‘ഭാര്യമാരെ സംരക്ഷിക്കാൻ കഴിവില്ലെങ്കിൽ ഒന്നിലധികം വിവാഹം കഴിക്കരുത്’; മുസ്ലിം പുരുഷന്മാരോട് ഹൈക്കോടതി

കൊച്ചി: എല്ലാ ഭാര്യമാര്‍ക്കും നീതി ഉറപ്പാക്കാന്‍ സാധിക്കുമെങ്കില്‍ മാത്രമേ മുസ്ലിം പുരുഷന് ഒന്നിലധികം വിവാഹം കഴിക്കാന്‍ അനുവാദമുള്ളൂവെന്ന് കേരള ഹൈക്കോടതി വ്യക്തമാക്കി.
ഭാര്യമാരെ സംരക്ഷിക്കാന്‍ കഴിവില്ലാത്ത ഒരാള്‍ക്ക് രണ്ടാമതൊരു വിവാഹത്തിന് അവകാശമില്ലെന്നും കോടതി നിരീക്ഷിച്ചു.
ഖുര്‍ആനില്‍ പറയുന്നതനുസരിച്ച് എല്ലാ ഭാര്യമാര്‍ക്കും തുല്യ നീതി ഉറപ്പാക്കാന്‍ സാധിക്കുമെങ്കില്‍ മാത്രമേ ഒന്നിലേറെ വിവാഹം കഴിക്കാന്‍ പാടുള്ളൂവെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.
ഭിക്ഷാടനം നടത്തി ജീവിക്കുന്ന പാലക്കാട് സ്വദേശിയായ ഒരാള്‍ മൂന്നാമതും വിവാഹം കഴിക്കാന്‍ ഒരുങ്ങുന്നതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെയാണ് കോടതി ഈ സുപ്രധാന നിരീക്ഷണം നടത്തിയത്.
ഈ വ്യക്തിയുടെ രണ്ടാം ഭാര്യ ജീവനാംശം ആവശ്യപ്പെട്ട് കുടുംബക്കോടതിയില്‍ നല്‍കിയ ഹര്‍ജി കോടതി തള്ളിയിരുന്നു. ഭിക്ഷാടനം നടത്തി ജീവിക്കുന്ന ഒരാള്‍ക്ക് ജീവനാംശം നല്‍കാന്‍ ഉത്തരവിടാനാകില്ലെന്ന കുടുംബക്കോടതിയുടെ നിലപാട് ഹൈക്കോടതി ശരിവച്ചു.
അതേസമയം, മൂന്നാമതും വിവാഹം കഴിക്കാനുള്ള അയാളുടെ നീക്കത്തിന് കോടതി അനുമതി നല്‍കിയില്ല. ഭിക്ഷാടനം ഒരു ഉപജീവന മാര്‍ഗമായി കണക്കാക്കാന്‍ കഴിയില്ലെന്നും, ഇത്തരം ആളുകള്‍ക്ക് സംരക്ഷണം നല്‍കേണ്ടത് സര്‍ക്കാരിന്റെ ചുമതലയാണെന്നും കോടതി ചൂണ്ടിക്കാട്ടി.
ഖുര്‍ആനിലെ വചനങ്ങള്‍ ഉദ്ധരിച്ചുകൊണ്ട്, ഇസ്ലാമില്‍ ബഹുഭാര്യത്വം ഒരു പ്രത്യേക സാഹചര്യത്തില്‍ മാത്രമുള്ളതാണെന്നും, എല്ലാ ഭാര്യമാരെയും തുല്യമായി സംരക്ഷിക്കാന്‍ കഴിവുള്ളവര്‍ക്ക് മാത്രമേ അതിന് അനുവാദമുള്ളൂവെന്നും കോടതി വ്യക്തമാക്കി.