സഭയ്ക്ക് ബി.ജെ.പി വിരുദ്ധ നിലപാടാണെങ്കില്‍, തിരിച്ചും അതേ നിലപാടെടുക്കേണ്ടി വരും,ചിലര്‍ക്കായി വിടുപണി ചെയ്യുന്നവര്‍ സഭയിലുണ്ടെന്നും ഷോണ്‍ ജോര്‍ജിന്റെ അധിക്ഷേപം
കോട്ടയം: എഫ്.സി.ആര്‍.എ ബില്ലില്‍ ഉടക്കി ക്രൈസ്തവ സമൂഹം ബി.ജെ.പിയെ തെരഞ്ഞെടുപ്പില്‍ കൈവിട്ടോ. തെരഞ്ഞെടുപ്പിനു ശേഷം ബി.ജെ.പി നേതാക്കള്‍ നടത്തുന്ന പ്രതികരണങ്ങള്‍ നിരാശയുടെതും ഭീഷണിയുടേതും.
സഭയ്ക്കു ബി.ജെ.പി വിരുദ്ധ നിലപാടാണെങ്കില്‍, തിരിച്ചും അതേ നിലപാടെടുക്കേണ്ടി വരും, ചിലര്‍ക്കായി വിടുപണി ചെയ്യുന്നവര്‍ സഭയിലുണ്ടെന്നും സഭയ്‌ക്കെതിരെ ആഞ്ഞടിച്ച് പാലായിലെ ബി.ജെ.പി സ്ഥാനാര്‍ഥി ഷോണ്‍ ജോര്‍ജ് പറഞ്ഞിരുന്നു. ട്രെന്‍ഡ് തങ്ങള്‍ക്ക് അനുകൂലമല്ലെന്ന് കാണ്ടാണ് ഷോണിന്റെ അധിക്ഷേപങ്ങളും ഭീഷണിയുമെന്നു ക്രൈസ്തവര്‍ പറയുന്നു.
മുൻപ് പൂഞ്ഞാറിലെ എന്‍.ഡി.എ സ്ഥാനാര്‍ഥിയും ഷോണിന്റെ പിതാവുമായ പി.സി. ജോര്‍ജും ക്രൈസ്തവ മതമേലധ്യക്ഷന്‍മാരെ അധിഷേപിച്ചിരുന്നു. കുറച്ചു പിതാക്കന്മാര്‍ കോണ്‍ഗ്രസ് വരണമെന്ന അബദ്ധവിചാരവുമായി നടക്കുകയാണെന്നും അവര്‍ ഇതിനപ്പുറത്തെ വര്‍ത്തമാനം പറയുമെന്നുമായിരുന്നു ജോര്‍ജിന്റെ പ്രസ്താവന. താന്‍ ഇത് പരിഗണിക്കുന്നില്ല, ക്രിസ്ത്യാനികളും പരിഗണിക്കില്ല. കുറച്ചു പിതാക്കന്മാര്‍ എന്ത് ഊളത്തരവും പറഞ്ഞു നടക്കുകയാണ്. ബി.ജെ.പിയുടെ മാന്യതകൊണ്ടാണ് ക്രിസ്ത്യാനികളെ ചുമന്നുകൊണ്ടുനടക്കുന്നതെന്നും ജോര്‍ജ് പറഞ്ഞു. ഇതും തെഞ്ഞെടുപ്പില്‍ ബി.ജെ.പിയെ ക്രൈസ്തവര്‍ കൈവിടാന്‍ കാരണമായി എന്ന വിലയിരുത്തലാണുള്ളത്. ഇപ്പോള്‍ പിതാവിനു പിന്നാലെ മകന്റെയും പ്രസ്താവനക ക്രൈസ്തവ വോട്ടുകള്‍ നഷ്ടപ്പെടുമെന്ന ആശങ്കയിലാണെന്നാണ് വിമര്‍ശനം.
എഫ്.സി.ആര്‍.എ വിഷയത്തില്‍ ഇടഞ്ഞു നില്‍ക്കുന്ന ക്രൈസ്തവ സഭകളെ അനുനയിപ്പിക്കാന്‍ അവസാന ശ്രമത്തിലാണ് ബി.ജെ.പി. ആശങ്ക പരിഹരിക്കാന്‍ ഈ മാസം 20ന് ഡല്‍ഹിയില്‍ ക്രൈസ്തവസഭാ നേതൃത്വവുമായി ബി.ജെ.പി കേന്ദ്ര നേതൃത്വം ചര്‍ച്ച നടത്തുമെന്ന ഉറപ്പാണ് ഇപ്പോള്‍ സംസ്ഥാന നേതൃത്വം നല്‍കുന്നത്. ന്യൂനപക്ഷ മന്ത്രി കിരണ്‍ റിജിജുവുമായി ക്രൈസ്തവ സഭാ പ്രതിനിധികള്‍ക്കു കഴിഞ്ഞദിവസം കേരളത്തില്‍ ചര്‍ച്ചക്കു വഴിയൊരുക്കിയിരുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ വിശദ ചര്‍ച്ചക്ക് വഴിയൊരുക്കാമെന്ന ഉറപ്പുനല്‍കിയും ക്രൈസ്തവ വോട്ടുകള്‍ നേടിയെടുക്കാനുള്ള നീക്കം ബി.ജെ.പി സജീവമാക്കുന്നു. എന്നാല്‍, ഷോണിന്റെ വിമര്‍ശനം കൂടി വന്നതോടെ ക്രൈസ്തവ സഭകള്‍ ഈ നീക്കങ്ങള്‍ വിശ്വാസത്തിലെടുക്കുമോ എന്നാണ് ഇനി അറിയാനുള്ളത്.