‘വേറെ വഴിയില്ലെങ്കിൽ ഇവിടെ സംസ്കരിക്കും’; സിക്കിം തുരന്തത്തിൽ മരിച്ച അനീഷ് മോഹന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിൽ അനിശ്ചിതത്വം
കോട്ടയം: സിക്കിമിൽ ജലവൈദ്യുതപദ്ധതിയുടെ തുരങ്കം തകർന്നുണ്ടായ ദുരന്തത്തിൽ മരിച്ച കോട്ടയം പാമ്പാടി പത്താഴക്കുഴി സ്വദേശിയും ജിയോളജിസ്റ്റുമായ കൂരോത്തുപറമ്പിൽ അനീഷ് മോഹന്റെ (43) മൃതദേഹം തിരിച്ചറിഞ്ഞു. സഹോദരൻ ബിനീഷ്, ഭാര്യ സംഗീത എന്നിവരാണ് മൃതദേഹം തിരിച്ചറിഞ്ഞത്. എന്നാൽ മൃതദേഹം നാട്ടിലെത്തിക്കുന്നതിൽ കടുത്ത അനിശ്ചിതത്വം തുടരുകയാണെന്ന് കുടുംബം പറയുന്നു.
"മൃതദേഹം നാട്ടിലെത്തിക്കാൻ നോക്കിയ എല്ലാ വഴികളും അടയുകയാണ്. വേറെ വഴിയില്ലെങ്കിൽ അദ്ദേഹത്തെ ഇവിടെ സംസ്കരിക്കും. അതിന്റെ വേദനയിലാണ് ഞങ്ങൾ,"– അനീഷ് മോഹന്റെ ഭാര്യ സംഗീത സദാനന്ദൻ വിങ്ങിപ്പൊട്ടി.
അനീഷിന്റെ സഹോദരൻ ബിനീഷ് മോഹൻ, ഭാര്യാസഹോദരൻ സനൽ, സുഹൃത്ത് സാബി ബേബി എന്നിവർ തിങ്കളാഴ്ച തന്നെ സ്ഥലത്ത് എത്തിയിരുന്നു. മൃതദേഹം ലഭിച്ചെങ്കിലും സിക്കിം അധികൃതരും ആരോഗ്യവിഭാഗവും നടപടികൾ വൈകിപ്പിച്ചതായി കുടുംബം ആരോപിച്ചു. മരിച്ച് 72 മണിക്കൂർ കഴിഞ്ഞതിനാൽ വിമാനത്തിൽ കൊണ്ടുപോകുന്നതിനുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകില്ലെന്നായിരുന്നു ആരോഗ്യ വിഭാഗത്തിന്റെ നിലപാട്. കേരള മുഖ്യമന്ത്രിയുടെ ഓഫീസ്, കേന്ദ്രമന്ത്രി സുരേഷ് ഗോപി, ഫ്രാൻസിസ് ജോർജ് എംപി, ചാണ്ടി ഉമ്മൻ എംഎൽഎ, നോർക്ക എന്നിവർ ഇടപെട്ട ശേഷമാണ് സിക്കിം അധികൃതർ നടപടികൾ ആരംഭിച്ചതെന്ന് കുടുംബം വ്യക്തമാക്കി. എങ്കിലും മൃതദേഹം എങ്ങനെ നാട്ടിലെത്തിക്കുമെന്നതിൽ ഇതുവരെയും വ്യക്തതയില്ല.
അപൂർവ്വമായ അറിവുകൾ ലളിതമായി പങ്കുവെച്ച് ശ്രദ്ധേയനായ 'സയന്റിഫിക് മലയാളി' എന്ന ജനപ്രിയ യൂട്യൂബ് ചാനലിന്റെ ഉടമയാണ് അനീഷ് മോഹൻ. ആറു വർഷമായി മുടങ്ങാതെ വീഡിയോകൾ പോസ്റ്റ് ചെയ്തിരുന്ന ഈ ചാനലിന് 2.75 ലക്ഷത്തിലധികം സബ്സ്ക്രൈബേഴ്സ് ഉണ്ട്. ആകെ 203 വീഡിയോകളാണ് അദ്ദേഹം പങ്കുവെച്ചിട്ടുള്ളത്.
തന്റെ യൂട്യൂബ് ചാനൽ ഡിസ്ക്രിപ്ഷനിൽ അനീഷ് കുറിച്ച ഈ വാക്കുകൾ ഇപ്പോൾ ആരാധകരെ കണ്ണീരിലാഴ്ത്തുകയാണ്:
‘ഇവിടെ, ഈ ജനാലയിലൂടെയാണ് അനീഷ് മോഹൻ ലോകത്തോടു കഥകൾ പറയുന്നത്. അപ്പോൾ നിങ്ങൾ ചോദിച്ചേക്കാം ആരാണ് ഈ അനീഷ് മോഹൻ എന്ന്?... ചോദ്യം കൊള്ളാം... പക്ഷേ, ആ ചോദ്യം ഇവിടെ തികച്ചും അപ്രസക്തമാണ്. പ്രസക്തമായതു കഥകൾ മാത്രമാണ്... കഥകൾ... മനുഷ്യന്റെ കഥകൾ... നിഗൂഢതകൾ ഒളിപ്പിച്ച അസ്ഥിപേടകവും ചുമന്നുനടന്ന് ആ ഇരുകാലിമൃഗം തീർത്ത വിസ്മയങ്ങളുടെ കഥകൾ... അവൻ സൃഷ്ടിച്ച ദൈവങ്ങളുടെയും ചെകുത്താന്മാരുടെയും കഥകൾ.. അവൻ ആകാശവും അതിലെ നക്ഷത്രങ്ങളും അളന്നു തീർത്തതിന്റെ കഥകൾ... അവൻ ചോരപ്പുഴകൾ ഒഴുക്കി ഭൂമിയെ ഋതുമതിയാക്കിയ കഥകൾ... കഥകൾ... ഒരായിരം കഥകൾ’
പറഞ്ഞു തീരാത്ത ഒരായിരം കഥകൾ ബാക്കിയാക്കിയാണ് അനീഷ് മോഹൻ എന്ന പ്രകൃതിസ്‌നേഹിയും കഥാകാരനും യാത്രയായത്. ഈ വിടപറച്ചിൽ സയന്റിഫിക് മലയാളിയെ അടുത്തറിഞ്ഞവരുടെയും പ്രിയപ്പെട്ടവരുടെയും ഹൃദയങ്ങളിൽ വലിയ നൊമ്പരമായി അവശേഷിക്കുകയാണ്.