15 വര്‍ഷം പഴക്കമുള്ള വാഹനങ്ങളുമായി പോയാല്‍ ഇനിമുതല്‍ ഇന്ധനം ലഭിക്കില്ല. ഡല്‍ഹിയില്‍ നിയന്ത്രണം ഇന്നുമുതല്‍. നിയമലംഘനം കണ്ടെത്തിയാല്‍ കനത്ത പിഴ ഈടാക്കും

ന്യൂഡല്‍ഹി: പത്ത് വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുളള ഡീസല്‍ വാഹനങ്ങള്‍ക്കും 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുളള പെട്രോള്‍ വാഹനങ്ങള്‍ക്കും ഡല്‍ഹിയിലെ പമ്പുകളില്‍നിന്ന് ഇന്ന് മുതല്‍ ഇന്ധനം ലഭിക്കില്ല. തലസ്ഥാനത്തെ വാഹന മലിനീകരണം നിയന്ത്രിക്കാനുള്ള നടപടികളുടെ ഭാഗമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച തീരുമാനം ഇന്ന് മുതല്‍ നിലവില്‍ വന്നു.
സംസ്ഥാനത്തെ 350 പമ്പുകളിലാണ് ഈ തീരുമാനം നടപ്പാക്കുക. കമ്മീഷന് ഫോര്‍ എയര്‍ ക്വാളിറ്റി മാനേജ്മെന്റ് ഡല്‍ഹി പൊലീസുമായും ഗതാഗത വകുപ്പുമായും ചേര്‍ന്നെടുത്ത തീരുമാനത്തിന്റെ ഭാഗമായാണ് ഈ നടപടി. തീരുമാനം നല്ല രീതിയില്‍ നടപ്പിലാക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ കൃത്യമായ നിരീക്ഷണവും അധികൃതര്‍ നടത്തും.
ആദ്യ 100 പമ്പുകള്‍ ഡല്‍ഹി പൊലീസ്, 59 പമ്പുകള്‍ ഗതാഗത വകുപ്പ്, 91 പമ്പുകള്‍ ഇരു വിഭാഗങ്ങളുടെയും സംയുക്ത സേന, അവസാന 100 പമ്പുകള്‍ മുനിസിപ്പല്‍ കോര്പ്പറേഷന് ജീവനക്കാര്‍ എന്നിവര്‍ നിരീക്ഷിക്കും.
ഏതെങ്കിലും തരത്തില്‍ നിയമലംഘനം കണ്ടെത്തിയാല്‍ കനത്ത പിഴ തുടങ്ങിയ കര്‍ശന നടപടികള്‍ സ്വീകരിക്കും. പമ്പുകളില്‍ സ്ഥാപിച്ചിട്ടുള്ള ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് റെക്കഗ്നിഷന്‍ കാമറകള്‍ വഴിയാണ് നിയമം നടപ്പിലാക്കുക. കാമറ വാഹനത്തിന്റെ നമ്പര്‍ സ്കാന്‍ ചെയ്യും. വാഹനത്തിന്റെ വിവരങ്ങള്‍ വാഹന്‍ ഡാറ്റാബേസുമായി ബന്ധിപ്പിച്ചിട്ടുണ്ടായിരിക്കും.
ഇത് 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള പെട്രോള്‍ വാഹനങ്ങളെയും 10 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ഡീസല്‍ വാഹനങ്ങളെയും തല്‍ക്ഷണം തിരിച്ചറിയും. വാഹനം ഫ്ളാഗ് ചെയ്തുകഴിഞ്ഞാല്‍ ഇന്ധന പമ്പ് ഓപ്പറേറ്റര്‍ക്ക് ഒരു അലേര്‍ട്ട് ലഭിക്കും.
പഴകിയ വാഹനങ്ങളില്‍ നിന്നുള്ള മലിനീകരണം നിയന്ത്രിക്കാന്‍ ലക്ഷ്യമിട്ടുള്ള ഈ നിയന്ത്രണം, നവംബര്‍ 1 മുതല്‍ ഗുരുഗ്രാം, ഫരീദാബാദ്, ഗാസിയാബാദ്, ഗൗതം ബുദ്ധ് നഗര്‍, സോനെപത് തുടങ്ങിയ മറ്റ് ഡല്‍ഹി എന്‍സിആര്‍ മേഖലകളിലേക്കും 2026 ഏപ്രില്‍ 1 മുതല്‍ എന്‍സിആറിന്റെ ബാക്കി ഭാഗങ്ങളിലേക്കും ഘട്ടം ഘട്ടമായി വ്യാപിപ്പിക്കും.