ഇവിടെ വന്നാല്‍ ലൈഫ് സെറ്റാകും. ജീവിത നിലവാരത്തില്‍ ഈ രാജ്യം ഏഷ്യയിലെ നമ്പര്‍ വണ്‍
മസ്‌കത്ത്: മികച്ച ജീവിതഗുണനിലവാരമുള്ള രാജ്യങ്ങളില്‍ ഏഷ്യയിലെ നമ്പര്‍ വണായി ഒമാന്‍. അന്താരാഷ്ട്ര ഡാറ്റാബേസ് ഏജന്‍സിയായ നംബിയോ പുറത്തുവിട്ട ക്വാളിറ്റി ഓഫ് ലൈഫ് സൂചികയിലാണ് സുല്‍ത്താനേറ്റിന്റെ നേട്ടം.
ജീവിക്കാന്‍ ഏറ്റവും മികച്ച രാജ്യങ്ങളില്‍ ആഗോളതലത്തില്‍ മൂന്നാം സ്ഥാനവും ഒമാനാണ്.
203.9 സ്‌കോര്‍ ആണ് ഒമാന്‍ നേടിയത്. ആഗോള തലത്തില്‍ നെതര്‍ലന്‍ഡ്സും ലക്‌സംബര്‍ഗുമാണ് ഒമാന് മുന്നിലുള്ളത്.
ഡെന്മാര്‍ക്കിനൊപ്പം ആഗോളതലത്തില്‍ മൂന്നാം സ്ഥാനം സുല്‍ത്താനേറ്റ് പങ്കിട്ടു. ഏഷ്യന്‍ പട്ടികയില്‍ ഖത്തറിനെയും ജപ്പാനെയും പിന്നിലാക്കിയാണ് ഒമാന്‍ ഒന്നാമതെത്തിയത്.
ജനങ്ങളുടെ ജീവിത നിലവാരത്തെ സ്വാധീനിക്കുന്ന വിവിധ ഘടകങ്ങള്‍ പരിശോധിച്ചാണ് റാങ്കിങ് തയ്യാറാക്കുന്നത്. ഉന്നത നിലവാരത്തിലുള്ള പൊതുസുരക്ഷയാണ് ഇവയില്‍ പ്രധാനം.
ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളിലൊന്നായ ഒമാനിലെ ഏറ്റവും കുറഞ്ഞ കുറ്റകൃത്യനിരക്ക് റാങ്കിങ് ഉയര്‍ത്താന്‍ സഹായകരമായി.
പാരിസ്ഥിതിക ശുചിത്വം, കുറഞ്ഞ മലിനീകരണം, അത്യാധുനിക ആരോഗ്യ സംരക്ഷണ സംവിധാനങ്ങള്‍, അനുകൂലമായ കാലാവസ്ഥ എന്നിവയും നേട്ടത്തിന് അടിത്തറയിട്ടു.
വികസിതമായ റോഡ് ശൃംഖല യാത്രാസമയം കുറയ്ക്കുമ്പോള്‍ മിതമായ ജീവിതച്ചെലവും ഒമാനെ താമസിക്കാന്‍ ഏറ്റവും അനുയോജ്യമായ കേന്ദ്രമാക്കി മാറ്റുന്നു.
പ്രോപ്പര്‍ട്ടി വിലയും വരുമാനവും തമ്മിലുള്ള മികച്ച അനുപാതവും സൂചികയില്‍ ഒമാന് അനുകൂല ഘടകങ്ങളായി മാറിയിട്ടുണ്ട്.