ഇനി തൂങ്ങിയാല്‍ താഴെക്കിടക്കും പിള്ളേരെ; ഹോസ്റ്റലില്‍ സ്പ്രിങ്ങുള്ള ഫാന്‍;വീര്‍ നര്‍മദ് സൗത്ത് ഗുജറാത്ത് സര്‍വകലാശാലയിലാണ് സ്പ്രിങ് ഘടിപ്പിച്ച ഫാന്‍ സ്ഥാപിച്ചത്

 
FAN


 

ഗുജറാത്ത്:ഹോസ്റ്റലുകളില്‍ വിദ്യാര്‍ഥികള്‍ ജീവനൊടുക്കുന്നത് തടയാനായി ഗുജറാത്തിലെ സര്‍വകലാശാല നടത്തിയ നീക്കം സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നു. വീര്‍ നര്‍മദ് സൗത്ത് ഗുജറാത്ത് സര്‍വകലാശാലയാണ് ഹോസ്റ്റലുകളില്‍ സ്പ്രിങ് ഘടിപ്പിച്ച ഫാന്‍ സ്ഥാപിച്ചത്. 

സര്‍വകലാശാലയിലെ ഹോസ്റ്റലുകളിലായി ഏകദേശം 350 ഫാനുകളാണ് ഇത്തരത്തില്‍ ഘടിപ്പിച്ചിരിക്കുന്നത്. എന്നാല്‍ കുട്ടികളുടെ മാനസിക സമ്മര്‍ദത്തിനുള്ള പരിഹാരമാണോ ഇതെന്ന ചോദ്യവുമായി നിരവധിപേര്‍ രംഗത്തെത്തിക്കഴിഞ്ഞു. 


ഫാനില്‍ പത്ത് കിലോയിലധികം ഭാരം വന്നാല്‍ പ്രവര്‍ത്തിക്കുന്ന സ്പ്രിങ് സംവിധാനമാണ് ഇതിന്റെ പ്രത്യേകത. ഭാരം അനുഭവപ്പെടുമ്പോള്‍ സ്പ്രിങ് പ്രവര്‍ത്തിക്കുകയും വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെടുകയും ഫാന്‍ താഴുകയും ചെയ്യുന്ന രീതിയിലാണ് പ്രവര്‍ത്തനം.

 1500 രൂപയാണ് ഫാനിന്റെ വില. ഹോസ്റ്റലുകളില്‍ നടപ്പാക്കാവുന്ന ചെലവുകുറഞ്ഞ സുരക്ഷാ സംവിധാനമായാണ് സര്‍വകലാശാല ഈ നടപടിയെ വിലയിരുത്തുന്നത്. 

എന്നാല്‍ ശാരീരികമായ അപകടസാധ്യത ഇല്ലാതാക്കാം എന്നതിനപ്പുറം വിദ്യാര്‍ഥികള്‍ നേരിടുന്ന മാനസികപ്രയാസത്തിനും പ്രശ്‌നങ്ങള്‍ക്കും ഈ പരിഹാരം മതിയാകില്ലെന്നാണ് ഉയരുന്ന പ്രധാന വിമര്‍ശനം. 

ഈ സംവിധാനത്തിന്റെ പ്രവര്‍ത്തനം വിശദീകരിക്കുന്ന വൈസ് ചാന്‍സലര്‍ കിഷോര്‍സിങ് ചാവ്ദയുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.


 
വിദ്യാര്‍ഥികളുടെ മാനസിക ആരോഗ്യം മെച്ചപ്പെടുത്താനും പഠനസമ്മര്‍ദം കുറയ്ക്കാനുമാണ് സര്‍വകലാശാലകള്‍ ശ്രമിക്കേണ്ടതെന്ന ആവശ്യവും ഇതോടൊപ്പം ഉയരുന്നുണ്ട്. 


വിദ്യാഭ്യാസ മേഖല കുട്ടികള്‍ക്ക് മാനസിക പിന്തുണ നല്‍കുന്ന തരത്തിലുള്ള പഠന പരിഷ്‌കാരങ്ങള്‍ നടപ്പാക്കണമെന്നും ആവശ്യമുയര്‍ന്നു. രാജസ്ഥാനിലെ കോട്ടയിലും നേരത്തേ സമാനമായ ചില നീക്കങ്ങള്‍ നടത്തിയിരുന്നു. 

ഹോസ്റ്റലില്‍ സീലിങ് ഫാനുകള്‍ ഇരുമ്പ് കൂടുകള്‍ക്കുള്ളില്‍ സ്ഥാപിച്ചത് 2022ല്‍ ചര്‍ച്ചയായിരുന്നു. 2017ല്‍ തന്നെ കോട്ട ഹോസ്റ്റല്‍ അസോസിയേഷന്‍ ഫാനുകളില്‍ സ്പ്രിങ് സംവിധാനങ്ങളും അലാറം സെന്‍സറുകളും സ്ഥാപിക്കാനുള്ള നിര്‍ദേശവും മുന്നോട്ടുവച്ചിരുന്നു. 

2023 ഓഗസ്റ്റില്‍ ഹോസ്റ്റലുകളിലും പേയിങ് ഗസ്റ്റ് താമസസ്ഥലങ്ങളിലും സ്പ്രിങ് ഘടിപ്പിച്ച ഫാനുകള്‍ സ്ഥാപിക്കാന്‍ ജില്ലാ ഭരണകൂടം നിര്‍ദേശിച്ചിരുന്നു.

Tags

Share this story

From Around the Web