അമ്മയോട് ചോദിച്ചാല്‍ പിതാവ് ആരാണെന്ന് അറിയാം'; വിജയിക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍. ബിജെപി അധ്യക്ഷനെതിരെ പ്രതിഷേധം

 
VIJAY

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ നേതാക്കള്‍ തമ്മിലുള്ള വ്യക്തിപരമായ അധിക്ഷേപങ്ങളും പോരും കടുക്കുകയാണ്. ഇതിനിടെ പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ് ബിജെപി തമിഴ്നാട് അധ്യക്ഷന്‍ നൈനാര്‍ നാഗേന്ദ്രന്‍.

ഇന്ന് ബിജെപി സംസ്ഥാന ആസ്ഥാനമായ കമലാലയത്തില്‍ നടന്ന ചടങ്ങില്‍ സംസാരിക്കവെയാണ് വിജയിയുടെ രാഷ്ട്രീയ പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി നാഗേന്ദ്രന്‍ വിവാദ പ്രസ്താവന നടത്തിയത്. 

ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിന്റെ തെരഞ്ഞെടുപ്പ് പരാജയത്തെ പരാമര്‍ശിച്ച് വിജയ് നിയമസഭയില്‍ 'എവിടെ നിങ്ങളുടെ പിതാവ്?' എന്ന രീതിയില്‍ നടത്തിയ പരിഹാസത്തിനെതിരെ പ്രതികരിക്കവേയാണ് നൈനാര്‍ നാഗേന്ദ്രന്‍ വിജയ്യുടെ അമ്മയ്‌ക്കെതിരെ വിവാദ പരാമര്‍ശം നടത്തിയത്.

 'നിയമസഭയില്‍ ചിലര്‍ പിതാവിനെ തിരയുകയാണ്. എന്നാല്‍ വീട്ടിലെ അമ്മയോട് ചോദിച്ചാല്‍ മാത്രമേ പിതാവ് ആരാണെന്ന് അറിയാന്‍ കഴിയൂ. നിയമസഭയില്‍ തിരഞ്ഞാല്‍ ആരാണ് അത് വെളിപ്പെടുത്തുക? ഇതാണ് ഇപ്പോഴത്തെ സര്‍ക്കാരിന്റെ അവസ്ഥ,' എന്നായിരുന്നു നാഗേന്ദ്രന്റെ വിവാദപരമായ വാക്കുകള്‍.

മുഖ്യമന്ത്രിയുടെ കുടുംബാഗങ്ങളെ ലക്ഷ്യമിട്ടുകൊണ്ടുള്ള പരാമര്‍ശം രാഷ്ട്രീയ മര്യാദകളുടെ ലംഘനമാണെന്ന് ബിജെപിയും കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികളും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. 

തികച്ചും അധിക്ഷേപകരമായ പരാമര്‍ശമാണെന്നും തെരുവ് കോണുകളില്‍ പ്രസംഗിക്കുന്നവരെപ്പോലെയാണ് അദ്ദേഹം സംസാരിച്ചത് എന്നിങ്ങനെ നിരവധി വിമര്‍ശനനവും നാഗേന്ദ്രനെതിരെ ഉയരുന്നുണ്ട്. 

വിവാദ പരാമര്‍ശത്തിന് പിന്നാലെ നാഗേന്ദ്രനെ തള്ളിപ്പറഞ്ഞ് തമിഴ്‌നാട് ബിജെപി മുന്‍ അധ്യക്ഷന്‍ കെ.അണ്ണാമലൈയും രംഗത്തെത്തിയിട്ടുണ്ട്. ഇത്തരം പ്രസ്താവനകള്‍ അപലപനീയമാണെന്നായിരുന്നു അദ്ദേഹത്തിന്റെ എക്‌സ് പോസ്റ്റ്.

Tags

Share this story

From Around the Web