'നേതാക്കളുടെ വാക്ക് കേട്ട് തെരുവിൽ ഇറങ്ങിയാൽ പോലീസ് അടി തരും'; എസ്എഫ്ഐക്ക് കടുത്ത മുന്നറിയിപ്പുമായി രമേശ് ചെന്നിത്തല
കോട്ടയം: എസ്.എഫ്.ഐ പ്രവര്‍ത്തകയെ ആശ്വസിപ്പിച്ചു പോലീസ്, കഴിഞ്ഞ പിണറായി കാലത്തെ നമ്മള്‍ കണ്ട കാഴ്ചകളില്‍ ഒന്നായിരുന്നിത്. പത്തു വര്‍ഷം തുടര്‍ച്ചയായി ഭരണത്തിലിരുന്ന ആലസ്യം തീര്‍ക്കാന്‍ വീണ്ടും സമരങ്ങളും കൈയ്യാങ്കളിയുമായി എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തെരുവില്‍ സജീവമായിരുന്നു. ജനാധിപത്യ സമരങ്ങളെ അക്രമ സമരങ്ങളാക്കാന്‍ എസ്.എഫ്.ഐ നേതൃത്വം ബേധപൂര്‍വം ശ്രമിക്കുന്നു എന്ന ആരോപണങ്ങളും ഇതിനോടകം ഉയര്‍ന്നു കഴിഞ്ഞു.
അക്രമ സമരങ്ങളെ വെച്ചുപൊറുപ്പിക്കില്ലെന്നും നിര്‍ദാക്ഷണ്യം കൈകാര്യം ചെയ്യാനാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പോലീസിനു നല്‍കിയിരിക്കുന്ന നിര്‍ദേശം. ഇന്നലെ രാത്രി എസ്.എഫ്.ഐ - കെ.എസ്.യു പ്രവര്‍ത്തകര്‍ തമ്മില്‍ വന്‍ സംഘര്‍ഷം ഉണ്ടായിരുന്നു. എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് ശിവപ്രസാദും ജില്ലാ ഭാരവാഹികളും ഉള്‍പ്പെടെ 11 പേര്‍ക്കെതിരേയാണു പോലീസ് കേസെടുത്തത്. സംഘര്‍ഷം ഉണ്ടാക്കി, അനധികൃതമായി കൂട്ടം ചേര്‍ന്നു, പൊതുമുതല്‍ നശിപ്പിച്ചു, പോലീസിനെ കയ്യേറ്റം ചെയ്യാന്‍ശ്രമിച്ചു തുടങ്ങിയ വകുപ്പുകളാണു ചേര്‍ത്തിരിക്കുന്നത്.
തുടര്‍ന്ന് എസ്.എഫ്.ഐ നടത്തിയ മാര്‍ച്ചില്‍ തുടര്‍ച്ചയായി രണ്ടുതവണ ജലപീരങ്കി ഉപയോഗിക്കേണ്ടി വന്നു. ഒരു പോലീസ് ഉദ്യോഗസ്ഥനു ഗുരുതരമായി പരുക്കേറ്റു. മണ്ണന്തല സ്റ്റേഷന്‍ സി.ഐയുടെ കൈയ്ക്ക് ഒടിവു സംഭവിച്ചു. ഇതോടെയാണ് അക്രമ സമരങ്ങളെ നിര്‍ദാക്ഷണ്യം കൈകാര്യം ചെയ്യാന്‍ പോലീസിനു ആഭ്യന്തര മന്ത്രി നിര്‍ദേശം നല്‍കിയത്.
നീണ്ട പത്തു വര്‍ഷം സമരം നടത്താതിരുന്ന എസ്.എഫ്.ഐ. ഭരണം നഷ്ടമായതോടെ ആലസ്യം വിട്ടുണര്‍ന്നു ശക്തി പ്രകടനം നടത്തി യുവാക്കളെ ആകര്‍ഷിക്കാനുള്ള ശ്രമത്തിലാണ്. നീറ്റ് പരീക്ഷാ വിവാദവുമായി ബന്ധപ്പെട്ട് എസ്.എഫ്‌ഐ എല്ലാ ജില്ലകളിലും സമരം നടത്തിയിരുന്നു. ഈ സമരത്തിലും പോലീസുമായി പലയിടത്തും വലിയ ഏറ്റുമുട്ടലാണു നടത്തിയത്.
ഇക്കുറി എസ്.എഫ്.ഐ. നടത്തിയ അക്രമം പോലീസിനെതിരേയുള്ള വെല്ലുവിളി കൂടിയായിരുന്നു സമരം. വരും നാളുകളില്‍ യു.ഡി.എഫ് സര്‍ക്കാരിനെതിരേയുള്ള സമരത്തിനു തുടക്കമെന്ന നിലയിലായിരുന്നു സമരത്തില്‍ പങ്കെടുത്ത നേതാക്കളുടെ പ്രസംഗവും. ഇന്ന് എല്ലാ ജില്ലകളിലും എസ്.എഫ്.ഐ മാര്‍ച്ച് സംഘടിപ്പിക്കുന്നുണ്ട്. ഈ മാര്‍ച്ചുകളും സംഘര്‍ഷഭരിതമായി മാറുമെന്നുറപ്പാണ്. അതേസമയം, നേതാക്കളുടെ വാക്കും കേട്ടു തെരുവില്‍ ഇറങ്ങിയാല്‍ അടി കൊള്ളേണ്ടി വരുമെന്ന ശക്തമായ സന്ദേശമാണു പോലീസ് നല്‍കുന്നത്.