജനക്കൂട്ടം

 
FOOD


മുംബൈ: മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗര്‍ ജില്ലയില്‍ കാലാവധി കഴിഞ്ഞ സാധനങ്ങള്‍ വില്‍ക്കുന്നയാളെ രക്ഷിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥനെ തടഞ്ഞുവെച്ച് ജനക്കൂട്ടം. പ്രദേശത്തെ പലചരക്കുകടയില്‍ കാലാവധി കഴിഞ്ഞ ബിസ്‌കറ്റ് പാക്കുകള്‍ വില്‍ക്കുകയായിരുന്ന കച്ചവടക്കാരനില്‍ നിന്ന് കൈക്കൂലി വാങ്ങി രക്ഷപ്പെടാന്‍ ഉദ്യോഗസ്ഥന്‍ സഹായിച്ചുവെന്നാരോപിച്ചാണ് ജനക്കൂട്ടം വലിയ രീതിയില്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.
ഉദ്യോഗസ്ഥനെതിരെ രോഷാകുലരായി മുദ്രാവാക്യം വിളിക്കുകയും കാലാവധി തീര്‍ന്ന ബിസ്‌ക്കറ്റ് ബലംപ്രയോഗിച്ച് കഴിപ്പിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ അതിവേഗം പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. ഇന്നലെ വൈകിട്ടാണ് സംഭവം.

കടയില്‍ നിന്ന് വാങ്ങിയ ലഘുഭക്ഷണം കഴിച്ച് പ്രദേശവാസിയായ രണ്ടുവയസ്സുകാരന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതാണ് സംശയത്തിനിടയാക്കിയതെന്ന് നാട്ടുകാര്‍ പറഞ്ഞു. ഭക്ഷണം കഴിച്ചതിന് ശേഷം കുട്ടി വല്ലാതെ ക്ഷീണിതനായി കാണപ്പെട്ടുവെന്നും അവസ്ഥ മോശമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നെന്നും കുട്ടിയുടെ മാതാപിക്കള്‍ പറഞ്ഞു.
പിന്നാലെ, കുട്ടിയുടെ രക്ഷിതാക്കളും പ്രദേശവാസികളില്‍ ചിലരും ചേര്‍ന്ന് ഛത്രപതി സംഭാജിനഗറിലെ ഫുഡ് ആന്‍ഡ് ഡ്രഗ് സേഫ്റ്റി അഡ്മിനിസ്‌ട്രേഷനില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് സ്ഥലത്തെത്തി കടകള്‍ പരിശോധിക്കുകയും ചെയ്തു. എന്നാല്‍, ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുന്നതിന് മുന്‍പ് കടയുടമ ആരോപണവിധേയമായ ലഘുഭക്ഷണ പാക്കുകള്‍ നീക്കം ചെയ്തിരുന്നുവെന്നാണ് നാട്ടുകാരുടെ ആക്ഷേപം. പരിശോധനയ്ക്കിടെ കാലാവധി തീര്‍ന്ന നിരവധി ബിസ്‌ക്കറ്റ് പാക്കുകള്‍ ഉദ്യോഗസ്ഥന്റെ ശ്രദ്ധയില്‍ പെട്ടിട്ടും നടപടിയെടുക്കാതെ ഒത്തുതീര്‍പ്പിന് ശ്രമിച്ചെന്നും അവര്‍ ആരോപിച്ചു.

പിന്നാലെയുണ്ടായ വന്‍ ജനരോഷത്തിനിടെയാണ് ഒരുകൂട്ടമാളുകള്‍ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥനെ വളയുകയും കടയില്‍ നിന്ന് കണ്ടെടുത്ത കാലാവധി തീര്‍ന്ന ബിസ്‌ക്കറ്റ് ബലം പ്രയോഗിച്ച് കഴിപ്പിച്ചതും. അതേസമയം, ചിലയാളുകള്‍ ഉദ്യോഗസ്ഥനെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നതായും വീഡിയോയില്‍ കാണാം. വീഡിയോക്ക് താഴെ ഉദ്യോഗസ്ഥനെതിരെയും അച്ചടക്ക നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നിരവധി പേരാണ് കമന്റുകളുമായെത്തിയിരിക്കുന്നത്.
മഹാരാഷ്ട്രയിലുടനീളം സമീപകാലങ്ങളില്‍ നടത്തിയ പരിശോധനയില്‍ നിരവധി സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കുകയും പിഴയീടാക്കുകയും ചെയ്തിരുന്നു. വൃത്തിഹീനമായ സാഹചര്യങ്ങളും ഭക്ഷ്യസുരക്ഷാ വീഴ്ചകളും കണ്ടെത്തിയതിനെ തുടര്‍ന്ന് സംസ്ഥാനത്തെ ബ്ലിങ്കിറ്റ്, ഇന്‍സ്റ്റമാര്‍ട്ട്, സെപ്‌റ്റോ എന്നീ ഓണ്‍ലൈന്‍ ഡെലിവറി സ്ഥാപനങ്ങള്‍ക്ക് നേരെയും ഭക്ഷ്യസുരക്ഷാ വകുപ്പ് വടിയെടുക്കുകയുണ്ടായി.

Tags

Share this story

From Around the Web