കാലം ചെല്ലുന്തോറും വീഞ്ഞിനു വീര്യം കൂടും എന്നാണെങ്കില്‍ കാലം ചെല്ലുന്തോറും കെട്ടു പോകുന്ന വീഞ്ഞായി വിഎം സുധീരന്‍ മാറുന്നു. വിമര്‍ശനമായി സാമൂഹ്യ നിരീക്ഷകന്‍ ടി അരുണ്‍കുമാര്‍
കോട്ടയം: കാലം ചെല്ലുന്തോറും വീഞ്ഞിനു വീര്യം കൂടും എന്നാണെങ്കില്‍ കാലം ചെല്ലുന്തോറും കെട്ടു പോകുന്ന വീഞ്ഞായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍ മാറുന്നു.
മദ്യനയത്തില്‍ സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കാന്‍ നോക്കുന്ന വി.എം സുധീരനെതിരെ വിമര്‍ശനമായി എഴുത്തുകാരന്‍ ടി. അരുണ്‍കുമാര്‍.
മദ്യത്തില്‍ ആണ്ടു മുങ്ങുന്ന സമൂഹത്തെ രക്ഷിക്കാന്‍ ഉയര്‍ത്തെണീറ്റു നില്‍ക്കുന്ന ഏക മദ്യവിരുദ്ധ മിശിഹ എന്ന സങ്കല്‍പ്പനത്തിന്റെ 'കിക്ക്' അദ്ദേഹത്തെ വിട്ടു പോകുന്നില്ല.
കുറഞ്ഞ പക്ഷം ഓപ്പറേഷന്‍ തൂഫാനില്‍ പിടിച്ചെടുക്കപ്പെടുന്ന ലഹരിയുടെ അളവും അതിലെ പ്രതികളുടെ ശരാശരി പ്രായവും അദ്ദേഹത്തെ അലോസരപ്പെടുത്തേണ്ടതായിരുന്നു.
ദൗര്‍ഭാഗ്യവശാല്‍ അതു സംഭവിക്കുന്നില്ല. സ്വര്‍ഗീയ ദൈവരാജ്യ സങ്കല്‍പ്പങ്ങളില്‍ പോലും പ്രധാന അട്രാക്ഷന്‍ മദ്യമാണ് എന്ന് അദ്ദേഹം ചിന്തിക്കുന്നില്ല.
സ്വര്‍ഗത്തില്‍ ഒഴിവാക്കാന്‍ കഴിയാത്തത് എങ്ങനെ ഭൂമിയില്‍ ഒഴിവാക്കപ്പെടും എന്നതൊരു ചോദ്യമാണ്.
കേരളത്തില്‍ മദ്യത്തിന്റെ പേരിലുള്ള ടാക്‌സ് ലൂട്ടിങ് ഇല്ലാതാവണം. ഉത്പാദനച്ചെലവിന്റെ ഇരട്ടികള്‍ കൊടുത്താണ് ഉപഭോക്താവു മദ്യം വാങ്ങുന്നത്. ആരോഗ്യകരമായ ഒരു മദ്യപാന സംസ്‌കാരം സമൂഹത്തില്‍ രൂപപ്പെട്ടു വരാനാണ് എക്‌സൈസ് വകുപ്പ് മുന്‍കൈ എടുക്കേണ്ടത്.
ഈ സാഹചര്യത്തില്‍ വീര്യം കുറഞ്ഞ റെഡി-ടു-ഡ്രിങ്ക് മദ്യങ്ങള്‍ അതായത് ആല്‍ക്കഹോള്‍ അളവ് വളരെ കുറവുള്ള (സാധാരണയായി 4% മുതല്‍ 8% വരെ മാത്രം) വൈന്‍ കൂളറുകള്‍, ഫ്‌ലേവേര്‍ഡ് ബീയറുകള്‍, കോക്ടെയിലുകള്‍ എന്നിവ പ്രോത്സാഹിപ്പിക്കപ്പെടണം. അതിനു നികുതി കുറച്ച നടപടി സ്വാഗതാര്‍ഹമാണ്.
കേരളത്തില്‍ വിറ്റഴിക്കപ്പെടുന്ന മദ്യത്തിന്റെ വലിയൊരു പങ്കും 40% മുകളില്‍ വീര്യമുള്ള മദ്യങ്ങളാണ്. ഉയര്‍ന്ന വീര്യമുള്ള മദ്യം പെട്ടെന്ന് അമിത ലഹരിയിലേക്കും മറ്റ് അനന്തര ഫലങ്ങളിലേക്കും നയിക്കുന്നു.
