താര്‍ വേണം, ഇല്ലെങ്കില്‍ കല്യാണമില്ല'; വിവാഹദിനത്തില്‍ വരന്റെ വാശി, വധു ആശുപത്രിയില്‍
 

 
marriage

ഗോണ്ട: താര്‍ എസ്യുവി സ്ത്രീധനമായി ലഭിച്ചാല്‍ മാത്രമേ വിവാഹത്തിന് തയ്യാറാകൂവെന്ന നിലപാടില്‍ വരന്‍ ഉറച്ചുനിന്നതോടെ വിവാഹം മുടങ്ങി. നിശ്ചയിച്ച സമയത്ത് വരനും വിവാഹസംഘവും എത്താതിരുന്നതോടെ വധുവിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഉത്തര്‍പ്രദേശിലെ ഗോണ്ടയിലാണ് സംഭവം. വരനും കുടുംബത്തിനുമെതിരെ വധുവിന്റെ കുടുംബം നഗര്‍ കോട്വാലി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

വിവാഹത്തിനായി അണിഞ്ഞൊരുങ്ങി വരനെയും വിവാഹസംഘത്തെയും കാത്തിരുന്ന വധുവിന് രാത്രി മുഴുവന്‍ കാത്തിരിക്കേണ്ടിവന്നു. വരന്‍ എത്തില്ലെന്നും വിവാഹം നടക്കില്ലെന്നും വ്യക്തമായതോടെ മാനസികമായി തകര്‍ന്ന യുവതി പലതവണ ബോധരഹിതയായി. തുടര്‍ന്ന് ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

കതാരിയ സ്വദേശിയായ ഡ്രൈവര്‍ മിര്‍സ അജ്മല്‍ ബേഗിന്റെ മകള്‍ നൗഷബ മിര്‍സ ബേഗിന്റെ വിവാഹമാണ് മുടങ്ങിയത്. ഒരു വര്‍ഷം മുമ്പാണ് ഗോരഖ്പൂര്‍ സ്വദേശിയായ മുഹമ്മദ് അസ്ലമിന്റെ മകന്‍ മുഹമ്മദ് സല്‍മാനുമായി വിവാഹം നിശ്ചയിച്ചത്. വിദേശത്ത് പഠിക്കുന്ന സല്‍മാന്‍ മൂന്ന് സഹോദരന്മാരും ഒരു സഹോദരിയുമുള്ള കുടുംബത്തിലെ മൂത്ത മകനാണ്.
ഒക്ടോബര്‍ 26 തിങ്കളാഴ്ചയായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്. ഇതിനായി നഗരത്തിലെ വിവാഹമണ്ഡപവും ബുക്ക് ചെയ്തിരുന്നു. വധു മെഹന്ദിയണിഞ്ഞ് വിവാഹവേഷത്തില്‍ ഒരുങ്ങിയിരുന്നു. ബന്ധുക്കളും വിവാഹസംഘത്തെ സ്വീകരിക്കാനായി കാത്തുനിന്നു.

വരന്റെ ഭാഗത്തുനിന്ന് വൈകിയതോടെ വധുവിന്റെ കുടുംബം ബന്ധുക്കളെ ഫോണില്‍ വിളിച്ചു. വിവാഹസംഘം ഉടന്‍ പുറപ്പെടുമെന്നായിരുന്നു ഓരോ തവണയും ലഭിച്ച മറുപടി. എന്നാല്‍, പുലര്‍ച്ചെ ആറുമണിയായിട്ടും ആരും എത്തിയില്ല.
അര്‍ധരാത്രിക്ക് ശേഷം താര്‍ വേണമെന്ന ആവശ്യത്തില്‍ വരന്റെ കുടുംബം ഉറച്ചുനിന്നതായി വധുവിന്റെ മാതാവ് നാസോ ഖാത്തൂന്‍ പറഞ്ഞു. വിവാഹം നടക്കില്ലെന്നും ബന്ധം അവസാനിപ്പിക്കുകയാണെന്നും അറിഞ്ഞതോടെ മകള്‍ ബോധരഹിതയായെന്നും തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടിവന്നെന്നും അവര്‍ വ്യക്തമാക്കി.

വിവാഹം നിശ്ചയിച്ചതിനുശേഷം വരന്‍ പലതവണ വീട്ടിലെത്തിയിരുന്നുവെന്നും ഒരുതവണ 15 ദിവസം വരെ താമസിച്ചിരുന്നുവെന്നും നാസോ ഖാത്തൂന്‍ പറഞ്ഞു. തുടക്കത്തില്‍ ഒന്നും വേണ്ടെന്നും ലളിതമായ നിക്കാഹ് മതിയെന്നുമാണ് വരനും കുടുംബവും പറഞ്ഞിരുന്നത്. ഏക മകളായതിനാല്‍ തങ്ങളുടെ സാമ്പത്തികശേഷിക്കനുസരിച്ച് ഒരു മോട്ടോര്‍സൈക്കിള്‍ നല്‍കാമെന്ന് അറിയിച്ചപ്പോള്‍ അവര്‍ സമ്മതിക്കുകയും ചെയ്തിരുന്നു.

എന്നാല്‍, വിവാഹദിനത്തില്‍ താര്‍ വേണമെന്ന ആവശ്യവുമായി വരന്റെ കുടുംബം നിലപാട് കടുപ്പിച്ചു. കുടുംബത്തിലെ മുതിര്‍ന്നവര്‍ കൈകൂപ്പി അഭ്യര്‍ഥിച്ചിട്ടും അവര്‍ വഴങ്ങിയില്ലെന്നും വധുവിന്റെ മാതാവ് പറഞ്ഞു.സംഭവമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി കുടുംബത്തില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു.സംഭവത്തില്‍ വധുവിന്റെ കുടുംബം നല്‍കിയ പരാതിയില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

Tags

Share this story

From Around the Web