വചനപ്രഘോഷനും പ്രശസ്ത ഭക്തിഗാന രചയിതാവുമായ ഫാ. മൈക്കിള്‍ പനച്ചിക്കല്‍ വിടവാങ്ങി
കോട്ടയം: വചനപ്രഘോഷണത്തിലൂടെ ആയിരങ്ങളെ ക്രിസ്തു വിശ്വാസത്തിലേക്ക് നയിക്കുകയും മലയാള ക്രൈസ്തവ ഭക്തിഗാനരംഗത്ത് അതുല്യ സംഭാവനകള്‍ നല്‍കുകയും ചെയ്ത ഫാ. മൈക്കിള്‍ പനച്ചിക്കല്‍ വിസി (77) നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടു. വിന്‍സെന്‍ഷ്യന്‍ സന്യാസ സമൂഹത്തിലെ സെന്റ് ജോസഫ് പ്രോവിന്‍സ് അംഗമാണ്. 'തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍ നാവെനിക്കെന്തിന് നാഥാ' എന്ന പ്രസിദ്ധമായ ഗാനം ഉള്‍പ്പെടെ തുടങ്ങിയ എഴുന്നൂറോളം ഭക്തി ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്.
അന്തീനാട് പനച്ചിക്കല്‍ പരേതരായ ദേവസ്യ-ഏലി ദമ്പതികളുടെ മകനാണ്. സംസ്‌കാരം വ്യാഴാഴ്ച കോട്ടയം അടിച്ചിറ പരിത്രാണ ധ്യാനകേന്ദ്രത്തില്‍ നടക്കും. വചനപ്രഘോഷകനും ഗാനരചയിതാവും സാഹിത്യകാരനും മാധ്യമപ്രവര്‍ത്തകനുമെന്ന നിലയില്‍ ഏറെ ശ്രദ്ധ നേടിയ വൈദികനാണ് അദ്ദേഹം. 'നിത്യത തീര്‍ക്കുന്ന നിമിഷങ്ങളില്‍' എന്ന ഗാനമാണ് ആദ്യമായി രചിച്ചത്. വചനോത്സവം മാസികയുടെ സ്ഥാപക പത്രാധിപരായിരുന്നു. നിരവധി നോവലുകളും കഥകളും രചിച്ചിട്ടുണ്ട്. ആത്മാവില്‍ ദരിദ്രര്‍ ഭാഗ്യവാന്മാര്‍, സത്യം നിങ്ങളെ സ്വതന്ത്രരാക്കും. ക്രിസ്തു പരാമര്‍ഥം തുടങ്ങിയവയാണ് പ്രധാന ഗ്രന്ഥങ്ങള്‍.
1974 ഡിസംബര്‍ 19ന് വൈദികനായ ഫാ. മൈക്കിള്‍ പനച്ചിക്കല്‍, അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട പൗരോഹിത്യജീവിതത്തിലൂടെ ഇന്ത്യയിലും വിദേശത്തുമായി ആത്മീ യ നവോത്ഥാന രംഗത്തു പ്രവര്‍ത്തിച്ചു. പോപ്പുലര്‍ മിഷന്‍ ഡയറക്ടര്‍, അടിച്ചിറ പരിത്രാണ ധ്യാനകേന്ദ്ര ഡയറക്ടര്‍, കട്ടപ്പന കൃപാലയ റിട്രീറ്റ് സെന്റര്‍ ഡയറക്ടര്‍, അസിസ്റ്റന്റ് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ എന്നി നിലകളില്‍ അദ്ദേഹം സേവനം ചെയ്തു. പാലാ വിന്‍സെന്‍ഷ്യന്‍ മൈനര്‍ സെമിനാരിയിലും ആലുവ വിന്‍സെന്‍ഷ്യന്‍ വിദ്യാഭവനിലും സ്പിരിച്വല്‍ ഡയറക്ടറായും നോവിസ് മാസ്റ്ററായും പ്രവര്‍ത്തിച്ചു. വിന്‍സെന്‍ഷ്യന്‍ സഭയുടെ കോതമംഗലം, കലൂര്‍, വട്ടപ്പാറ ആശ്രമങ്ങളില്‍ സുപ്പീരിയറായും അങ്കമാലി, തോട്ടകം ആശ്രമങ്ങളില്‍ പ്രൊക്യുറേറ്ററായും സേവനമനുഷ്ഠിച്ചു.
ഇടവക-മിഷന്‍ ശുശ്രൂഷകളില്‍ കോയമ്പത്തൂര്‍ ഹോളി ട്രിനിറ്റി ഫൊറോനയില്‍ അസിസ്റ്റന്റ് വികാരിയായും പാലക്കയം ഇടവകയില്‍ വികാരിയായും സേവനം ചെയ്ത അദ്ദേഹം, ആറ്റിങ്ങല്‍ സെന്റ് ജൂഡ് മിഷന്‍ പള്ളി, നെടുമങ്ങാട് സെന്റ് തോമസ് മിഷന്‍ പള്ളി, കിള്ളി സെന്റ് ജോണ്‍ പോള്‍ രണ്ടാമന്‍ മിഷന്‍ പള്ളി എന്നിവിടങ്ങളില്‍ പ്രീസ്റ്റ്-ഇന്‍-ചാര്‍ജായും പ്രവര്‍ത്തിച്ചു. വചനോത്സവം മാസികയുടെ സ്ഥാപക പത്രാധിപരായിരുന്ന അദ്ദേഹം, പ്രഭാഷകനായും ധ്യാനഗുരുവായും എഴുത്തുകാരനായും പ്രവര്‍ത്തിച്ചു.
സീറോ മലബാര്‍ സഭ വിശുദ്ധ കുര്‍ബാന ടെക്സ്റ്റ് തയാറാക്കിയ കമ്മിറ്റിയില്‍ അംഗമായിരുന്ന അദ്ദേഹം, വിശുദ്ധ കുര്‍ബാനയുടെ ഗാനരചനയിലും ശ്രദ്ധേയ പങ്കുവഹിച്ചു. കെസിബിസി അവാര്‍ഡ്, ശാലോം മീഡിയ അവാര്‍ഡ്, സിസിലിയന്‍ അവാര്‍ഡ്, ഗുഡ്നസ് മീഡിയ അവാര്‍ഡ്, വിന്‍സെന്‍ഷ്യന്‍ ജനറലൈറ്റിന്റെ ലൂമിനസ് അവാര്‍ഡ് തുടങ്ങി നിരവധി അംഗീകാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
സഹോദരങ്ങള്‍: സിസ്റ്റര്‍ ജിസെല്ല (ഉര്‍സുലൈന്‍ ഓഫ് മേരി ഇമ്മാക്കുലേറ്റ് ബംഗളൂരു പ്രൊവിന്‍സ് മുംബൈ), പരേതനായ ജോസഫ്, സിസ്റ്റര്‍ ഫ്രാന്‍സിന (ഉര്‍സുലൈന്‍ ഓഫ് മേരി ഇമ്മാക്കുലേറ്റ് കേരള പ്രൊവിന്‍സ് കോഴിക്കോട്), സിസ്റ്റര്‍ മാത്യൂസ് മേരി സിഎംസി (വെട്ടിമറ്റം), റൂബി ലോപ്പസ്, അച്ചാമ്മ സേവ്യര്‍, പരേതനായ സെബാസ്റ്റ്യന്‍, സിസ്റ്റര്‍ കുഞ്ഞമ്മ (ആന്‍സിലെ സെക്കുലര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എറണാകുളം), ആനി സൈഫി.