എന്നാല്‍ വീര്യം കുറഞ്ഞ റെഡി-ടു-ഡ്രിങ്ക് പാനീയങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുമ്പോള്‍, കടുത്ത ലഹരിയോടുള്ള ആസക്തി കുറയ്ക്കാനും കൂടുതല്‍ സുരക്ഷിതമായ ഒരു മദ്യപാന സംസ്‌കാരം വളര്‍ത്താനും സാധിക്കും എന്നതാണു വസ്തുത.
മറ്റൊന്ന് റെഡി-ടു-ഡ്രിങ്ക് പാനീയങ്ങള്‍ ക്യാനുകളിലോ കുപ്പികളിലോ ആണു വരുന്നത്. അതിനാല്‍ താന്‍ എത്രത്തോളം ആല്‍ക്കഹോള്‍ ശരീരത്തില്‍ എത്തിക്കുന്നു എന്ന് ഉപഭോക്താവിനു കൃത്യമായ ബോധ്യമുണ്ടാകും.
വീര്യം കുറഞ്ഞതും ഗുണമേന്മയുള്ളതുമായ ഇവ മിതമായ വിലയില്‍ ഔട്ട്ലെറ്റുകള്‍ വഴിയോ കഫേകള്‍ വഴിയോ നിയമപരമായി ലഭ്യമാക്കിയാല്‍ ആളുകള്‍ ഹാര്‍ഡ് ലിക്വര്‍, മറ്റു രാസ ലഹരികള്‍ പോലുള്ള മറ്റു മാരകമായ ലഹരിവസ്തുക്കളിലേക്കോ തിരിയുന്നത് ഒരു പരിധി വരെ തടയാന്‍ കഴിയും. നിരോധനമല്ല റെഗുലേഷന്‍ ആണു വേണ്ടത് എന്നര്‍ഥം.
കേരളത്തില്‍ സുലഭമായി ലഭിക്കുന്ന ചക്ക, മാങ്ങ, കശുവണ്ടിപ്പഴം, കൈതച്ചക്ക തുടങ്ങിയ പഴവര്‍ഗങ്ങളില്‍ നിന്നും തെങ്ങില്‍ നിന്നും വീര്യം കുറഞ്ഞ വൈനുകളും റെഡി-ടു-ഡ്രിങ്ക് പാനീയങ്ങളും ഉത്പാദിപ്പിക്കാം.
കേരളത്തിന്റെ മൂട്ടില്‍ കിടക്കുന്ന ശ്രീലങ്ക പോലുള്ള രാജ്യങ്ങള്‍ പോലും അവരുടെ ലോക്കല്‍ ഡ്രിങ്ക് ആഗോളീയമായി ബ്രാന്‍ഡ് ചെയ്യുന്നു എന്നതാണു മനസിലാവുന്നത്.
കേരളത്തില്‍ എത്തുന്ന അന്താരാഷ്ട്ര-ആഭ്യന്തര സഞ്ചാരികള്‍ സാധരണ മദ്യത്തേക്കാള്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നതു പ്രകൃതിദത്തമായ വൈനുകളും വീര്യം കുറഞ്ഞ ഫ്‌ലേവേര്‍ഡ് പാനീയങ്ങളുമാണ്. ഇത്തരം ഉത്പന്നങ്ങളുടെ ലഭ്യത ടൂറിസം രംഗത്തെ വരുമാനം വര്‍ധിപ്പിക്കാന്‍ സഹായിക്കും.
മദ്യനിരോധനമുള്ള ഇടങ്ങളിലെല്ലാം പഞ്ചനക്ഷത്ര ഹോട്ടലുകളില്‍, പ്രത്യേക പെര്‍മിറ്റ് ഉള്ളവര്‍ക്ക് ഒക്കെ മദ്യം ലഭിക്കുമെന്നാണ് അറിവ്. വി.എം. സുധീരനു മദ്യപിക്കാതിരിക്കാന്‍ അവകാശമുണ്ട്. പക്ഷെ ഇന്‍കം ടാക്‌സ് അടയ്ക്കുന്നവര്‍ മാത്രം മദ്യം രുചിച്ചാല്‍ മതി എന്നത് എന്തു നിലപാടാണ് ?
കുറഞ്ഞ പക്ഷം ഏതു പെട്ടിക്കടയിലും നല്ല ഒന്നാന്തരം മദ്യം സുലഭമായി ലഭിക്കുന്ന ഭൂട്ടാന്‍ പോലുള്ള കൊച്ച് രാജ്യങ്ങള്‍ അദ്ദേഹം സന്ദര്‍ശിക്കണം. മറ്റൊരു മദ്യപാന സംസ്‌കാരം ലോകത്ത് നില നില്‍ക്കുന്നുണ്ട് എന്ന് അദ്ദേഹത്തിന് അപ്പോള്‍ മനസിലാവും. അതിനുള്ള ' സ്പിരിറ്റ്' അദ്ദേഹത്തിന് ഉണ്ടാവട്ടെ എന്നും അരുണ്‍കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു.