യുദ്ധം തുടരുകയാണെങ്കിൽ 2030-ഓടെ സുഡാനിലെ 60% ജനങ്ങളും കടുത്ത ദാരിദ്ര്യത്തിലാകും: മുന്നറിയിപ്പുമായി യുഎൻ

 
Sudan

ആഭ്യന്തര യുദ്ധം നാലാം വർഷത്തിലേക്ക് കടക്കുന്ന സുഡാനിൽ, ഉടനടി സമാധാനം പുന:സ്ഥാപിച്ചില്ലെങ്കിൽ രാജ്യം, ചരിത്രം കണ്ട ഏറ്റവും വലിയ ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തുമെന്ന് മുന്നറിയിപ്പ് നൽകി ഐക്യരാഷ്ട്രസഭ. ഐക്യരാഷ്ട്രസഭ വികസന പദ്ധതി (UNDP) പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം, 2030-ഓടെ രാജ്യത്തെ 60% ജനങ്ങളും (ഏകദേശം 5.2 കോടി ആളുകൾ) അതിദാരിദ്ര്യത്തിന്റെ പിടിയിലാകും എന്ന് മുന്നറിയിപ്പ് നൽകുന്നു.

2023-ൽ മാത്രം സുഡാന്റെ ആഭ്യന്തര ഉൽപ്പാദനത്തിൽ (GDP) 6.4 ബില്യൺ ഡോളറിന്റെ കുറവുണ്ടായി. യുദ്ധം 2030 വരെ നീണ്ടുനിന്നാൽ സമ്പദ്‌വ്യവസ്ഥയ്ക്ക് 34.5 ബില്യൺ ഡോളറിന്റെ കൂടി നഷ്ടമുണ്ടാകുമെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. യുദ്ധത്തിന് മുൻപ് 38 ശതമാനമായിരുന്ന ദാരിദ്ര്യനിരക്ക് നിലവിൽ 70 ശതമാനത്തോളമായി ഉയർന്നു. ഇതിൽ അതിദാരിദ്ര്യം അനുഭവിക്കുന്നവരുടെ എണ്ണം ആശങ്കാജനകമായ രീതിയിൽ വർധിക്കുകയാണ്.


ഏകദേശം 2.4 കോടി ആളുകൾ നിലവിൽ ഭക്ഷ്യക്ഷാമം നേരിടുന്നുണ്ട്. അതേസമയം കൃഷിനാശവും അടിസ്ഥാന സൗകര്യങ്ങളുടെ തകർച്ചയും പ്രതിസന്ധി ഇരട്ടിയാക്കി. “ഇത് വെറുമൊരു പ്രതിസന്ധിയല്ല, ഒരു രാജ്യത്തിന്റെ ഭാവി തന്നെ വ്യവസ്ഥാപിതമായി ഇല്ലാതാക്കപ്പെടുകയാണ്. ഓരോ മാസം യുദ്ധം നീളുമ്പോഴും അത് പരിഹരിക്കാനുള്ള ചിലവും ബുദ്ധിമുട്ടും വർധിച്ചുകൊണ്ടിരിക്കും,” – UNDP സുഡാൻ പ്രതിനിധി ലൂക്ക റെൻഡ പറയുന്നു.

Tags

Share this story

From Around the Web