"സുവിശേഷം പ്രസംഗിക്കുന്നതിന്റെ പേരിൽ ആരെങ്കിലും തന്നെ വിമർശിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അവർ അത് സത്യസന്ധമായി ചെയ്യട്ടെ:ലിയോ പാപ്പ
May 6, 2026, 21:01 IST
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തനിക്കെതിരെ നടത്തിയ വിമർശനാത്മക പരാമർശങ്ങൾക്ക് മറുപടിയുമായി ലിയോ പതിനാലാമൻ പാപ്പ. ചൊവ്വാഴ്ച വൈകുന്നേരം കാസ്റ്റൽ ഗാൻഡോൾഫോയിൽ നിന്ന് റോമിലേക്ക് മടങ്ങുന്നതിന് മുമ്പ് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സുവിശേഷം അറിയിക്കുക എന്നതിലുപരി സമാധാനം പ്രസംഗിക്കുക എന്നതാണ് സഭയുടെ പ്രധാന ദൗത്യമെന്ന് പാപ്പ വ്യക്തമാക്കി. "സുവിശേഷം പ്രസംഗിക്കുന്നതിന്റെ പേരിൽ ആരെങ്കിലും തന്നെ വിമർശിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അവർ അത് സത്യസന്ധമായി ചെയ്യട്ടെ, എന്ന് ലിയോ പതിനാലാമൻ പാപ്പ പറഞ്ഞു. ഇറാന്റെ ആണവായുധ മോഹങ്ങളെ താൻ പിന്തുണയ്ക്കുന്നുവെന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആരോപണത്തെ അദ്ദേഹം പാടെ തള്ളി. ആണവായുധങ്ങൾക്കെതിരെ സഭ എന്നും കർക്കശമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്ന് പാപ്പ ഓർമ്മിപ്പിച്ചു. അതേസമയം യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുള്ള കൂടിക്കാഴ്ചയിൽ പരസ്പര വിശ്വാസത്തോടും തുറന്ന മനസ്സോടും കൂടിയുള്ള ഒരു സംവാദമാണ് താൻ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.